Connect with us

Editorial

ബ്രൂവറികള്‍ക്ക് അനുമതി നല്‍കരുത്

Published

|

Last Updated

സംസ്ഥാനത്ത് പുതുതായി ബ്രൂവറിയും (ബിയര്‍ നിര്‍മാണ യൂനിറ്റ്) ഡിസ്റ്റിലറിയും അനുവദിച്ച സര്‍ക്കാര്‍ നടപടി വിവാദമായിരിക്കുകയാണ്. മാനദണ്ഡങ്ങള്‍ ലംഘിച്ച് അതീവ രഹസ്യമായാണ് ഇവ അനുവദിച്ചതെന്നാണ് പ്രതിപക്ഷ നേതാവിന്റെ ആരോപണം. അപേക്ഷ ക്ഷണിക്കാതെ ഇഷ്ടക്കാരില്‍ നിന്ന് മാത്രം അപേക്ഷ വാങ്ങിയും പുതിയ ബ്രൂവറിയും ഡിസ്റ്റിലറിയും അനുവദിക്കരുതെന്ന് കാണിച്ച് 1999ല്‍ അന്നത്തെ നികുതി സെക്രട്ടറി ഇറക്കിയ ഉത്തരവ് മറികടന്നുമാണ് ഇപ്പോള്‍ പുതിയ മദ്യനിര്‍മാണ ശാലകള്‍ അനുവദിക്കുന്നതെന്നും ഇതിനു പിന്നില്‍ അഴിമയിതുണ്ടെന്നും ആരോപിക്കപ്പെടുന്നു.

കണ്ണൂരിലെ വാരത്ത് ശ്രീധരന്‍ ബ്രൂവറി പ്രൈവറ്റ് ലിമിറ്റഡ്, പാലക്കാട് ഏലപ്പുള്ളിയില്‍ അപ്പോളോ പ്രൈവറ്റ് ലിമിറ്റഡ്, എറണാകുളത്ത് പവര്‍ ഇന്‍ഫ്രാടെക് എന്നിവര്‍ക്കാണ് ബ്രൂവറി ലൈസന്‍സ് നല്‍കുന്നത്. ഡിസ്റ്റിലറി അനുവദിച്ചത് തൃശൂരില്‍ ശ്രീചക്രാ ഡിസ്റ്റിലറീസ് പ്രൈവറ്റ് ലിമിറ്റഡിനാണ്. ഇതില്‍ എറണാകുളത്തെ പവര്‍ ഇന്‍ഫ്രാടെക് ബ്രൂവറിയുടെ സ്ഥലത്തെക്കുറിച്ച് സര്‍ക്കാര്‍ വൃത്തങ്ങളില്‍ അഭിപ്രായ ഭിന്നതയുമുണ്ട്. കാക്കനാട് കിന്‍ഫ്രാ വ്യവസായ പാര്‍ക്കിലെ 10 ഏക്കറില്‍ തുടങ്ങാനാണ് അനുമതിയെന്നാണ് നികുതി വകുപ്പിലെ അഡീഷനല്‍ ചീഫ് സെക്രട്ടറിയുടെ ഉത്തരവിലുള്ളത്. എന്നാല്‍, പവര്‍ ഇന്‍ഫ്രാടെകിന് കിന്‍ഫ്ര പാര്‍ക്കില്‍ ഭൂമി നല്‍കിയിട്ടില്ലെന്നാണ് വ്യവസായമന്ത്രി ഇ പി ജയരാജന്‍ മാധ്യമങ്ങളെ അറിയിച്ചത്.

