Connect with us

Kerala

പ്രളയത്തില്‍ തകര്‍ന്ന കിടപ്പാടം നന്നാക്കാന്‍ ലഭിച്ച സഹായധനം ദുരിതബാധിതര്‍ക്ക്; സ്വാലിഹ് വേറിട്ട മാതൃകയായി

Published

|

Last Updated

മാന്നാര്‍: പ്രളയത്തില്‍ തകര്‍ന്ന കിടപ്പാടം നന്നാക്കാന്‍ ലഭിച്ച സഹായധനം ദുരിതബാധിതര്‍ ക്ക് വിതരണം ചെയ്ത് സ്വാലിഹ് വേറിട്ട മാതൃകയായി. സഹജീവിയുടെ ദുരിതങ്ങള്‍ക്ക് മുന്നില്‍ സ്വന്തം ദുരിതങ്ങള്‍ ഒന്നുമല്ലെന്ന് പ്രഖ്യാപിക്കുന്നതായി എസ് വൈ എസ് സാന്ത്വനം പ്രവര്‍ത്തകന്‍ കൂടിയായ സ്വാലിഹിന്റെ ദുരിതാശ്വാസ പ്രവര്‍ത്തനം.
പ്രളയ ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തകരുടെ ബോട്ടിന്റെ അടിഭാഗം തട്ടി എണ്ണക്കാട് പുത്തന്‍തറയില്‍ സാലിഹിന്റെ വീടിന്റെ മേല്‍ക്കൂര തകര്‍ന്നിരുന്നു. അതിനായി എസ് വൈ എസ് ജില്ലാ കമ്മിറ്റി നല്‍കിയ തുക ഉപയോഗിച്ച് സ്വാലിഹ് പ്രദേശവാസികള്‍ക്കു സഹായം എത്തിച്ചു നല്‍കുകയായിരുന്നു. അഞ്ച് വര്‍ഷം മുമ്പാണ് സ്വാലിഹ് ഇസ്‌ലാം മതം സ്വീകരിച്ചത്. തുടര്‍ന്ന് എസ് വൈ എസ് സാന്ത്വനം പ്രവര്‍ത്തനങ്ങളുമായി സഹകരിച്ചുവരികയാണ്.

പ്രളയത്തില്‍ സ്വാലിഹിന്റെ വീട് പൂര്‍ണമായും വെള്ളത്തില്‍ മുങ്ങി. രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ മത്സ്യത്തൊഴിലാളികളുടെ ബോട്ട് തട്ടി വീടിന്റെ മേല്‍ക്കൂര തകര്‍ന്നു. പ്രളയജലം ഇറങ്ങിയിട്ടും സ്വാലിഹിനും കുടുംബത്തിനും വീട്ടില്‍ സുരക്ഷിതമായി അന്തിയുറങ്ങാന്‍ കഴിയാത്ത സ്ഥിതിയാണ്. ഇത് ശ്രദ്ധയില്‍പെട്ട എസ് വൈ എസ് സാന്ത്വനം കമ്മിറ്റി വീട് നന്നാക്കാനായി ധനസഹായമെത്തിക്കുകയായിരുന്നു. എന്നാല്‍ തന്നേക്കാള്‍ കഷ്ടപ്പെടുന്ന നിരവധി പേര്‍ സമൂഹത്തിലുണ്ടെന്നും അവരുടെ ദുരിതങ്ങള്‍ക്ക് പരിഹാരം കാണാന്‍ തന്നെക്കൊണ്ടാവുന്നത് ചെയ്യണമെന്നുമുള്ള ദൃഢനിശ്ചയത്തിലാണ് എസ് വൈ എസ് നല്‍കിയ സഹായധനം പ്രദേശവാസികളായ ദുരിതബാധിതര്‍ക്ക് എത്തിക്കുന്നതിനായി സ്വാലിഹ് ചെലവഴിച്ചത്.

സ്വാലിഹിന്റെ എണ്ണക്കാട്ടെ വീട്ടുമുറ്റത്ത് ഇന്നലെ നടന്ന ദുരിതാശ്വാസ സഹായ വിതരണം ആരുടെയും കരളലിയിക്കുന്നതായിരുന്നു. മേല്‍ക്കൂര തകര്‍ന്ന് വാസയോഗ്യമല്ലാത്ത വീട് നന്നാക്കുന്നതിനേക്കാള്‍ സഹജീവികളുടെ വിഷമങ്ങള്‍ക്ക് പരിഹാരം കാണുന്നതിലുള്ള സ്വാലിഹിന്റെ കാരുണ്യമനസ്സ് സഹായം സ്വീകരിക്കാനെത്തിയവരെയും കണ്ണീരണിയിച്ചു. എസ് വൈ എസ് സംസ്ഥാന നിര്‍വാഹക സമിതി അംഗം അനസ് പൂവാലംപറമ്പ് ഉദ്ഘാടനം ചെയ്തു. എസ് വൈ എസ് പത്തനംതിട്ട ജില്ലാ സെക്രട്ടറി സലാഹുദ്ദീന്‍ മദനി അധ്യക്ഷത വഹിച്ചു. പ്രദീപ് എണ്ണക്കാട്, അനൂപ് പ്രസംഗിച്ചു.

ചടങ്ങില്‍ മാന്നാര്‍ എസ് ഐ. റജൂബ്ഖാന്‍ വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങളും പ്രദേശവാസികള്‍ക്ക് കിറ്റുകളും വിതരണം ചെയ്തു. നിരവധി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായിട്ടുണ്ടെങ്കിലും ദുരിതബാധിതനായ ഒരാള്‍ ഇത്തരത്തില്‍ മുന്നോട്ടുവന്നത് തന്നെ ഒരുപാട് ആകര്‍ഷിച്ചെന്ന് എസ് ഐ പറഞ്ഞു. എസ് വൈ എസ് നല്‍കിയ തുക ഉപയോഗിച്ച് പ്രദേശ വാസികള്‍ക്കു സഹായം എത്തിച്ചു നല്‍കിയ സ്വാലിഹിനെ ജില്ലാ സെക്രട്ടറി സലാഹുദ്ദീന്‍ മദനി അഭിനന്ദിച്ചു.

Latest