Connect with us

Vazhivilakk

ആരംഭശൂരത്വത്തിന്റെയും വായില്‍ മണലിടുന്നതിന്റെയും മധ്യേ...

Published

|

Last Updated

എന്നിട്ട് അവസാനമുണ്ട്, അവനെന്നെ ഫോണില്‍ വിളിക്കുന്നു! ഇപ്പോള്‍ സംഗതി ഞാന്‍ പറഞ്ഞതുപോലെ ആയത്രെ, വരട്ടെ. “വേണമെടാ, നിനക്കങ്ങനെയല്ല, അതിലപ്പുറവും വേണം, ഞാന്‍ നിനക്കുവേണ്ടി അന്ന് നല്ലതു പറഞ്ഞു തന്നപ്പോള്‍ നീയെന്ത് വിചാരിച്ചു?” എന്നിങ്ങനെ തിരിച്ചു ചോദിച്ച് ഒരു പ്രതികാരപ്രഹരം നടത്താന്‍ വാക്കുകള്‍ നാക്കിന്‍ തുമ്പത്തോളമെത്തിയതാണ്. പക്ഷേ, നടുറോഡില്‍ പെട്ടവനെ രക്ഷിക്കാനെന്ന പോലെ സഡന്‍ ബ്രേക്കിട്ട് നാക്കിനെ ഞാന്‍ മെരുക്കി.

എനിക്ക് അകവും പുറവും നന്നായി അറിയുന്ന ഒരു സ്ഥാപനത്തില്‍ വിപ്ലവദാഹിയും അത്യുത്സാഹിയുമായ സുഹൃത്ത് ജോലിക്ക് ചേരുന്നതിനെ കുറിച്ചാണ് അന്ന് കൂടിയാലോചന നടത്തിയിരുന്നത്. ഞാനന്നവനോട് തീര്‍ത്തു പറഞ്ഞു: “നിന്റെ ചോരത്തിളപ്പും വിപ്ലവ പിരാന്തും തേങ്ങാക്കുലയുമൊന്നും അവിടെ നടക്കാന്‍ പോകുന്നില്ല. നീ വേണമെങ്കില്‍ അവിടെ പോയി ഐസിലിട്ട അയിലപോലെ ഒരു ശരീരജീവിതം നയിച്ച് മാസപ്പടി മുടങ്ങാതെ പിടുങ്ങിക്കോ. അതല്ലാതെ നീ അവിടെച്ചെന്ന് കിളച്ചുകോരാനും മലമറിക്കാനുമൊന്നും നില്‍ക്കണ്ടാ. നിനക്കാവില്ല”. അന്നവന്‍ കരുതിയത്, അവനില്‍ തള്ളിത്തൂവി നില്‍ക്കുന്ന കര്‍മദാഹത്തെ അസൂയ കാരണം ഞാന്‍ ഘനീഭവിപ്പിച്ചു എന്നായിരിക്കണം. ഇന്നിപ്പോള്‍ അണ്ടിയോടടുത്ത സ്ഥിതിക്ക് അവന് മാങ്ങയുടെ പുളിപ്പ് പിടികിട്ടി.