നടപടിക്രമങ്ങള്‍ അനുസരിച്ചും നിയമവും ചട്ടങ്ങളും പാലിച്ചുമാണ് ബ്രൂവറിയും ഡിസ്റ്റിലറികളും അനുവദിച്ചത്. ഇതു സംബന്ധിച്ച് സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവുകള്‍ ആര്‍ക്കും പരിശോധിക്കാ വുന്നതേയുള്ളൂവെന്നുമാണ് പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങള്‍ക്ക് എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്റെ വിശദീകരണം. സര്‍ക്കാര്‍ നടപടികള്‍ ഒരുതരത്തിലും രഹസ്യ സ്വഭാവമുള്ളവയല്ല. ഉത്തരവുകള്‍ ഇറങ്ങുന്ന മുറക്ക് സര്‍ക്കാറിന്റെ വെബ് ആന്റ് ന്യൂ മീഡിയയില്‍ പ്രസിദ്ധപ്പെടുത്തുന്നുണ്ട് ഇക്കാര്യത്തില്‍ സര്‍ക്കാറിന് ഒന്നും ഒളിച്ചുവെക്കാനില്ല. ഡിസ്റ്റിലറികളും ബ്രൂവറികളും അനുവദിക്കുന്നതിന് അപേക്ഷ ക്ഷണിക്കുന്ന കീഴ്‌വഴക്കവുമില്ല. മാത്രമല്ല, ലൈസന്‍സ് നല്‍കിയെന്ന പ്രചാരണം ശരിയല്ല. ലൈസന്‍സ് നല്‍കാനുള്ള തീരുമാനം മാത്രമേ ഉണ്ടായിട്ടുള്ളൂ. ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് പ്രതിപക്ഷം ഇതു വിവാദമാക്കുന്നതെന്നും മന്ത്രി പറയുന്നു.

വിവാദങ്ങളിലെ തെറ്റും ശരിയും എന്തായാലും പുതിയ മദ്യനിര്‍മാണ ശാലകള്‍ വരുന്നതോടെ സംസ്ഥാനത്ത് മദ്യലഭ്യതയും ഇതേ തുടര്‍ന്നുള്ള സാമൂഹിക ദുരന്തങ്ങളും വര്‍ധിക്കുമെന്നതില്‍ രണ്ട് പക്ഷമില്ല. മദ്യവിപത്ത് കേരളത്തില്‍ ഇതിനകം വരുത്തിക്കഴിഞ്ഞ സാമൂഹിക വിപത്തുകള്‍ വളരെ വലുതാണ്. കുടുംബ ബന്ധങ്ങളിലെ ശൈഥില്യം, വര്‍ധിച്ചു വരുന്ന റോഡപകടങ്ങള്‍, സ്ത്രീപീഡനങ്ങള്‍, മാരകമായ രോഗങ്ങള്‍ തുടങ്ങി നിരവധി ദുരന്തങ്ങളും വിപത്തുകളാണ് മദ്യം വരുത്തി വെക്കുന്നത്. കുറ്റകൃത്യങ്ങളുടെ അനിയന്ത്രിതമായ പെരുപ്പത്തില്‍ മദ്യം വഹിക്കുന്ന പങ്കാണ് പ്രധാനം. റോഡപകടങ്ങളിലും അതിന്റെ റോള്‍ ഉത്തരവാദപ്പെട്ടവര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കേരളത്തിലെ ലക്ഷക്കണക്കിന് കുടുംബങ്ങളിലെ സ്ത്രീകളും കുട്ടികളുമാണ് മദ്യം മുലം കണ്ണീര്‍ കുടിക്കുന്നത്. ധാര്‍മിക സദാചാര മൂല്യങ്ങളെയും മദ്യം നശിപ്പിക്കുകയും മൃഗീയമായ സാംസ്‌കാരിക ശൂന്യതയിലേക്ക് സമൂഹത്തെ കൂപ്പുകുത്തിക്കുകയും ചെയ്യുന്നു. ശരാശരി ഒന്നര ലിറ്റര്‍ മദ്യം ഒരു മലയാളി ഉപയോഗിക്കുന്നുവെന്നാണ് കണക്ക്. കേരളത്തില്‍ മദ്യപാനികളുടെ എണ്ണം വര്‍ധിക്കുകയാണെന്നതിന്റെ വ്യക്തമായ തെളിവാണ് ബിവറേജസ് കോര്‍പറേഷന്റെ മദ്യഷാപ്പുകള്‍ക്ക് മുന്നില്‍ കാണുന്ന ക്യൂവില്‍ അനുദിനം വര്‍ധിക്കുന്ന ദൈര്‍ഘ്യം. പുതിയ മദ്യനിര്‍മാണ യൂനിറ്റുകളിലൂടെ മദ്യത്തിന്റെ ലഭ്യത വര്‍ധിക്കുമ്പോള്‍ സംസ്ഥാനത്ത് അത് സൃഷ്ടിക്കുന്ന വിപത്തുകളും വര്‍ധിക്കുക സ്വാഭാവികം.

