Connect with us

Articles

പള്ളി അനിവാര്യമല്ലാതാകുമ്പോള്‍

Published

|

Last Updated

വിരമിക്കുന്നതിന് മുമ്പ് പ്രധാനപ്പെട്ട കേസുകളില്‍ വിധി പറഞ്ഞ് രാജ്യത്തിന്റെ നീതിന്യായ ചരിത്രത്തില്‍ തങ്കലിപികളില്‍ രേഖപ്പെടുത്താനുള്ള അവസരം സുപ്രീം കോടതിയിലെ ചീഫ് ജസ്റ്റിസ് സ്ഥാനത്ത് എത്തുന്നവര്‍ പൊതുവെ നഷ്ടപ്പെടുത്താറില്ല. മലയാളിയായ കെ ജി ബാലകൃഷ്ണന്‍ ചീഫ് ജസ്റ്റിസ് സ്ഥാനത്തു നിന്ന് വിരമിക്കുന്നതിന് മുമ്പുള്ള ദിനങ്ങളില്‍ പല പ്രധാന കേസുകളിലും വിധി പറഞ്ഞിരുന്നു. കുറ്റാരോപിതരെ നാര്‍കോ, നുണ പരിശോധനകള്‍ക്ക് വിധേയരാക്കുന്നതിന് അവരുടെ അനുമതി വേണമെന്ന സുപ്രധാന വിധി ജസ്റ്റിസ് കെ ജെ ബാലകൃഷ്ണന്‍ അധ്യക്ഷനായ ബഞ്ചിന്റേതായിരുന്നു. പ്രകൃതി വിഭവങ്ങളുടെ വില നിശ്ചയിക്കാനുള്ള അധികാരം സര്‍ക്കാറിനാണെന്ന് വിധിച്ച്, പ്രകൃതി വാതകത്തിന്റെ വില വര്‍ധിപ്പിക്കാനും അതുവഴി മുകേഷ് അംബാനിയുടെ റിലയന്‍സിന് ലാഭമുണ്ടാക്കിക്കൊടുക്കാനും വഴിയൊരുക്കിയതും ജസ്റ്റിസ് കെ ജി ബാലകൃഷ്ണന്‍ അധ്യക്ഷനായ ബഞ്ചാണ്.

സ്ഥാനമൊഴിയാന്‍ പോകുന്ന ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, സുപ്രധാനമായ അര ഡസനോളം കേസുകളിലാണ് സര്‍വീസിന്റെ അവസാന നാളുകളില്‍ തീര്‍പ്പുണ്ടാക്കിയത്. സുപ്രീം കോടതിയിലെയും ഹൈക്കോടതിയിലെയും ജഡ്ജിമാരുടെ നിയമനത്തിന്റെ കാര്യത്തിലും മറ്റും കേന്ദ്ര സര്‍ക്കാറിന്റെ ഇംഗിതങ്ങള്‍ക്കൊപ്പം നില്‍ക്കുന്നുവെന്നും പ്രധാനപ്പെട്ട കേസുകളില്‍ ഭരണകൂടം ഇച്ഛിക്കുന്ന വിധിയുണ്ടാകാന്‍ പാകത്തില്‍ ബഞ്ചുകളെ നിശ്ചയിക്കുന്നുവെന്നുമുള്ള ആരോപണങ്ങളുയരുകയും സുപ്രീം കോടതിയിലെ മുതിര്‍ന്ന നാല് ജഡ്ജിമാര്‍ ചിലതൊക്കെ പരസ്യമായി പറയുകയും ചെയ്തത് മൂലമുണ്ടായ പ്രതിച്ഛായാ നഷ്ടം നികത്തും വിധത്തിലായിരുന്നു ചീഫ് ജസ്റ്റിസിന്റെ അധ്യക്ഷതയിലുള്ള ബഞ്ചുകളില്‍ നിന്ന് ഈ ദിവസങ്ങളില്‍ വന്ന വിധികളേറെയും. വരാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പിന്റെ അജന്‍ഡ നിശ്ചയിക്കാനുള്ള വഴി തുറന്നേക്കാവുന്ന വിധിയും ഇക്കൂട്ടത്തിലുണ്ടായി. ബാബ്‌രി മസ്ജിദ് നിലനിന്ന പ്രദേശത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച കേസില്‍ അലഹബാദ് ഹൈക്കോടതി പുറപ്പെടുവിച്ച വിധിയിന്‍മേലുള്ള അപ്പീലിന്‍മേല്‍ വേഗത്തില്‍ വിധി വരാനുള്ള സാഹചര്യം ഒരുക്കുന്നതായിരുന്നു ഇത്.