അവന്‍ അവിടെ ചെല്ലുന്നതിന്റെ മുമ്പ് ക്ലാസുകളുടെ സമയനിഷ്ഠയും കോ കരിക്കുലര്‍ പ്രോഗ്രാമുകളുടെ സ്വഭാവവുമൊക്കെ പറയാന്‍ പറ്റാത്ത ഒരവസ്ഥയിലായിരുന്നു. എന്തെങ്കിലും ഒരു കാര്യം ഗൗരവത്തില്‍ പറഞ്ഞ് മാറ്റമുണ്ടാക്കാന്‍ പറ്റുക സ്റ്റാഫ് മീറ്റിംഗിലല്ലേ, അതിനതു വേണ്ടേ. കുട്ടികള്‍ തോന്നിയതുപോലെ വരും പോവും. പഠിപ്പിച്ചാലും ഇല്ലേലും സീനിയര്‍ മോസ്റ്റുകള്‍ക്ക് ഒരു ചുക്കുമില്ല. അവര്‍ സ്റ്റാഫ് റൂമില്‍ ചായയും മിച്ചറും വരുത്തിച്ച് കുടിച്ച്, കൊറിച്ച് ദൂഷണാത്മക സംവാദങ്ങളില്‍ ചത്തുമലക്കും. ആഘോഷപരിപാടികളെല്ലാം നിഷ്‌ക്രിയമായ ചില കാട്ടിക്കൂട്ടലുകളില്‍ ഒതുക്കിക്കളയും. അവര്‍ക്ക് ഒന്നിലും ഒരുത്സാഹവുമില്ല. പുതിയ ഒന്നിനെയും അവര്‍ വെച്ചുപൊറുപ്പിക്കുകയുമില്ല. സ്ഥാപനം പൂട്ടിപ്പോവാതെ നിന്നാല്‍ മതി; ജോലി നിലനില്‍ക്കാന്‍. അത്രതന്നെ.

ആക്ടീവതയും കലാബോധവും ആവശ്യത്തിനപ്പുറമുള്ള സുഹൃത്ത് ജോലിയില്‍ ജോയിന്‍ ചെയ്ത ഉടനെ വന്നെത്തിയ സ്റ്റുഡന്റ്‌സ് പ്രോഗ്രാം ഗംഭീരമാക്കാന്‍ തീരുമാനിച്ചു. അങ്കണത്തിലും വഴിയോരത്തും തോരണങ്ങള്‍. കളര്‍ ബള്‍ബുകള്‍ കത്തിക്കെടുന്ന സ്റ്റേജ്. കുട്ടികള്‍ക്ക് ബഹുഭാഷാ പ്രസംഗങ്ങള്‍, ക്വിസ്, ചിത്രരചന, കഥാപ്രസംഗം. പുറമെ സംഭാഷണ മത്സരവും. ഇതില്‍ ഒടുക്കം പറഞ്ഞ ഈ സംഭാഷണം എന്നത് പുളിങ്കുരുപ്പല്ലുകളുള്ള സീനിയര്‍ മോസ്റ്റുകള്‍ക്ക് തീരെ പിടിച്ചില്ല. അതെന്തെന്ന് മനസ്സിലായുമില്ല. ഉച്ചച്ചോറിന് വട്ടത്തിലിരിക്കുമ്പോള്‍ അവര്‍ “സംബാശണം” എന്ന് പിറുത്ത് പറഞ്ഞ് ഊറിച്ചിരിക്കുമെന്ന് മാത്രമല്ല, വൈകാതെ അദ്ദേഹത്തിന് ഏപ്പേരും ചാര്‍ത്തി; “സംബാശണം”! നമ്മളെ “സംബാശണം” ക്ലാസ്സില്‍ പോയോ?, “സംബാശണം” ഇന്ന് ലീവാണോ? “സംബാശണം” കക്കൂസില്‍ പോയപ്പോള്‍ വെള്ളം തീര്‍ന്നു, ഹി ഹ്ഹി ഹ്ഹി എന്നിങ്ങനെ….”

