ഭൂകമ്പവും സുനാമിയും; ഇന്തോനേഷ്യയില്‍ മരണം 1,234 ആയി ഉയര്‍ന്നു

Posted on: October 2, 2018 3:19 pm | Last updated: October 2, 2018 at 10:11 pm

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ ഭൂകമ്പത്തിലും സുനാമിയിലും മരിച്ചവരുടെ എണ്ണം 1,234ആയി ഉയര്‍ന്നു. സുലവേസി ദ്വീപിലെ മണ്ണിനടിയിലായ പള്ളിയില്‍നിന്നും പന്ത്രണ്ടിലധികം വിദ്യാര്‍ഥികളുടെ മൃതദേഹങ്ങള്‍കൂടി കണ്ടെത്തിയതിന് ശേഷമുള്ള കണക്കാണിതെന്ന് ദുരന്തനിവാരണ ഏജന്‍സി വക്താവ് പറഞ്ഞു. വെള്ളിയാഴ്ചയുണ്ടായ ഭൂകമ്പത്തിലും സുനാമിയിലും തീരദേശ നഗരമായ പാലു പൂര്‍ണമായും തകര്‍ന്നടിഞ്ഞിരിക്കുകയാണ്.

സൈന്യത്തിന്റെ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുമ്പോഴും മരണ സംഖ്യ ഉയര്‍ന്നേക്കാമെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. ദുരന്തത്തിനിരയായ രണ്ട് ലക്ഷത്തിലധികംവരുന്നവരുടെ പുനരധിവാസത്തിനായി ഇന്തോനേഷ്യ രാജ്യാന്തര സഹായം അഭ്യര്‍ഥിച്ചിരിക്കുകയാണ്. മേഖലയില്‍ കടുത്ത ഭക്ഷ്യക്ഷാമവും ശുദ്ധജല ദൗര്‍ലഭ്യവും നിലനില്‍ക്കുകയാണ്.