1992 ഡിസംബര്‍ ആറിന് ബാബ്‌രി മസ്ജിദ് തകര്‍ക്കപ്പെട്ടതിന് ശേഷം മസ്ജിദ് നിലനിന്ന സ്ഥലമുള്‍പ്പെടെ 68 ഏക്കറോളം ഭൂമി ഏറ്റെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയമം കൊണ്ടുവന്നു. ഇത് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജി പരിഗണിക്കവെ 1994ല്‍ സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബഞ്ച്, ഇസ്‌ലാമിന്റെ അനിവാര്യമായ ഘടകമല്ല മസ്ജിദ് എന്ന് നിരീക്ഷിച്ചിരുന്നു. ബാബ്‌രി മസ്ജിദ് നിലനിന്ന ഭൂമി സംബന്ധിച്ച കേസില്‍, പിന്നീട് അലഹബാദ് ഹൈക്കോടതി വിധി പറഞ്ഞപ്പോള്‍ ഈ പരാമര്‍ശം ചൂണ്ടിക്കാട്ടുകയും ചെയ്തു. അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവ് ചോദ്യംചെയ്തുള്ള ഹരജി പരിഗണിക്കുമ്പോള്‍ ഈ പരാമര്‍ശം സ്വാധീനം ചെലുത്താന്‍ ഇടയുണ്ടെന്നും ആയതിനാല്‍ പുനപ്പരിശോധനക്കായി ഏഴംഗങ്ങളുള്ള ഭരണഘടനാ ബഞ്ചിനെ ചുമതലപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് ഉത്തര്‍ പ്രദേശ് വഖഫ് ബോര്‍ഡ് സുപ്രീം കോടതിയെ സമീപിച്ചു. ഈ ഹരജിയിലാണ് ജസ്റ്റിസുമാരായ ദീപക് മിശ്ര, അശോക് ഭൂഷണ്‍, അബ്ദുല്‍ നസീര്‍ എന്നിവരടങ്ങിയ ബഞ്ച് വിധി പറഞ്ഞത്. പരാമര്‍ശം പുനപ്പരിശോധിക്കേണ്ടതില്ലെന്ന് ജസ്റ്റിസുമാരായ ദീപക് മിശ്രയും അശോക് ഭൂഷണും വിധിച്ചപ്പോള്‍ ജസ്റ്റിസ് അബ്ദുല്‍ നസീര്‍ വിയോജിച്ചു. പുനപ്പരിശോധന വേണ്ടെന്നും ഏറ്റെടുക്കല്‍ ചോദ്യംചെയ്ത് സമര്‍പ്പിച്ച ഹരജിയില്‍ മാത്രം പരിമിതപ്പെടുന്നതാണ് ആ പരാമര്‍ശമെന്നും ഭൂരിപക്ഷവിധിയുണ്ടായതോടെയാണ് ബാബ്‌രി മസ്ജിദ് കേസിലെ അപ്പീലില്‍ ഒക്‌ടോബര്‍ 29 മുതല്‍ വാദം കേള്‍ക്കാന്‍ തീരുമാനമായത്.

