Connect with us

Articles

ഇന്നത്തെ യൗവനം നാളത്തെ വാര്‍ധക്യമാണ്‌

Published

|

Last Updated

വൃദ്ധജനങ്ങളുടെ ക്ഷേമം മുന്‍ നിര്‍ത്തി ഒക്ടോബര്‍ ഒന്ന് ലോക വയോജന ദിനമായി ആചരിക്കുന്നു. വൃദ്ധസദനമെന്നത് പശ്ചാത്യ സംസ്‌കാരത്തിന്റെ ഭാഗമാണന്ന കേട്ട അറിവായിരുന്നു നമുക്ക്. എന്നാല്‍ ഇപ്പോള്‍ ഇവിടെ സര്‍ക്കാര്‍ നേരിട്ട് നടത്തുന്നത് 516 ഓളം വൃദ്ധ സദനങ്ങളാണ്. സന്നദ്ധ സംഘടനകള്‍ നടത്തുന്നതും സ്വകാര്യ വ്യക്തികള്‍ നടത്തുന്നതുമായ വൃദ്ധ സദനങ്ങള്‍ ഇതിന്റെ ഇരട്ടിയോളം വരും. ഇന്ത്യയില്‍ അറിയപ്പെടുന്ന വ്യവസായി പോലും വൃദ്ധ സദനത്തിന്റെ ഉടമയായി മാറിയത് നാം കണ്ടു.

വൃദ്ധരുടെ സുരക്ഷിത്വം മുന്‍ നിര്‍ത്തി 2007ല്‍ പാര്‍ലമെന്റ് പാസാക്കിയ മെയിന്റിനന്‍സ് വെല്‍ഫയര്‍ ഓഫ് പേരന്റ്‌സ് ആന്റ് സീനിയര്‍ സിറ്റീസണ്‍ ആക്ട് മാതാപിതാക്കളെ സംരക്ഷിക്കാത്ത മക്കള്‍ക്കെതിരെ നടപടിയെടുക്കാന്‍ നിര്‍ദേശിക്കുന്നു. വൃദ്ധരോടുള്ള ക്രൂരതകള്‍ കൂടുതല്‍ വര്‍ധിച്ചപ്പോള്‍ ഈ നിയമം ഭേദഗതി വരുത്തി പുതിയൊരു വയോജന സംരക്ഷണ ബില്ല് അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് കേന്ദ്ര സാമൂഹിക ക്ഷേമ വകുപ്പ്. കരട് വിഞ്ജാപനം ഇതിനകം ഇറക്കി. അതില്‍ പറയുന്നത് വൃദ്ധ സദനങ്ങളില്‍ കഴിയുന്നവരുടെ മക്കളെയോ അടുത്ത ബന്ധുക്കളെയൊ കണ്ടെത്തി അവരില്‍ നിന്ന് സംരക്ഷണത്തിന് 10,000 രൂപ ഈടാക്കാനും വീഴ്ച വരുത്തുന്നവരെ ആറ് മാസക്കാലം കഠിന തടവിന്ന് ശിക്ഷിക്കാനുമാണ്. ഓരൊ ജില്ലയിലും വൃദ്ധര്‍ക്കായി സ്‌പെഷല്‍ ട്രൈബ്യൂനലുകള്‍ സ്ഥാപിക്കാനും വ്യവസ്ഥ ചെയ്യുന്നു.

2007ലെ നിയമത്തിന്റെ പശ്ചാത്തലത്തില്‍ കണ്ണൂരിലെ കലക്ടര്‍ ബാലകിരണന്‍ സസ്‌നേഹം പദ്ധതി ഉണ്ടാക്കിയിരുന്നു. ജില്ലയിലെ ഒട്ടെറെ പേര്‍ക്ക് നിയമ പരിരക്ഷ ലഭിക്കുകയും ചെയ്തു. പിന്നീട് കാസര്‍കോട്, കോഴിക്കോട്, വയനാട് ജില്ലാ ഭരണകൂടങ്ങള്‍ ഇത് കാര്യക്ഷമമായി നടപ്പില്‍ വരുത്തി. പദ്ധതി സംസ്ഥാനത്തൊട്ടാകെ നടപ്പില്‍ വരുത്തണമെന്നാവശ്യപ്പെട്ട് മുന്‍ സര്‍ക്കാറിനും നിലവിലെ സര്‍ക്കാറിനും ഈ കുറിപ്പുകാരന്‍ നിവേദനം നല്‍കിയിരുന്നു. എന്നാല്‍, സാമൂഹിക ക്ഷേമ വകുപ്പില്‍ നിന്ന് ലഭിച്ച മറുപടി; ഈ തരത്തില്‍ സംരക്ഷണതിന് ആവശ്യമായ പണം ഈടാക്കുകയാണങ്കില്‍ വൃദ്ധ സദനങ്ങളില്‍ എത്തുന്നവരുടെ എണ്ണം ക്രമാതിതമായി വര്‍ധിക്കും, അത് കൊണ്ട് ഈ നിയമം നടപ്പിലാക്കാന്‍ കഴിയുകയില്ല എന്നായിരുന്നു. എന്നാല്‍ ഇതിനെ തീര്‍ത്തും നിരാകരിക്കുന്ന വിധത്തിലും കണ്ണൂരില്‍ നടപ്പിലാക്കിയ പദ്ധതിയെ ശരിവെക്കുന്ന തരത്തിലുമാണ് ഇപ്പോള്‍ കേന്ദ്ര സാമൂഹിക ക്ഷേമ വകുപ്പ് പുതിയ ബില്ല് കൊണ്ടുവരുന്നത്. വൃദ്ധ സദനത്തില്‍ മരണപ്പെട്ടയാളുടെ സംസ്‌കാരത്തിന് വരാന്‍ വേണ്ടി അധികൃതര്‍ സമീപിച്ചപ്പോള്‍ അതിന് പോലും മക്കള്‍ സന്നദ്ധമായില്ല എന്ന സംഭവം ഉണ്ടയല്ലോ. ഇതില്‍ ഒരാള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനും മറ്റരാള്‍ ആയുര്‍വേദ ഡോക്ടറുമായിരുന്നു. ഇവിടെ ഈ തരത്തില്‍ മാതാപിതാക്കളോട് ക്രൂരത കാട്ടുന്ന അധിക മക്കളും ഓര്‍ക്കേണ്ട ഒന്നുണ്ട്. ഇന്നത്തെ യൗവനം നാളത്തെ വാര്‍ധക്യമാണ്. എല്ലാവര്‍ക്കും വാര്‍ധക്യം പിടിപെടും.

---- facebook comment plugin here -----