വടകരയില്‍ സിപിഎം നേതാവിന് വീടിന് നേരെ ബോംബേറ്

Posted on: October 4, 2018 9:36 am | Last updated: October 4, 2018 at 11:32 am

കോഴിക്കോട്: വടകരയില്‍ സിപിഎം നേതാവിന് വീടിന് നേരെ ബോംബേറ്. ലോക്കല്‍ കമ്മിറ്റി അംഗം കാനപ്പള്ളി ബാലകൃഷ്ണന്റെ വീടിന് നേരെയാണ് ബോംബേറുണ്ടായത്. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. ബോംബേറില്‍ വീടിന്റെ മുകള്‍ നിലയിലെ വാതിലും മറ്റും തകര്‍ന്നു. ബിജെപിയാണ് ആക്രമണത്തിന് പിന്നിലെന്ന് സിപിഎം ആരോപിച്ചു.

കഴിഞ്ഞ ദിവസം ഈ വീടിന് തൊട്ടടുത്തുള്ള യുവമോര്‍ച്ച നേതാവിന്റെ വീടിന് നേരെ ആക്രമണമുണ്ടായിരുന്നു. യുവമോര്‍ച്ച വടകര മണ്ഡലം സെക്രട്ടറി കുളങ്ങരത്ത് പുണര്‍തം വീട്ടില്‍ വി കെ നിധിന്റെ വീടിനു നേരെയാണ് ബോംബെറിഞ്ഞത്.

ബോംബേറില്‍ വീടിന്റെ മുന്‍വശത്തെ ചുമരുകള്‍ക്കും ജനല്‍പാളികള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. കിടപ്പ് മുറികളുടെ ഭാഗത്ത് ബോംബ് പതിക്കാത്തതിനാല്‍ ആളപായം ഒഴിവായി. ശബ്ദം കേട്ട് വീട്ടുകാര്‍ പുറത്തിറങ്ങുമ്പോഴേക്കും അക്രമികള്‍ ഓടി രക്ഷപെട്ടു. സി പി എം പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്ന് ബി ജെ പി നേതാക്കള്‍ ആരോപിച്ചു.