Connect with us

Kerala

തേറമ്പില്‍ രാമകൃഷ്ണന് പിന്നാലെ ഓഫറുകളുമായി ബി ജെ പി

Published

|

Last Updated

തൃശൂര്‍: കോണ്‍ഗ്രസ് നേതാവും മുന്‍ സ്പീക്കറുമായ തേറമ്പില്‍ രാമകൃഷ്ണന്‍ ബി ജെ പിയിലേക്ക് പോകുമെന്ന് സൂചന. ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത്ഷായുടെ പ്രതിനിധികള്‍ തേറമ്പിലുമായി കൂടിക്കാഴ്ച നടത്തിക്കഴിഞ്ഞതായും സൂചനയുണ്ട്. എന്നാല്‍ പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് തേറമ്പിലും കോണ്‍ഗ്രസ് ജില്ലാ നേതൃത്വവും പ്രതികരിച്ചു. കോണ്‍ഗ്രസുമായി പ്രശ്‌നങ്ങളൊന്നുമില്ലെന്നും ബി ജെ പി നേതാക്കളാരുമായും ചര്‍ച്ച നടത്തിയിട്ടില്ലെന്നും തേറമ്പില്‍ പറഞ്ഞു.

അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശൂര്‍ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയാക്കാമെന്നും ജയിച്ചാല്‍ കേന്ദ്രമന്ത്രി സ്ഥാനവും പരാജയപ്പെട്ടാല്‍ ഗവര്‍ണര്‍ പദവിയും നല്‍കാമെന്ന വാഗ്ദാനമാണ് ബി ജെ പി നല്‍കിയിട്ടുള്ളത്. കെ പി സി സി പുന:സംഘടനയുമായി ബന്ധപ്പെട്ട് അഭിപ്രായ വ്യത്യാസങ്ങളുള്ള കോണ്‍ഗ്രസ് നേതാക്കളെ ബി ജെ പിയിലേക്ക് കൊണ്ടുവരാനുള്ള ശ്രമത്തിന്റെ ഭാഗമായാണിത്.

അതേസമയം, കോണ്‍ഗ്രസിന്റെ അവഗണനയില്‍ കടുത്ത പ്രതിഷേധത്തിലാണ് തേറമ്പില്‍ രാമകൃഷ്ണനെന്ന് അദ്ദേഹവുമായി ബന്ധപ്പെട്ട വക്താക്കള്‍ പറയുന്നു. കോണ്‍ഗ്രസ് മണ്ഡലം, ബ്ലോക്ക് പുന:സംഘടനകളിലൊന്നും തന്റെ അഭിപ്രായം തേടാത്തതില്‍ തേറമ്പിലിന് അമര്‍ഷമുണ്ടെന്നാണ് അറിയുന്നത്. പാര്‍ട്ടിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തുടര്‍ച്ചയായി അവഗണിക്കുന്നതായും അദ്ദേഹത്തിന് പരാതിയുണ്ട്.

തൃശൂരിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവും അഭിഭാഷകനുമായ തേറമ്പില്‍ രാമകൃഷ്ണന്‍ 1982, 1991, 1996, 2001, 2006, 2011 തിരഞ്ഞെടുപ്പുകളില്‍ തൃശൂര്‍ നിയോജക മണ്ഡലത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എം എല്‍ എയായിരുന്നു. 1995-96 കാലഘട്ടത്തില്‍ കേരള നിയമസഭാ സ്പീക്കറായും പ്രവര്‍ത്തിച്ചു. നിലവില്‍ കെ പി സി സി എക്‌സിക്യുട്ടീവ് കമ്മിറ്റിയംഗമാണ്.

Latest