Connect with us

Kerala

പ്രളയ ദുരിതാശ്വാസം: മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കണ്ടു; അധിക സഹായം തേടി

Published

|

Last Updated

ന്യൂഡല്‍ഹി:പ്രധാനമന്ത്രിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തി. ഇതില്‍ കേന്ദ്രസര്‍ക്കാരും വിവിധ ഏജന്‍സികളും സംസ്ഥാനത്തിന് നല്‍കിയ നിര്‍ലോപമായ പിന്തുണക്ക് പ്രധാനമന്ത്രിയെ നന്ദി അറിയിച്ചു. കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനു പൂര്‍ണ പിന്തുണ പ്രധാനമന്ത്രി കൂടിക്കാഴ്ചയിലറിയിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.

പ്രളയത്തിനു ശേഷമുളള കേരളത്തിലെ സാഹചര്യങ്ങളെക്കുറിച്ച് പ്രധാനമന്ത്രിയെ വിശദമായി ധരിപ്പിച്ചിട്ടുണ്ട്. കാലവര്‍ഷക്കെടുതി സംസ്ഥാനത്തിന്റെ വിവിധ മേഖലകളില്‍ കനത്ത ആഘാതം സൃഷ്ടിച്ചതുകണക്കിലെടുത്ത് 4,796 കോടി രൂപയുടെ സഹായം അഭ്യര്‍ത്ഥിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്ത് നല്‍കിയിട്ടുണ്ട്. ലോകബാങ്ക്, എഡിബി, ഐഎഫ്‌സി, യുഎന്‍ഡി.പി എന്നീ സ്ഥാപനങ്ങളുടെ സംയുക്തസംഘം ധനമന്ത്രാലയത്തിന്റെ സഹായത്തോടെ നാശനഷ്ടങ്ങള്‍ വിലയിരുത്തിവരികയാണ്. 25,000 കോടി രൂപയെങ്കിലും പുനര്‍നിര്‍മ്മാണത്തിന് വേണ്ടിവരുന്ന സ്ഥിതിയാണുള്ളത്.

80%ത്തോളം ജനതയെ ബാധിച്ച ഈ ദുരിതത്തെ മറികടക്കുന്നതിന് നിര്‍ലോഭമായ കേന്ദ്രസഹായം അനിവാര്യമാണ്. അതിനായി ചില കാര്യങ്ങള്‍ കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്റെ വായ്പാ പരിധി ജി.എസ്.ഡി.പി യുടെ 3% എന്നതില്‍ നിന്നും 4.5% മായി നടപ്പുസാമ്പത്തിക വര്‍ഷം വര്‍ധിപ്പിച്ചു നല്‍കുക, അടുത്ത വര്‍ഷം മുതല്‍ അത് 3.5% മായി നിജപ്പെടുത്തുക എന്ന കാര്യവും ധനവകുപ്പിനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഇതുവഴി 16,000 കോടി രൂപയുടെ അധിക വായ്പ ലഭ്യമാക്കുക എന്നതാണ് സംസ്ഥാന സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. കേന്ദ്രം 5,000 കോടി രൂപയുടെ സ്‌പെഷ്യല്‍ ഗ്രാന്റ് സംസ്ഥാനത്തിന് നല്‍കണം. ഇക്കാര്യത്തില്‍ അനുകൂലമായ ഇടപെടല്‍ ഉണ്ടാവണമെന്ന അഭ്യര്‍ത്ഥനയും പ്രധാനമന്ത്രിക്ക് മുമ്പാകെ വെച്ചിട്ടുണ്ട്. ലോകബാങ്ക്, ഏഷ്യന്‍ വികസന ബാങ്ക് തുടങ്ങി അന്താരാഷ്ട്ര ഏജന്‍സികളില്‍ നിന്ന് ധനസഹായം ലഭ്യമാക്കാനുള്ള നടപടികള്‍ കൈക്കൊള്ളേണ്ട കാര്യവും വ്യക്തമാക്കിയിട്ടുണ്ട്.

