Connect with us

Articles

ആറ് ചോദ്യങ്ങള്‍

Published

|

Last Updated

പാരീസിലെ ആ തീരുമാനം എല്ലാവരെയും അത്ഭുതപ്പെടുത്തിയിരുന്നു. ഫ്രാന്‍സിലേക്ക് പോകുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മനസ്സില്‍ എന്താണ് ഉണ്ടായിരുന്നത് എന്നതിനെ ക്കുറിച്ച് ആര്‍ക്കും ഒരു സൂചന പോലും ലഭിച്ചിരുന്നില്ല. അതിനാല്‍ തന്നെ, അന്നത്തെ പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ റാഫേല്‍ കരാറില്‍ നിന്ന് സ്വയം അകലം പാലിച്ചത് അത്ഭുതപ്പെടാനുമില്ല. അദ്ദേഹത്തിന് അതല്ലാതെ മാര്‍ഗമുണ്ടായിരുന്നില്ല. “ആ തീരുമാനം മോദിജിയാണ് എടുത്തത്; ഞാന്‍ പിന്തുണക്കുന്നു” എന്നാണ് 2015 ഏപ്രില്‍ 13ന് പരീക്കര്‍ ദൂരദര്‍ശന്‍ റിപ്പോര്‍ട്ടറോട് പറഞ്ഞത്. പ്രധാനമന്ത്രിയും ഫ്രഞ്ച് പ്രസിഡന്റും നടത്തിയ ചര്‍ച്ചയില്‍ നിന്ന് ഉരുത്തിരിഞ്ഞ് വന്നതാണ് ഈ തീരുമാനമെന്ന് എന്‍ ഡി ടി വി റിപ്പോര്‍ട്ടറോടും അദ്ദേഹം പറഞ്ഞിരുന്നു.

വിമാനങ്ങളുടെ എണ്ണം 126ല്‍ നിന്ന് 36 ആയി പെട്ടെന്ന് കുറഞ്ഞതിനെ സംബന്ധിച്ചും വിശദീകരണമുണ്ടായില്ല. ഈ വിമാനങ്ങളുടെ നിര്‍മാണം ഇന്ത്യയില്‍ ആക്കുന്നതില്‍ സമ്മര്‍ദം ചെലുത്താതെ “മെയ്ക് ഇന്‍ ഇന്ത്യ” എന്ന പദ്ധതിയെ പരിഹസിച്ചതിനും വിശദീകരണമുണ്ടായില്ല. ഈ കരാറിലൂടെ പ്രതിരോധ സംഭരണ നടപടിക്രമങ്ങളെ പ്രധാനമന്ത്രി മോദി പൂര്‍ണമായും അവഗണിച്ചതിനും വിശദീകരണമുണ്ടായില്ല.
വിവാദം കൊടുമ്പിരികൊള്ളുമ്പോള്‍ സ്വാഭാവികമായും ജനങ്ങളുടെ മനസ്സില്‍ നിരവധി ചോദ്യങ്ങള്‍ ഉയരും. അതില്‍ രണ്ടെണ്ണം മാത്രം പരിശോധിക്കാം. ഒന്ന്, വിമാനങ്ങളുടെ വിലയും ലഭ്യമാക്കാനുള്ള സമയക്രമവും. രണ്ടാമത് പങ്കാളിയായി അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സിനെ നിയമിച്ചത്.