1994ലെ വിധി, സാങ്കേതികാര്‍ഥത്തില്‍ ഭാഗികമായി ശരിയാണെന്ന് പറയാം. പക്ഷേ, അത് വിശ്വാസവുമായി ബന്ധപ്പെട്ട കാര്യം മാത്രമാണ്. വസ്തുതകളാണ് കോടതി പരിഗണിക്കേണ്ടത്. രാമന്‍ ജനിച്ചുവെന്ന് സംഘ്പരിവാരം അവകാശപ്പെടുന്ന പ്രദേശത്ത് മസ്ജിദ് നിലനിന്നിരുന്നുവെന്നതാണ് വസ്തുത. അതിന്‍മേല്‍ രാമജന്മഭൂമി ന്യാസും സംഘ്പരിവാരവും ഉന്നയിക്കുന്ന അവകാശം രാജ്യത്ത് നിലവിലുള്ള നിയമങ്ങളനുസരിച്ച് യുക്തിസഹമാണോ എന്ന് മാത്രമേ കോടതിക്ക് പരിശോധിക്കേണ്ടതുള്ളൂ. തര്‍ക്കമുന്നയിച്ചവര്‍ അക്രമാസക്തരാകുകയും ഭരണകൂടങ്ങളുടെ (ഉത്തര്‍ പ്രദേശിലെ കല്യാണ്‍ സിംഗ് സര്‍ക്കാറിന്റെയും കേന്ദ്രത്തിലെ നരസിംഹ റാവു സര്‍ക്കാറിന്റെയും) ഒത്താശയോടെ മസ്ജിദ് തകര്‍ക്കുകയും ചെയ്തപ്പോഴാണ് ആ ഭൂമി ഏറ്റെടുത്ത് നിയമം കൊണ്ടുവന്നത്. ഇസ്‌ലാമില്‍ മസ്ജിദ് അനിവാര്യമാണോ അല്ലയോ എന്ന പരാമര്‍ശമൊന്നുമില്ലാതെ തന്നെ ഭൂമി ഏറ്റെടുത്ത നിയമം ശരിവെക്കാന്‍ അഞ്ചംഗ ഭരണഘടനാ ബഞ്ചിന് സാധിക്കുമായിരുന്നു. കേസില്‍ തീര്‍പ്പുണ്ടാകും വരെ ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാകാതിരിക്കാന്‍ ഏറ്റെടുക്കല്‍ അനിവാര്യമെന്ന് പറയുകയേ വേണ്ടിയിരുന്നുള്ളൂ. എന്നിട്ടും ചില പരാമര്‍ശങ്ങള്‍ വിധിയുടെ ഭാഗമായി സുപ്രീം കോടതി നടത്തി. മസ്ജിദ് നിലനിന്ന സ്ഥലം മൂന്നായി വിഭജിച്ച് നല്‍കണമെന്ന് വിധിച്ച അലഹബാദ് ഹൈക്കോടതി, സുപ്രീം കോടതിയുടെ ഈ പരാമര്‍ശം ഉദ്ധരിക്കുകയും ചെയ്തു.

ഇസ്‌ലാമിന്റെ രീതികളോട് ചേര്‍ന്നുനില്‍ക്കുന്ന, പ്രത്യക്ഷത്തില്‍ വലിയ ദോഷമൊന്നുമില്ലെന്ന് തോന്നിപ്പിക്കുന്നതാണ് ഈ പരാമര്‍ശം. ബാബ്‌രി മസ്ജിദ് കേസുമായി നേരിട്ട് ബന്ധമുണ്ടെന്ന് തോന്നുകയുമില്ല. പക്ഷേ, നീതിന്യായ സംവിധാനത്തിലും പൊതു സമൂഹത്തിലും വിശാലമായ വ്യാഖ്യാനങ്ങള്‍ക്ക് വഴിവെക്കുന്ന ഒന്നാണിത്. ഇസ്‌ലാമില്‍ മസ്ജിദ് അനിവാര്യമല്ലെന്ന പരാമര്‍ശം നിലനില്‍ക്കുമ്പോള്‍ ബാബ്‌രി മസ്ജിദിന്റെ നിലനില്‍പ്പ് കൂടി ചോദ്യംചെയ്യപ്പെടും. ബാബ്‌രി മസ്ജിദ് നിലനിന്ന സ്ഥലത്ത് പള്ളി അനിവാര്യമായിരുന്നില്ലെന്ന് കൂടിയാണ് അര്‍ഥം. മറ്റൊരിടത്ത് പള്ളി പണിതാലും പോരേ എന്ന സമാന്യയുക്തിക്ക് പ്രസക്തിയേറും. അവിടെ തന്നെ പള്ളി വേണമെന്ന് നിര്‍ബന്ധിച്ച്, സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിക്കുന്ന കൂട്ടരായി ബാബ്‌രി മസ്ജിദ് പുനര്‍ നിര്‍മിക്കണമെന്ന് ആവശ്യപ്പെടുന്നവര്‍ മാറും. ബാബ്‌രി മസ്ജിദിന്റെ മേല്‍ അവകാശം സ്ഥാപിക്കാനും അതുപൊളിച്ച് രാമക്ഷേത്രം നിര്‍മിക്കാനും യത്‌നിക്കുകയും അതിന്റെ പേരില്‍ വലിയ വര്‍ഗീയ സംഘര്‍ഷമുണ്ടാക്കി രാജ്യാധികാരം പിടിക്കുകയും ചെയ്തവര്‍ നിഷ്‌കളങ്കരായി ചിത്രീകരിക്കപ്പെടുകയും ചെയ്യും.

