ഇടുക്കി അണക്കെട്ട് ഇന്ന് വീണ്ടും തുറക്കാന്‍ സാധ്യത; ജില്ലയിലെ വിനോദ സഞ്ചാരം നിരോധിച്ചു

Posted on: October 5, 2018 9:25 am | Last updated: October 5, 2018 at 12:11 pm

തൊടുപുഴ: അതിശക്തമഴയുടെ സാഹചര്യത്തില്‍ ഇടുക്കി ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകള്‍ വീണ്ടും തുറക്കാന്‍ സാധ്യത. ഇന്ന് രാവിലെ പത്തിന് കലക്ട്രേറ്റില്‍ ചേരുന്ന അവലോകന യോഗത്തില്‍ ഇത് സംബന്ധിച്ച തീരുമാനമെടുക്കും.

ചെറുതോണി അണക്കെട്ടില്‍ ഇന്ന് മുതല്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം തുടങ്ങും. അണക്കെട്ടില്‍നിന്നും കുറഞ്ഞ അളവില്‍ വെള്ളം പുറത്തേക്ക് വിടാനുള്ള സാധ്യതയാണ് പരിഗണിക്കുന്നത്. ഇടുക്കിയില്‍ ഇന്ന് മുതല്‍ യാത്രാ നിയന്ത്രണം നിലവില്‍ വരുന്നതിന് പുറമെ ജില്ലയിലെ വിനോദ സഞ്ചാരം പൂര്‍ണമായി നിരോധിച്ചിട്ടൂണ്ട്. അതേ സമയം മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് വ്യാഴാഴ്ച 130 അടിയായി ഉയര്‍ന്നിരുന്നു. വ്യഷ്ടി പ്രദേശത്ത് കനത്ത മഴ തുടരുന്നത് ജലനിരപ്പ് വീണ്ടും ഉയര്‍ത്തും.