ഇറാനെതിരെയുള്ള ഉപരോധത്തില്‍ ഇളവ് വരുത്തണമെന്ന് യു എസിനോട് രാജ്യാന്തര കോടതി

Posted on: October 3, 2018 10:24 pm | Last updated: October 3, 2018 at 10:24 pm

യു എന്‍: ഇറാനെതിരെ ഏര്‍പ്പെടുത്തിയ ഉപരോധങ്ങളില്‍ ഇളവ് നല്‍കാന്‍ ഐക്യരാഷ്ട്ര സഭയുടെ പരമോന്നത കോടതി അമേരിക്കയോട് ആവശ്യപ്പെട്ടു. മാനുഷിക സഹായങ്ങളുടെ ഭാഗമായി വിതരണം ചെയ്യുന്ന ഉത്പന്നങ്ങള്‍ക്കും യാത്രാവിമാനങ്ങള്‍ക്കും ഇളവ് നല്‍കണമെന്നാണ് കോടതിയുടെ ആവശ്യം. യു എന്‍ കോടതി വിധിയെ ഇറാന്‍ സ്വാഗതം ചെയ്തു.

മാനുഷിക പരിഗണനകളുടെ അടിസ്ഥാനത്തില്‍ അമേരിക്ക ഇറാനെതിരെ ഉപരോധത്തില്‍ ഇളവ് വരുത്തണം. ഇറാന്‍ വിഷയത്തില്‍ വാദം കേള്‍ക്കുന്നത് തുടരുന്ന സാഹചര്യത്തില്‍ താത്കാലികമായി ഇത്തരം ഉപരോധങ്ങള്‍ പിന്‍വലിക്കാന്‍ അമേരിക്ക തയ്യാറാകണമെന്നും കോടതി ഓര്‍മപ്പെടുത്തി. അതേസമയം, ഈ കോടതിക്ക് അമേരിക്കക്ക് മേല്‍ നിര്‍ബന്ധം ചെലുത്തി ഉത്തരവ് നടപ്പാക്കാന്‍ അധികാരമില്ല.
തീരുമാനത്തെ സ്വാഗതം ചെയ്ത് ഇറാന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിറക്കി. യു എന്‍ പരമോന്നത കോടതിയുടെ വിധി ഇറാന്‍ ശരിയുടെ പക്ഷത്താണെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുന്നു. അതുപോലെ ഇറാനെതിരെയും ഇവിടുത്തെ ജനങ്ങള്‍ക്കെതിരെയും ഉപരോധം ഏര്‍പ്പെടുത്തിയത് നിയമവിരുദ്ധമായാണെന്നും പ്രസ്താവനയില്‍ പറയുന്നു.

അതേസമയം, ഇറാന്റെ ലക്ഷ്യം അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധം പൂര്‍ണമായി നീക്കുകയെന്നതാണ്. ഇത് സംബന്ധിച്ച കേസുകള്‍ നിലവില്‍ കോടതിയിലുണ്ട്. വര്‍ഷങ്ങള്‍ നീണ്ടുനിന്നേക്കാവുന്ന നിയമ നടപടികളാണ് ഇത്.
1955ലെ സൗഹൃദ കരാര്‍ പ്രകാരം അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധങ്ങള്‍ നിയമവിരുദ്ധമാണെന്നാണ് ഇറാന്റെ പക്ഷം. എന്നാല്‍ ഇറാന്‍ കോടതിയെ സമീപിക്കുന്നത് തെറ്റിദ്ധരിപ്പിക്കുക എന്ന ലക്ഷ്യത്തിലാണെന്ന് അമേരിക്ക പ്രതികരിച്ചു. അമേരിക്കയും ഇറാനും തമ്മിലുള്ള സംഘര്‍ഷം മുറുകിയത് ട്രംപ് അധികാരത്തില്‍ വന്ന ശേഷമായിരുന്നു. ഇറാനുമായുള്ള ആണവ കരാറില്‍ നിന്ന് അമേരിക്ക പിന്‍മാറിയതും സാഹചര്യം കൂടുതല്‍ വഷളാക്കിയിട്ടുണ്ട്.