പോളിയോ തുള്ളിമരുന്നില്‍ വൈറസ്, ആശങ്ക; കേന്ദ്ര സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു

Posted on: October 1, 2018 7:53 pm | Last updated: October 2, 2018 at 9:51 am

ന്യൂഡല്‍ഹി: വിവിധ സംസ്ഥാനങ്ങളിലെ കുട്ടികളില്‍ കുത്തിവച്ച പോളിയോ തുള്ളിമരുന്നില്‍ വൈറസ് കണ്ടെത്തിയ സംഭവത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. വൈറസ് അടങ്ങിയ തുള്ളിമരുന്ന് നിര്‍മിച്ച ബയോമെഡ് കമ്പനി എം ഡിയെ പോലീസ് അറസ്റ്റ് ചെയ്തു.

ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, തെലങ്കാന എന്നിവിടങ്ങളില്‍ വിതരണം ചെയ്ത പോളിയോ തുള്ളിമരുന്നുകളിലാണ് മാരകമായ ടൈപ്പ് 2 വൈറസിന്റെ സാന്നിധ്യം കണ്ടത്തിയത്. ഗാസിയാബാദിലെ ബയോമെഡ് മരുന്ന് കമ്പനിയില്‍ നിന്ന് വിതരണം ചെയ്ത ഒന്നര ലക്ഷം കുപ്പികളില്‍ വൈറസിന്റെ അംശമുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതോടെ 2016 ഏപ്രിലിന് ശേഷം ജനിച്ച കുട്ടികളുടെ ഭാവിയെ സംബന്ധിച്ച് ആശങ്ക ഉയര്‍ന്നിട്ടുണ്ട്. ഇന്ത്യ ഉള്‍പ്പെടെ ആഗോള തലത്തില്‍ തുടച്ചുനീക്കപ്പെട്ട ടൈപ് രണ്ട് വിഭാഗത്തില്‍പ്പെട്ട പോളിയോ വൈറസിനെ ചെറുക്കാനുള്ള രോഗപ്രതിരോധ ശേഷി ഈ കുട്ടികള്‍ക്കില്ല എന്നുള്ളതാണ് ആശങ്കക്ക് കാരണമായിരിക്കുന്നത്. ഇതേതുടര്‍ന്ന് ആരോഗ്യമന്ത്രാലയം പ്രതിരോധ നടപടികള്‍ തുടങ്ങി. വൈറസ് അടങ്ങിയ തുള്ളി മരുന്ന് നല്‍കിയിട്ടുള്ള സ്ഥലങ്ങള്‍ ആരോഗ്യപ്രവര്‍ത്തകരുടെ കര്‍ശന നിരീക്ഷണത്തിലാണ്.

യു.പിയില്‍ ചില കുട്ടികളില്‍ അണുബാധ കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചത്.
സംഭവത്തെ തുടര്‍ന്ന് ഡ്രഗ്‌സ് കണ്‍ട്രോള്‍ ജനറല്‍ ഓഫ് ഇന്ത്യ കമ്പനിക്കെതിരെ കേസ് ഫയല്‍ ചെയ്തു. കമ്പനി മാനേജിങ് ഡയറക്ടറെ ഗാസിയാബാദ് പൊലീസ് കഴിഞ്ഞാഴ്ച അറസ്റ്റു ചെയ്തിരുന്നു. നാല് ഡയറക്ടര്‍മാര്‍ ഒളിവിലാണ്. സര്‍ക്കാരിന്റെ പ്രതിരോധ പദ്ധതികള്‍ക്ക് മാത്രം വാക്‌സിന്‍ നിര്‍മിക്കുന്ന കമ്പനിയിലെ ഉത്പാദനവും വിതരണവും നിറുത്തിവെക്കാനും നിര്‍ദേശമുണ്ട്. 2016 ഏപ്രില്‍ 25നകം ഈ വൈറസിന്റെ അംശം പൂര്‍ണമായി നശിപ്പിക്കണമെന്ന് കമ്പനികളോട് മന്ത്രാലയം നിര്‍ദേശിച്ചിരുന്നതാണ്.

രാജ്യത്ത് നിന്ന് അപ്രത്യക്ഷമായ വൈറസ് തിരിച്ചുവന്നതിനെ കുറിച്ച് അന്വേഷിക്കാന്‍ മൂന്നംഗ സമിതിയെ ആരോഗ്യമന്ത്രാലയം നിയോഗിച്ചിട്ടുണ്ട്.
ടൈപ്പ് 2 വിഭാഗത്തില്‍പ്പെട്ട പോളിയോ വൈറസിനെ രാജ്യത്ത് നിന്ന് തുടച്ചുനീക്കിയതിന് ശേഷം ടൈപ്പ് 1, ടൈപ്പ് 3 വൈറസുകള്‍ ഉള്‍പ്പെടുന്ന വാക്‌സിനുകളില്‍ മാത്രമാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. 1999ലാണ് ടൈപ്പ് 2 വിഭാഗത്തില്‍പ്പെട്ട പോളിയോ അവസാനമായി റിപ്പോര്‍ട്ട് ചെയ്തത്. 2014ല്‍ ഇന്ത്യയെ പോളിയോ വിമുക്ത രാജ്യമായി ലോകാരോഗ്യസംഘടന പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.