“പള്ളി അനിവാര്യമല്ലാ”താകുന്നത് പോലെ രാമന്‍ ജനിച്ച സ്ഥലം അനിവാര്യമല്ലാതാകില്ല എന്നതാണ് യാഥാര്‍ഥ്യം. അനിവാര്യമല്ലാത്ത പള്ളി, മറ്റൊരിടത്തേക്ക് മാറ്റിയാല്‍ വിശ്വാസി സമൂഹത്തെ അത് ബാധിക്കേണ്ടതില്ല. അതുപോലെയല്ല ശ്രീരാമന്‍ ജനിച്ച സ്ഥലമെന്ന അവകാശവാദം. അത് മറ്റൊരിടത്തേക്ക് മാറ്റാനാകില്ല. ഇത്തരം വാദങ്ങള്‍ ബാബ്‌രി കേസ് പരിഗണിക്കുന്ന ബഞ്ചില്‍ ഉയര്‍ത്താനും അത് സമൂഹത്തില്‍ പ്രചരിപ്പിക്കാനുമുള്ള അവസരമാണ് പുനപ്പരിശോധന ആവശ്യമില്ലെന്ന വിധിയിലൂടെ സുപ്രീം കോടതി തുറന്നുകൊടുത്തിരിക്കുന്നത്. 94ല്‍ ഭരണഘടനാ ബഞ്ച് നടത്തിയ പരാമര്‍ശം ബാബ്‌രി മസ്ജിദ് നിലനിന്ന സ്ഥലത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച കേസിനെ ഒരു വിധത്തിലും ബാധിക്കില്ലെന്ന് ജസ്റ്റിസുമാരായ ദീപക് മിശ്രയും അശോക് ഭൂഷണും വ്യക്തമാക്കിയിട്ടുണ്ട്. ഒരു കേസിനെയും ബാധിക്കേണ്ടാത്ത പരാമര്‍ശമാണെന്നത് തന്നെ അത് വിധിന്യായത്തിന്റെ ഭാഗമായി തുടരേണ്ടതുണ്ടോ എന്ന പരിശോധനയുടെ അനിവാര്യത വിളിച്ചുപറയുന്നുണ്ട്. അതുവേണ്ടെന്നുവെച്ച് ബാബ്‌രി മസ്ജിദ് കേസിന്റെ വാദം കേള്‍ക്കലിന് ദിവസം നിശ്ചയിക്കുകയും ദിനേന വാദം കേള്‍ക്കുമെന്ന് വ്യക്തമാക്കുകയും ചെയ്യുമ്പോള്‍ ഈ കേസിനൊരു തീര്‍പ്പ് വേഗമുണ്ടാകണമെന്ന ആഗ്രഹമാണ് പ്രകടമാകുന്നത്.

