ഷാ ഷോ; രാജ്‌കോട്ടില്‍ ഇന്ത്യന്‍ ആധിപത്യം

Posted on: October 4, 2018 11:48 am | Last updated: October 4, 2018 at 7:49 pm

രാജ്‌കോട്ട്: അരങ്ങേറ്റ ടെസ്റ്റില്‍ സെഞ്ച്വറി നേടിയ പൃഥ്വി ഷായുടേയും അര്‍ധ സെഞ്ച്വറി നേടിയ ചേതേശ്വര്‍ പൂജാരയുടേയും ക്യാപ്റ്റന്‍ വിരാട് കോഹ് ലിയുടേയും ബാറ്റിംഗ് മികവില്‍ വിന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റിന്റെ ആദ്യ ദിനത്തില്‍ ഇന്ത്യന്‍ ആധിപത്യം. ആദ്യ ദിനം കളിയവസാനിപ്പിക്കുമ്പോള്‍ ഇന്ത്യ ഒന്നാം ഇന്നിംഗ്‌സില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 364 റണ്‍സെടുത്തിട്ടുണ്ട്. 72 റണ്‍സുമായി കോഹ്‌ലിയും 17 റണ്‍സുമായി ഋഷഭ് പന്തുമാണ് ക്രീസില്‍.

പൃഥ്വി ഷായുടെ തകര്‍പ്പന്‍ സെഞ്ച്വറിയാണ് ആദ്യ ദിവസത്തെ പ്രത്യേകത. 154 പന്തില്‍ 19 ബൗണ്ടറികള്‍ സഹിതം 134 റണ്‍സാണ് തന്റെ കന്നി ടെസ്റ്റില്‍ ഷാ വാരിയത്. ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ഓവറിന്റെ അവസാന പന്തില്‍ കെ എല്‍ രാഹുല്‍ റണ്ണൊന്നുമെടുക്കാതെ മടങ്ങിയത് ഇന്ത്യന്‍ ആരാധകര്‍ ഞെട്ടലോടെയാണ് കണ്ടുനിന്നത്.

എന്നാല്‍, പിന്നീട് പുജാരയും ഷായും ചേര്‍ന്ന് സ്‌കോര്‍ ബോര്‍ഡ് അനായാസം ചലിപ്പിച്ചു. ഏകദിന ശൈലിയിലായിരുന്നു ഷായുടെ ബാറ്റിംഗ്. 99 പന്തുകളില്‍ 15 ബൗണ്ടറികള്‍ സഹിതം താരം സെഞ്ച്വറി കുറിച്ചു. ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി അടക്കമുള്ളവര്‍ കൈയടിയോടെ സെഞ്ച്വറി നേട്ടം ആഘോഷിച്ചു. പുജാരയും ഷായും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 206 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. ഇന്ത്യന്‍ സ്‌കോര്‍ 209ല്‍ നില്‍ക്കെ 86 റണ്‍സുമായി പൂജാര മടങ്ങി. പിന്നാലെ ഷായും.

ഷായും പുജാരയും പുറത്തായതോടെ കോഹ്‌ലിയും രഹാനെയും ഒരുമിച്ചു. ഇരുവരും നാലാം വിക്കറ്റില്‍ 105 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 41 റണ്‍സെടുത്ത രഹാനെയെ പുറത്താക്കി ചെയ്‌സ് ഈ കൂട്ടുകെട്ട് പൊളിച്ചു. പിന്നീട്, പ്ന്തും കോഹ്‌ലിയും ചേര്‍ന്ന് ഇന്നിംഗ്‌സ് മുന്നോട്ടു നയിച്ചു.

അരങ്ങേറ്റ ടെസ്റ്റില്‍ സെഞ്ച്വറി നേടുന്ന 13ാമത്തെ ഇന്ത്യന്‍ താരമാണ് ഷാ. ടെസ്റ്റില്‍ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ താരമെന്ന റെക്കോര്‍ഡും അരങ്ങേറ്റത്തില്‍ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡും ഷാ സ്വന്തമാക്കി.

ജൂനിയര്‍ ടീമിന്റെ മുന്‍ ക്യാപ്റ്റനും ഓപ്പണിങ് ബാറ്റ്‌സ്മാനുമായ പൃഥ്വി ഷാ ഇംഗ്ലണ്ടിനെതിരേ അവസാനമായി നടന്ന ടെസ്റ്റ് പരമ്പരയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നെങ്കിലും പ്ലെയിംഗ് ഇലവനില്‍ അവസരം ലഭിച്ചിരുന്നില്ല. ശിഖര്‍ ധവാന് പകരക്കാരനായാണ് പൃഥ്വി ഈ ടെസ്റ്റില്‍ ടീമിലില്‍ ഇടംപിടിച്ചത്.