ബ്രൂവറി: പ്രതിപക്ഷത്തിന്റെത് ആടിനെ പട്ടിയാക്കുന്ന സമീപനമെന്ന് മുഖ്യമന്ത്രി

Posted on: October 3, 2018 1:17 pm | Last updated: October 3, 2018 at 7:03 pm

തിരുവനന്തപുരം: ബ്രുവറി വിഷയത്തില്‍ ആടിനെ പട്ടിയാക്കുന്ന സമീപനമാണ് യുഡിഎഫ സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബ്രൂവറി അനുവദിച്ച കാര്യത്തില്‍ അടിസ്ഥാന രഹിതമായ കാര്യങ്ങള്‍ പറഞ്ഞ് ജനങ്ങളെ സര്‍ക്കാറിനെതിരെ തിരിച്ചുവിടാനാണ് പ്രതിപക്ഷ നേതാവ് ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ബ്രൂവറി അനുവദിക്കുന്നത് സര്‍ക്കാറിന് മുന്നില്‍ വരുന്ന അപേക്ഷകള്‍ പരിഗണിച്ചാണ്. സാധാരണയായി ഇതിന് പരസ്യമോ അറിയിപ്പോ നല്‍കാറില്ല. ഇതുതന്നെയാണ് സര്‍ക്കാര്‍ ഇപ്പോഴും ചെയ്തത്. ബ്രൂവറിക്ക് അനുമതി നല്‍കിയത് എല്‍ഡിഎഫ് നിലപാടിന് വിരുദ്ധമായി അല്ല. മദ്യനിരോധനമല്ല, മദ്യവര്‍ജനമാണ് എല്‍ഡിഎഫ് പ്രകടനപത്രികയില്‍ പറഞ്ഞിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള മദ്യത്തിന്റെ ഒഴുക്ക് തടണമെന്ന് പ്രതിപക്ഷം മുമ്പ് ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനത്ത് ബ്രൂവറികള്‍ ആരംഭിച്ച് ഉത്പാദനം തുടങ്ങുന്നത് ഇതിന് സഹായിക്കും. പിന്നെ എങ്ങനെയാണ് സര്‍ക്കാര്‍ നിലപാട് തെറ്റാകുന്നതെന്ന് മുഖ്യമന്ത്രി ചോദിച്ചു.