ആദ്യത്തേത് പരിശോധിക്കാം. കരാറിന്റെ മുന്‍ നിര്‍ദേശത്തേക്കാള്‍ മികച്ച വ്യവസ്ഥകളായിരുന്നു ഇതില്‍ ഉണ്ടാകേണ്ടിയിരുന്നത്. മുന്‍ കരാര്‍ പ്രകാരം 126 വിമാനങ്ങള്‍ക്ക് 90,000 കോടിയാണ് ചെലവ്. അഥവാ, ഒരു വിമാനത്തിന് 715 കോടി. 2015 ഏപ്രില്‍ 13ന് പരീക്കര്‍ ദൂരദര്‍ശനോട് പറഞ്ഞതനുസരിച്ചാണിത്. പിന്നെയെങ്ങനെയാണ് വില കൂടിയത്; ഒരു വിമാനത്തിന് 1700 കോടി വരെയായത്? പ്രതിരോധ സഹമന്ത്രി 2016 നവംബര്‍ 18ന് ലോക്‌സഭയില്‍ നടത്തിയ പ്രസ്താവനയുമായി താരതമ്യം ചെയ്യുമ്പോള്‍ നാം കൂടുതല്‍ ഞെട്ടും. ആ പ്രസ്താവന ഇങ്ങനെ വായിക്കാം: “ഫ്രഞ്ച് സര്‍ക്കാറുമായി 23.09.2016ന് 36 റാഫേല്‍ പോര്‍ വിമാനങ്ങളും അവശ്യ ഉപകരണ സേവനങ്ങളും ആയുധങ്ങളും വാങ്ങുന്നതിന് കരാറിലെത്തിയിരിക്കുന്നു. ഓരോ റാഫേലിനുമുള്ള ചെലവ് 670 കോടി വീതമാണ്. 2022 ഏപ്രിലിലോടെ എല്ലാ വിമാനങ്ങളും ലഭിക്കും”.
ഉപകരണം, സേവനം, ആയുധം എന്നിവയോടൊപ്പമുള്ള വിമാനം എന്നത് കൊണ്ട് അര്‍ഥമാക്കുന്നത് വിമാനത്തിന്റെ അടിസ്ഥാന രൂപം എന്നു മാത്രമാണെന്നും ഇന്ത്യക്കുള്ള പ്രത്യേകമായ ശേഷിവികസനം ഉള്‍പ്പെടുകയില്ലെന്നും ഇപ്പോള്‍ വ്യാഖ്യാനിക്കുന്നത് സര്‍ക്കാറിന് യോജിച്ചതാണോ?
വിമാനം ലഭിക്കുന്ന സമയക്രമം പരിശോധിക്കുമ്പോള്‍ 2022ന് മുമ്പ് പൂര്‍ത്തിയാകില്ല. മുന്‍ യു പി എ സര്‍ക്കാറിന്റെ കാലത്തെ നിര്‍ദേശത്തേക്കാള്‍ അതിനാല്‍ തന്നെ മികച്ചതുമല്ല. അതായത്, വിലയിലും ലഭിക്കുന്ന സമയക്രമത്തിലും നമുക്ക് നഷ്ടങ്ങളുണ്ടായി.
അനുബന്ധ കരാര്‍ പരിശോധിക്കുമ്പോള്‍, കരാറിന്റെ മൊത്തം മൂല്യത്തിന്റെ 50 ശതമാനം വരുന്ന ചരക്കുകള്‍ ഇന്ത്യന്‍ കമ്പനികളില്‍ നിന്നും ഇറക്കുമതി ചെയ്യാന്‍ ദസോള്‍ട്ട് ഉത്തരവാദപ്പെട്ടിരിക്കുന്നു. 36 വിമാനങ്ങളുടെ വില 60,000 കോടി ആണെങ്കില്‍ 30,000 കോടിയുടെ ഉത്പന്നങ്ങള്‍ ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യണം. അനുബന്ധ കരാറിന്റെ 70 ശതമാനം ഓഹരി റിലയന്‍സ് ഡിഫന്‍സിനാണ്, അഥവാ 21,000 കോടിയുടെ ഓഹരികള്‍.