മദ്യനിരോധനം ഇടതു മുന്നണിയുടെ നയമല്ലെന്ന് തിരഞ്ഞെടുപ്പ് വേളയില്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നാണ് പുതിയ ബ്രൂവറികള്‍ അനുവദിച്ചതിനെതിരെ പ്രതിഷേധം ഉയര്‍ന്നപ്പോള്‍ എക്‌സൈസ് മന്ത്രിയുടെ പ്രതികരണം. നിയമം വഴി മദ്യം നിരോധിക്കുന്നതിനോട് അനുകൂലമല്ലെങ്കിലും ബോധവത്കരണത്തിലുടെ മദ്യാസക്തിയും ഉപയോഗവും ഇല്ലായ്മ ചെയ്യേണ്ടതുണ്ടെന്ന് ഇടതു നേതൃത്വവും സമ്മതിക്കുന്നുണ്ട്. ഇത് സാധ്യമാകണമെങ്കില്‍ സംസ്ഥാനത്ത് മദ്യലഭ്യത പരമാവധി കുറച്ചു കൊണ്ടുവരേണ്ടത് അനിവാര്യമാണ്. മദ്യം എപ്പോഴും എവിടെയും ലഭിക്കുന്ന സാഹചര്യത്തില്‍ അതിനെതിരായ ബോധവത്കരണം ഫലവത്താകുകയില്ല.

അബ്കാരി കോണ്‍ട്രാക്ടര്‍മാരില്‍ നിന്നും ബാര്‍ ഉടമകളില്‍ നിന്നുമുള്ള സമ്മര്‍ദവും റവന്യൂ വരുമാനവുമാണ് സര്‍ക്കാര്‍ മദ്യനിരോധത്തോട് പുറം തിരിഞ്ഞു നില്‍ക്കുന്നതിന്റെ യഥാര്‍ഥ കാരണം. മദ്യത്തില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തിലുമേറെയാണ് അത് സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ചെലവിടേണ്ടി വരുന്നതെന്ന വസ്തുത സൗകര്യപൂര്‍വം അവര്‍ വിസ്മരിക്കുന്നു. ശാരീരികമായും മാനസികമായും ആരോഗ്യവാന്മാരായ ജനതയാണ് ഒരു നാടിന്റെ യഥാര്‍ഥ സമ്പത്ത്. സനാതന മൂല്യങ്ങളുടെ സംരക്ഷണവും കുടുംബ ഭദ്രതയും കെട്ടുറപ്പുള്ള ഒരു സമൂഹത്തിന്റെ അനിവാര്യ ഘടകങ്ങളുമാണ്. മദ്യം ഒഴുകുന്ന ഒരു സമൂഹത്തില്‍ ഇത് സാധ്യമേയല്ല. ഇടതുമുന്നണി അവരുടെ മദ്യനയത്തില്‍ പുനര്‍വിചിന്തനം നടത്തേണ്ടതുണ്ട്. ഒറ്റയടിക്ക് മദ്യം നിരോധിക്കുന്നതില്‍ ഭരണപരമായ പ്രയാസങ്ങള്‍ സൃഷ്ടിക്കുമെങ്കില്‍ ഘട്ടം ഘട്ടമായി അത് നടപ്പാക്കാനുള്ള വിവേകമെങ്കിലും നേതൃത്വം കാണിക്കുകയും പുതിയ മദ്യനിര്‍മാണ യൂനിറ്റുകള്‍ തുടങ്ങുന്നതിന് അനുമതി നല്‍കാനുളള തീരുമാനത്തില്‍ നിന്ന് പിന്തിരിയുകയും വേണം.

Latest