ഇന്ധന വില വര്‍ധന, റാഫേല്‍ ഇടപാടിനെക്കുറിച്ച് ഉയരുന്ന ആരോപണം, നോട്ട് പിന്‍വലിച്ചതും ജി എസ് ടിയുടെ തിടുക്കപ്പെട്ടുള്ള നടപ്പാക്കലും സൃഷ്ടിച്ച ആഘാതം, ഭക്ഷണം തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം പോലും ഹനിക്കപ്പെടുന്ന അവസ്ഥ, വരേണ്യ വര്‍ഗീയതയുടെ അസഹിഷ്ണുതയില്‍ നിന്ന് ഉരുവമെടുക്കുന്ന ആള്‍ക്കൂട്ടങ്ങള്‍ മുസ്‌ലിംകളെയും ദളിതുകളെയും തല്ലിക്കൊല്ലാന്‍ മടിക്കാത്ത സാഹചര്യം എന്നിങ്ങനെ പല കാരണങ്ങളാല്‍ പ്രതിരോധത്തില്‍ നില്‍ക്കുന്നു നരേന്ദ്ര മോദി സര്‍ക്കാറും ബി ജെ പിയും. പൊള്ളയായ വാഗ്ദാനങ്ങളുടെ ഭാരം തങ്ങള്‍ പേറുമ്പോള്‍, ഖജനാവ് കൊള്ളയടിക്കുന്ന വന്‍കിടക്കാര്‍ക്ക് സുരക്ഷിത പാതയൊരുക്കുകയാണ് “രാജ്യസ്‌നേഹി”ക്കൂട്ടമെന്ന് സാധാരണക്കാര്‍ മനസ്സിലാക്കുന്നു. ആ വികാരം തെരഞ്ഞെടുപ്പില്‍ ഭിന്നിച്ചുപോകരുതെന്ന ചിന്തയില്‍ യോജിപ്പ് സാധ്യമായ ഇടങ്ങള്‍ തേടുന്ന പ്രതിപക്ഷം. “ഇന്ത്യ തിളങ്ങുന്നു”വെന്ന മുദ്രാവാക്യവുമായി അധികാരത്തിലേക്കുള്ള തിരിച്ചുവരവ് ഉറപ്പിച്ചിറങ്ങിയ എ ബി വാജ്പയിയുടെ എന്‍ ഡി എയ്ക്ക് 2004ല്‍ ഉണ്ടായ തോല്‍വി ആവര്‍ത്തിക്കാനുളള സാധ്യത വിരളമല്ലെന്നിരിക്കെ, വര്‍ഗീയ ധ്രുവീകരണം കൂടുതല്‍ ആഴത്തിലുള്ളതാക്കാന്‍ അവസരം തേടുന്നുണ്ട് സംഘ്്പരിവാരം. ഉത്തര്‍ പ്രദേശിലെ മുസഫര്‍ നഗറിലും മറ്റും ആസൂത്രിതമായി സംഘടിപ്പിച്ച വര്‍ഗീയ കലാപങ്ങള്‍ 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പി നേടിയ വലിയ വിജയത്തിന്റെ കാരണങ്ങളിലൊന്നായിരുന്നു. അത്തരം സംഗതികള്‍ ആവര്‍ത്തിക്കാന്‍ അവര്‍ മടിക്കില്ലെന്നതിന് സ്വതന്ത്ര ഇന്ത്യയുടെ ചരിത്രം സാക്ഷി.

ബാബ്‌രി മസ്ജിദ് കേസില്‍, ഉടനൊരു തീര്‍പ്പുണ്ടാകണമെന്ന് ഏറ്റം ആഗ്രഹിക്കുന്നത് ബി ജെ പിയും ഇതര സംഘ്പരിവാര സംഘടനകളുമായിരിക്കും. വിധി എന്തായാലും വര്‍ഗീയതക്ക് വളമാകുമെന്ന തികഞ്ഞ വിശ്വാസമുണ്ടവര്‍ക്ക്. വിധിക്ക് ശേഷമുണ്ടാകുന്ന ഏത് തീപ്പൊരിയും കലാപമായി ആളിക്കത്തിക്കാനാകുമെന്ന ഉറപ്പാണ് ആ വിശ്വാസത്തിന് കാരണം. കൊള്ളിവെപ്പിനും കൂട്ടക്കുരുതിക്കും വേണ്ടതൊക്കെ സംഭരിച്ചാണ് 2002ല്‍ ഗുജറാത്തിലെ വംശഹത്യാ ശ്രമം നടത്തിയത്. പൊലീസിനെ നിഷ്‌ക്രിയമാക്കിയും യഥാസമയം പട്ടാളത്തെ നിയോഗിക്കാതെയും അക്രമികള്‍ക്ക് അഴിഞ്ഞാടാന്‍ അവസരമൊരുക്കുകയും ചെയ്തു. അതിന് അധ്യക്ഷത വഹിച്ചവര്‍ ഇന്ന് കൂടുതല്‍ അധികാരമുള്ളവരാണ്. “ഭൂരിപക്ഷ സമുദായത്തിന്റെ വികാരം ഒഴുകിപ്പോകാന്‍ അവസരമുണ്ടാകണ”മെന്ന് പോലീസ് ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചുവെന്ന ആരോപണം നേരിടുന്നയാള്‍ ഇനിയും അത്തരം നിര്‍ദേശങ്ങള്‍ക്ക് മടിച്ചേക്കില്ല. കാറിനടിയില്‍ ചതഞ്ഞരയുന്ന പട്ടിക്കുട്ടികളുടെ കാര്യത്തില്‍ യാത്രക്കാരന് ഉത്തരവാദിത്തമുണ്ടാകേണ്ട കാര്യവുമില്ലല്ലോ!