ഗതികെട്ട സുഹൃത്ത് എല്ലാറ്റില്‍നിന്നും വിട്ടുനില്‍ക്കാന്‍ തുടങ്ങി. മനം മടുത്ത അദ്ദേഹം ഉള്‍വലിഞ്ഞുള്‍വലിഞ്ഞ് ഉപ്പിട്ടുകോട്ടിയ ഉണക്കമാന്തയായി ചുരുണ്ടു. അയാള്‍ കുട്ടികള്‍ക്കായി തുടങ്ങിവെച്ച ലാംഗ്വേജ് ക്ലബ് ദയനീയമായി മരിച്ചു. പാരന്റ്‌സ് മീറ്റ് വിളിക്കേണ്ട പൂതികെട്ടു. ലൈബ്രറി മസ്തിഷ്‌ക മരണം വരിച്ചു. ഇക്കഴിഞ്ഞ “സ്റ്റുഡന്റ്‌സ് ഡേ”ക്ക് അലങ്കാരമില്ല, തോരണമില്ല, ഐറ്റങ്ങളൊന്നുമില്ല, പിന്നെ മറ്റേത് തീരെയുമില്ല; ഏത്?
“സംബാശണം!!”
“വേണമെടാ, നിനക്കങ്ങനെത്തന്നെ വേണം!!! ഞാനിതെല്ലാം അന്നേ പറഞ്ഞതല്ലേ? എന്നെപറ്റി നീ അന്നെന്തു വിചാരിച്ചു?”

അവനെ യഥാര്‍ഥ ലോകത്തിന്റെ പരുപരുപ്പുകളെപ്പറ്റി പറഞ്ഞു ബോധ്യപ്പെടുത്തുക എന്നതായിരുന്നു എന്റെ അടുത്ത ജോലി. അവനെ ഒരക്ഷരം പറയാന്‍ വിടാതെ ഞാന്‍ ദീര്‍ഘമായി സംസാരിച്ചു. “താപ്പാനകളുടെ കാലിക പ്രസക്തി” എന്ന പ്രമേയത്തെ അധികരിച്ചുകൊണ്ട് ഒരു പ്രഭാഷണം നടത്തി എന്ന് തന്നെ വേണമെങ്കില്‍ പറയാം. ഞാനെന്റെ ശ്രദ്ധ കാട്ടിലേക്ക് തിരിച്ചു. കാട്ടുകൊമ്പന്റെ ശൂരശക്തിയെ കുറിച്ച് വിവരിച്ചു. വലിച്ചുപൊട്ടിക്കും. ഇടിച്ചു നിരപ്പാക്കും. മാംസമലയായി കുടഞ്ഞോടും. അതിനെ മനുഷ്യന്‍ ആനപ്പന്തിയില്‍ വീഴ്ത്തി ഒതുക്കുന്നു. അതിനെ കുഴിയില്‍ നിന്ന് കരകയറ്റുന്ന ആനയെ നമ്മള്‍ താപ്പാന എന്ന് വിളിക്കുന്നു. അതും ഒരു കാലത്ത് കാടുവിറപ്പിച്ച കൊമ്പനാനയായിരുന്നു. പക്ഷേ ഇന്നിപ്പോള്‍ അതിന്റെ കാലില്‍ നീര്‍ക്കോലി വലുപ്പത്തിലുള്ള ഒരു വടി ചാരി വെച്ചാല്‍ കഴിഞ്ഞു, അതിന്റെ പിടപ്പും പുളപ്പും. പുകയിലത്തണ്ടു പോലുള്ള പാപ്പാന്‍ പറയുന്നതിനനുസരിച്ച് ശരീര വഴക്കങ്ങള്‍ നടത്തി തടിയൊഴിയുക എന്നതല്ലാതെ തന്റേതായ ഒരിന്നവേഷന്‍ നടപ്പാക്കാന്‍ അത് മുതിരില്ല. കുഴിയില്‍ നിന്ന് കയറ്റുന്ന വേളയില്‍ താപ്പാന തനിക്ക് പകര്‍ന്ന് കിട്ടിയ ഈ നിര്‍വികാരമായ ആലസ്യത്തിന്റെ ഒസ്യത്തുകളഖിലം ഒരു വേദമോത്തിന്റെ ആചാരപരതയോടെ പുത്തനാനക്ക് പകര്‍ന്നു കൊടുക്കുന്നു. അങ്ങനെ താപ്പാനിസം എന്നത് ഒരു വമ്പന്‍ പ്രസ്ഥാനമായി തലമുറകളിലൂടെ കൈമാറ്റം ചെയ്ത് പരിരക്ഷിച്ചു പോരുന്നു.