യു.എ.ഇ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ കേരളത്തെ ഉദാരമായി സഹായിക്കാന്‍ സന്നദ്ധമാണ്. കേരളം നേരിടുന്ന വെല്ലുവിളിയുടെ പശ്ചാത്തലത്തില്‍ വിദേശ ധനസഹായം ലഭിക്കുമെന്ന് ഉറപ്പുവരുത്താന്‍ സഹായകരമായ നിലപാട് കേന്ദ്രം സ്വീകരിക്കണമെന്നും ഓര്‍മ്മിപ്പിക്കുകയുണ്ടായി.

ഇതോടൊപ്പം തന്നെ വിവിധ കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ പ്രകാരമുള്ള ധനസഹായത്തില്‍ 10% വര്‍ദ്ധനയെങ്കിലും വരുത്താന്‍ പ്രധാനമന്ത്രി വിവിധ മന്ത്രാലയങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയാല്‍ 1,000 കോടി രൂപയുടെ നേട്ടമാണ് സംസ്ഥാനത്തിനുണ്ടാവുക. കേന്ദ്ര റോഡു ഫണ്ട് ഇനത്തിലും 2018-19 ലെ വാര്‍ഷിക പദ്ധതിയിലും ഉള്‍പ്പെടുത്തി 3,000 കോടി രൂപയുടെ സഹായം കേന്ദ്ര റോഡ് ഗതാഗത വകുപ്പ് നല്‍കണമെന്നും പറഞ്ഞിട്ടുണ്ട്. നബാര്‍ഡ് ഉള്‍പ്പെടെയുള്ള ഏജന്‍സികള്‍ സംസ്ഥാനത്തിന്റെ കാര്യത്തിലുള്ള വായ്പാപരിധിയില്‍ ഇളവ് അനുവദിക്കണമെന്ന ആവശ്യവും അവതരിപ്പിച്ചിട്ടുണ്ട്.

ഇന്‍ഷുറന്‍സോ മറ്റു പരിരക്ഷകളോ ഇല്ലാത്ത വ്യാപാരികള്‍ ചെറുകിട സംരംഭകര്‍ തുടങ്ങിയ വിഭാഗങ്ങളെ ധനസഹായ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിന് ആവശ്യമായ ഭേദഗതികള്‍ വ്യവസ്ഥകളില്‍ ഉണ്ടാകണമെന്ന കാര്യവും ഓര്‍മ്മിപ്പിച്ചിട്ടുണ്ട്. വിവിധ ഏജന്‍സികള്‍ നടത്തിയ പഠനറിപ്പോര്‍ട്ടുകള്‍ അടുത്തുതന്നെ പുറത്തുവരും. ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന ഗവണ്‍മെന്റ് വിശദമായ റിപ്പോര്‍ട്ട് സഹായത്തിനായി സമര്‍പ്പിക്കുമെന്ന കാര്യവും മുഖ്യമന്ത്രി വ്യക്തമാക്കി.

നിരവധി വിദേശരാജ്യങ്ങളില്‍ ശക്തമായ മലയാളി സാന്നിധ്യമുണ്ട്. ജ?നാടിന്റെ പുനര്‍നിര്‍മ്മാണത്തില്‍ പങ്കുകൊള്ളണമെന്നുള്ള വിദേശമലയാളികളുടെ ആഗ്രഹത്തിന്റെ പശ്ചാത്തലത്തില്‍ മന്ത്രിമാര്‍ നയിക്കുന്ന സംഘം ബന്ധപ്പെട്ട രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നുണ്ട്. ഇതിനാവശ്യമായ സഹായങ്ങള്‍ കേന്ദ്രത്തിന്റെ ഭാഗത്തു നിന്ന് ഉണ്ടാകണമെന്ന കാര്യവും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം ഉദ്ഘാടനത്തിന് തയ്യാറെടുക്കുന്ന സാഹചര്യത്തില്‍ വിദേശ ഏയര്‍ലൈസുകളെ അനുവദിക്കുന്നതിനുള്ള അഭ്യര്‍ത്ഥനയും ഈ അവസരത്തില്‍ മുന്നോട്ടുവച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ പ്രധാനമന്ത്രിയുടെ ഉറപ്പു ലഭിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. കാലവര്‍ഷക്കെടുതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പൊതുവില്‍ അറിയിക്കാന്‍ കഴിഞ്ഞ സന്ദര്‍ശനമാണിതെന്ന് മുഖ്യമന്ത്രി അറിയിച്ചു.

---- facebook comment plugin here -----

Latest