രാമക്ഷേത്ര നിര്‍മാണം വാഗ്ദാനമായിരുന്നു. ജനസംഖ്യയില്‍ ഭൂരിപക്ഷമായ ഹിന്ദുക്കള്‍ അതാഗ്രഹിക്കുന്നുവെന്നാണ് സംഘ്പരിവാരം അവകാശപ്പെടുന്നത്. കോടതി വിധി, ക്ഷേത്ര നിര്‍മാണത്തിന് തടസ്സമായാല്‍ “ഭൂരിപക്ഷ സമുദായത്തിന്റെ വികാരം ഒഴുകിപ്പോകാന്‍” അവസരമുണ്ടാക്കേണ്ടി വരാം. വിധി അനുകൂലമായാല്‍ ഇത്രയും കാലം ക്ഷേത്ര നിര്‍മാണത്തിന് തടസ്സം നിന്നവരോടുള്ള വികാരം ഒഴുകിപ്പോകാനും അവസരമുണ്ടാക്കാം. 1949 ഡിസംബര്‍ 22ന് രാത്രി ഹിന്ദുമഹാസഭയുടെ പ്രവര്‍ത്തകര്‍ ബാബ്‌രി മസ്ജിദിനുള്ളില്‍ അതിക്രമിച്ച് കടന്ന് വിഗ്രഹങ്ങള്‍ സ്ഥാപിച്ചതും പിറ്റേന്ന് അയോധ്യ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസുമൊക്കെ വികാരമുണര്‍ത്തലിന് ദുര്‍ബലമായ തടപോലുമാകില്ല.

ഇന്ത്യന്‍ യൂനിയനില്‍ അധിവസിക്കുന്നവരുടെ, ജാതി മത ഭേദമില്ലാതെ, വിശുദ്ധ പുസ്തകമാണ് ഭരണഘടന. അത് ഉറപ്പുനല്‍കുന്ന രാഷ്ട്രത്തിന്റെ മതനിപരേക്ഷ സ്വഭാവം നിലനില്‍ക്കുമോ എന്ന ചോദ്യത്തിന് ഉത്തരം നല്‍കേണ്ട പൊതു തെരഞ്ഞെടുപ്പിന് മുമ്പ് ഫാസിസ്റ്റുകളുടെ അജന്‍ഡക്ക് വഴിയൊരുക്കുകയാണ്, ബാബ്‌രി കേസില്‍ വേഗം തീര്‍പ്പുണ്ടാകാന്‍ അവസരമൊരുക്കിയതിലൂടെ അറിഞ്ഞോ അറിയാതെയോ സുപ്രീം കോടതി ചെയ്തത്. അതങ്ങനെ വേണമോ എന്ന് ആലോചിക്കേണ്ട ഉത്തരവാദിത്തം സുപ്രീം കോടതിയിലെ ബഹുമാന്യരായ ന്യായാധിപന്‍മാര്‍ക്കുണ്ട്. സ്വതന്ത്രമായ നീതിന്യായ സംവിധാനമില്ലെങ്കില്‍ ജനാധിപത്യം അതിജീവിക്കില്ലെന്ന് കോടതിക്ക് പുറത്തിറങ്ങി ജനങ്ങളോട് പറഞ്ഞവരില്‍ ഒരാളായ ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് ചീഫ് ജസ്റ്റിസ് സ്ഥാനത്തേക്ക് എത്തുമ്പോള്‍ അദ്ദേഹത്തിന് പ്രത്യേകിച്ചുമുണ്ട്.

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

Latest