സൈദ്ധാന്തികഭാഷണത്തിന് ഒടുക്കമിട്ട് ഞാന്‍ അനുഭവം പറച്ചിലിലേക്ക് ചുവടുമാറി. ഞാന്‍ പറഞ്ഞു: ബഹുമാന്യനായ ഉണക്കമാന്തളേ, താപ്പാനകള്‍ വാഴും ലോകമാണിത്. താപ്പാനകള്‍ എല്ലായിടത്തുമുണ്ടാകും. മദ്‌റസയില്‍, സ്‌കൂളില്‍, കോളജില്‍, ഓഫീസില്‍, കമ്മിറ്റിയില്‍, ഡെസ്‌കില്‍, യൂനിയനില്‍- അടുക്കളയില്‍ വരെ. ഇളയ മകന്റെ പുതിയ ഭാര്യ വീടും മുറ്റവും അടുക്കളയും നടപ്പാതയുമൊക്കെ അതിവൃത്തിയില്‍ അടിച്ചു വാരുന്നത് മൂന്നേ മൂന്ന് ദിവസം കൊണ്ട് നിന്നുപോകുന്നത് ആരംഭശൂരത്വം എന്ന രോഗം കൊണ്ട് മാത്രമല്ല; ജ്യേഷ്ഠ ഭാര്യകളാകുന്ന മുതുക്കന്‍ താപ്പാനച്ചികളുടെ മുടിഞ്ഞ ക്ലാസ്സെടുപ്പ് കൊണ്ടുകൂടിയാണ്. “എടീ മണ്ടിപ്പെണ്ണേ! നിനക്ക് ചൂട് മാറിയിട്ടില്ലേ; അതൊക്കെ ഒന്ന് ശൂശൂന്നാക്കിയാ മതി. കിളച്ചു കോരുകയൊന്നും വേണ്ട-” ഇതാണ് ആദ്യം കിട്ടുന്ന ഓറിയന്റേഷന്‍.

കമ്മിറ്റികളിലും സംഘടനകളിലുമെല്ലാമുണ്ടാകും മുതുമുതുക്കനായ താപ്പാനകള്‍. നവാഗതരായ അംഗങ്ങള്‍ വ്യവസ്ഥാപിതമായ പുതിയ രീതികളെക്കുറിച്ചോ കാര്യക്ഷമതയേറ്റുന്ന ശാസ്ത്രീയ സംവിധാനങ്ങളെക്കുറിച്ചോ അഭിപ്രായം പറഞ്ഞാല്‍ ഊറിച്ചിരിച്ച് തോല്‍പ്പിച്ചു കളയും ഈ മുതുക്കന്മാര്‍. അല്ലെങ്കില്‍ നിന്റെ ആ ഫരിസ്‌കാരമൊന്നും ഇവിടെ വേണ്ട. ഇവിടെ ഇപ്പോക്ക് പോയാല്‍ മതിയെന്ന് പറഞ്ഞ് വായില്‍ മണലിട്ട് കളയും. അല്ലെങ്കില്‍, ഇവനെന്തോ ഒരഞ്ചുമിനുട്ടിന്റെ കുറവ് കാണുന്നുണ്ടല്ലോ എന്ന് വരുത്തിച്ച് ഇരുത്തിക്കളയും.
പഠിച്ച് പുറത്തിറങ്ങിയ മുറക്ക് അത്യാവേശത്തോടെ കര്‍മഗോദയിലിറങ്ങുന്ന ചൂടുപ്രതിഭകള്‍ താപ്പാനകളുടെ പിടിയിലകപ്പെടുന്നത,് നവവധു ഗര്‍ഭപാത്രം നീക്കം ചെയ്യേണ്ട ദീനത്തിലകപ്പെടുമ്പോലെ ദുരന്തകരമാണ്. ഒരുപാട് സ്വപ്‌നങ്ങളും അതിലേറെ ആശയങ്ങളും അവക്കാവശ്യമായ ഊര്‍ജവും ഉത്സാഹവുമായാണ് ഓരോ നവാഗതനും കടന്നുവരുന്നത്. താപ്പാനകള്‍ ഭയക്കുന്നത് രണ്ട് കാര്യമാണ്. ഈ പറയുന്ന ഗുലുമാലുകളൊക്കെ നടപ്പില്‍ വന്നാല്‍ നമ്മള്‍ അധികം പണിയെടുക്കേണ്ടി വരുമോ എന്ന ആധി. രണ്ടാമത്തേത് ഇവന്‍ വന്നിങ്ങനെ തിളങ്ങിയാല്‍ നമ്മുടെ വിലയിടിയുമോ എന്ന ശങ്ക. “ഇതിങ്ങനെ പോയി പൂട്ടിക്കെട്ടിയാലും ചേതമില്ല. നിന്നെയിങ്ങനെ ഞെളിഞ്ഞ് ആളാവാന്‍ ഞങ്ങള്‍ വിടൂല” – ഇതാണ് താപ്പാന ഭരണഘടനയുടെ പ്രിയാമ്പിളില്‍ കള്ളിക്കുള്ളിലാക്കി എഴുതിവെച്ച സുവര്‍ണ വചനം.