ഇവിടെ ഉയരുന്ന ആദ്യ ചോദ്യം, പിന്നെന്തിനാണ് എച്ച് എ എല്‍? ഈ വിമാനം നിര്‍മിക്കുന്നതില്‍ നിന്ന് എച്ച് എ എല്ലിനെ പുറത്താക്കിയിരിക്കുന്നു. മാത്രമല്ല, പ്രധാന അനുബന്ധ പങ്കാളിയാകാനുള്ള അവസരവും നഷ്ടമായി. ഈ മേഖലയില്‍ മുന്‍പരിചയം തീരെയില്ലാത്ത റിലയന്‍സ് ഡിഫന്‍സിനെ എന്തിന് കൊണ്ടുവന്നു? വിതരണ കമ്പനിയായ ദസോള്‍ട്ട് അനുബന്ധ പങ്കാളികളെ സ്വതന്ത്രമായി തിരഞ്ഞെടുക്കുമായിരുന്നു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഒന്നും ചെയ്യേണ്ടിയിരുന്നില്ല. സത്യത്തില്‍ ഈ വസ്തുത ഫ്രഞ്ച് മുന്‍ പ്രസിഡന്റ് ഹോളന്‍ഡെ പറഞ്ഞപ്പോഴാണ് പുറത്തായത്. റിലയന്‍സ് ഡിഫന്‍സിനെ ഇന്ത്യന്‍ സര്‍ക്കാര്‍ ശിപാര്‍ശ ചെയ്തതോടെ മറ്റൊരു വഴിയുമില്ലെന്നാണ് ഹോളാന്‍ഡെ പറഞ്ഞത്.
ഇത് കൂടാതെ മറ്റ് നിരവധി ചോദ്യങ്ങള്‍ പൗരന്മാരുടെ മനസ്സിനെ അലട്ടുന്നുണ്ട്. അവ ഇങ്ങനെ ഉപസംഹരിക്കാം:
1. പാരീസ് സന്ദര്‍ശനത്തിനിടെ മാത്രം 36 വിമാനങ്ങള്‍ വാങ്ങാനുള്ള പൂര്‍ണമായും പുതിയ കരാറിന് അന്തിമരൂപം നല്‍കിയതിലൂടെ, വ്യവസ്ഥാപിത പ്രതിരോധ സംഭരണ നടപടിക്രമങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദി പൂര്‍ണമായും പരിഹസിച്ചത് എന്തിന്?
2. വിമാനങ്ങളുടെ എണ്ണം 126ല്‍ നിന്ന് 36 ആക്കി കുറച്ചതിലൂടെ ദേശ സുരക്ഷക്ക് ഭംഗം വരുകയാണെന്നത് അദ്ദേഹം ശ്രദ്ധിച്ചില്ലേ?
3. കരാറില്‍ നിന്ന് എച്ച് എ എല്ലിനെ പൂര്‍ണമായും പുറത്താക്കിയതിലൂടെ, ഏറെ കൊട്ടിഘോഷിച്ച് പ്രചാരണം നല്‍കിയ സ്വന്തം പദ്ധതിയായ “മെയ്ക്ക് ഇന്‍ ഇന്ത്യ”യെ പരിഹസിക്കുകയല്ലേ അദ്ദേഹം ചെയ്തത്?
4. പ്രധാന അനുബന്ധ പങ്കാളിയായി മുന്‍ പരിചയമില്ലാത്ത സ്വകാര്യ കമ്പനിയെ അവതരിപ്പിച്ചതിലൂടെ, അതും പ്രധാനമന്ത്രിയുടെ സ്വന്തം ശിപാര്‍ശ, കരാറിന്റെ സമഗ്രത സംശയത്തിന്റെ നിഴലിലായില്ലേ?
5. ഇടപാട് സംബന്ധിച്ച് സംശയങ്ങളൊന്നുമില്ലെങ്കില്‍, പിന്നെന്തുകൊണ്ടാണ് സത്യം വെളിവാക്കാതെ സാങ്കേതികത്വങ്ങളില്‍ സര്‍ക്കാര്‍ മുഖം മറക്കുന്നത്?
6. കൈകള്‍ ശുദ്ധമെങ്കില്‍ ഇടപാട് സംബന്ധിച്ച അന്വേഷണത്തില്‍ നിന്ന് സര്‍ക്കാര്‍ ഓടിമറയുന്നത് എന്തിനാണ്? പൊതുമണ്ഡലത്തില്‍ വിവരങ്ങളും സത്യങ്ങളും പ്രചരിക്കുമ്പോഴും രഹസ്യസ്വഭാവത്തോടെയും സുതാര്യമല്ലാതെയും സര്‍ക്കാര്‍ തുടരുന്നതെന്തിന്? അപ്രതിരോധ്യമായിരിക്കുമ്പോഴും ബദല്‍ സത്യങ്ങളും അര്‍ധ സത്യങ്ങളും നുണകളും ആക്ഷേപങ്ങളും കൊണ്ട് ന്യായീകരണം ചമക്കാന്‍ ശ്രമിക്കുന്നത് എന്തിന്?
ഈ തട്ടിപ്പിന് വലിയ വില നല്‍കേണ്ടി വരുമെന്നതില്‍ ആര്‍ക്കും സംശയം വേണ്ട.

(മുന്‍ ബി ജെ പി നേതാവായ യശ്വന്ത് സിന്‍ഹ കേന്ദ്ര ധനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായിരുന്നു.)
മൊഴിമാറ്റം: പി എ കബീര്‍

Latest