ഇനി ആദരവാക്കപ്പെട്ട “സംബാശണമേ”! നിന്നോട് ഒന്നുരണ്ട് കാര്യങ്ങള്‍ സ്വകാര്യമായിപ്പറയാം. നിന്റെയടുത്തും പാളിച്ചകളുണ്ടായിട്ടുണ്ട്. നിന്റെ പക്കല്‍ നിന്ന് എടുത്തുചാട്ടം ച്ചിരി കൂടിപ്പോയി. നീയൊരു പുതുമാദാഹിയും നേരത്തെയുള്ളവരെല്ലാം ലോകം തിരിയാത്തവരുമെന്ന ഒരു തോന്നല്‍ നിനക്ക് പിടിപെട്ടിട്ടുണ്ടോ എന്ന് നിന്റെ വിവരണത്തില്‍ നിന്ന് എനിക്ക് ഇപ്പം സംശയം ജനിക്കുന്നു. ഇനി അവരുമായി നേരിട്ട് സംസാരിച്ച് അവരുടെ സ്റ്റേറ്റ്‌മെന്റ് എടുത്താല്‍ മാത്രമേ ആക്ച്വലി അവിടെ നടന്നതെന്തെന്ന് എനിക്ക് വ്യക്തമാവുള്ളൂ. വളരെക്കാലമായി ഒരിടത്തുജോലി ചെയ്തുവരുന്ന അവരെ തീരെ പരിഗണിക്കാതെ സകല മാറ്റങ്ങളും നിന്റെ കണക്കില്‍ വരവു ചേര്‍ക്കപ്പെടണമെന്ന കെട്ട വിചാരത്തോടെ എടുത്തു ചാടിയപ്പോള്‍ സകലം കുളമായി എന്ന് പറയുകയാണ് ശരി. അതുകൊണ്ട് സുഹൃത്തേ നീ ചെല്ലുന്നിടം ആകപ്പാടെ കിളച്ചുമറിച്ചില്ലെങ്കിലും ശരി; ഉള്ളിടം കുളമാക്കി ഇറങ്ങിപ്പോരരുത്. ഇതൊരു സൂചനമാത്രം. ഇനിയെങ്ങാനും നിന്നെ സംബന്ധിച്ച് ഇമ്മാതിരി ഒരാക്ഷേപം കേള്‍ക്കാനിടയായാല്‍ ഇനി ഞാന്‍ വായ കൊണ്ടായിരിക്കില്ല സംസാരിക്കുക, ഓര്‍മയിലിരിക്കട്ടെ!
.

Latest