Connect with us

Prathivaram

'മോദിണോമിക്‌സി'ല്‍ ആര്‍ എസ് എസിനും സംശയം

Published

|

Last Updated

നിലവില്‍ ആറായിരം പ്രചാരകുമാര്‍ ഉണ്ടെന്നാണ് താങ്കള്‍ പുസ്തകത്തില്‍ പറയുന്നത്. അവരെന്ത് പ്രതിജ്ഞയാണ് എടുക്കുന്നത്?

ഒരുതരം സന്യാസ പ്രതിജ്ഞ എന്നുപറയാം: കുടുംബവുമായും ഭൗതിക സ്വത്തുമായുമുള്ള ബന്ധം വിച്ഛേദിക്കുന്നു. ആര്‍ എസ് എസിനെ പരിണയിക്കുന്നു എന്നുവേണമെങ്കില്‍ പറയാം.

അവര്‍ വിവാഹിതരാകുന്നുണ്ടോ?
ചിലര്‍ വിവാഹം കഴിക്കുന്നു. പക്ഷെ അധികവും വിട്ടുനില്‍ക്കുന്നു. ചിലര്‍ ഇതിനെ വിശദീകരിക്കുന്നത് ജാതിരഹിതമായ ഹിന്ദു ആശ്രമജീവിത ചര്യയെന്നാണ്. അവര്‍ സുപ്രധാന പ്രവര്‍ത്തനമാണ് കാഴ്ചവെക്കുന്നത്. പോഷക സംഘടനകളുടെ നേതാക്കളാക്കുകയാണ് ഇവരെ. അതാണ് എന്റെ അഭിപ്രായത്തില്‍ ആര്‍ എസ് എസിനെ കുടുംബമായി കാത്തുസൂക്ഷിക്കുന്നത്.

2015ഓടെ അത്തരം 36 പോഷക സംഘടനകളുണ്ടായി എന്നാണ് താങ്കളുടെ പുസ്തകം പറയുന്നത്.
36 ഔപചാരിക സംഘടനകള്‍. സ്ത്രീ ശാക്തീകരണം ലക്ഷ്യമാക്കിയുള്ള സ്ത്രീ ശക്തിയാണ് അതില്‍ പുതിയത്. ഔപചാരിക പദവിക്കായി നൂറിലേറെ സംഘടനകളാണ് കാത്തുനില്‍ക്കുന്നത്. പ്രസ്തുത സംഘടന മതിയായ പക്വത കൈവരിച്ചുവെന്ന് ആര്‍ എസ് എസ് വിധിക്കുന്ന പ്രക്രിയയിലൂടെയാണ് ഔപചാരിക പോഷക സംഘടനാ പദവി ലഭിക്കുക.

ബജ്‌റംഗ്ദള്‍ ഔപചാരിക പോഷക സംഘടനയാണോ?
വി എച്ച് പിയുടെ പോഷക സംഘടനയാണത്, ആര്‍ എസ് എസിന്റെതല്ല. അതേസമയം, വി എച്ച് പി, ആര്‍ എസ് എസിന്റെ പരിവാര്‍ സംഘടനയാണ്.

എല്ലാ സര്‍സംഘ്ചാലകുമാരുമായും ബന്ധമുണ്ടായിരുന്നോ? എല്ലാവരുമായും കൂടിക്കാഴ്ചകള്‍ നടത്തിയിരുന്നോ?
സുദര്‍ശന്‍ ഒഴികെ എല്ലാവരുമായും.

എങ്ങനെയാണ് സര്‍സംഘ്ചാലക് ആകുക?
പദവിയിലിരിക്കുന്നയാള്‍ പിന്തുടര്‍ച്ചക്കാരനെ തീരുമാനിക്കുന്നു. തിരഞ്ഞെടുപ്പ് ഇല്ല.

ആര്‍ എസ് എസ് പ്രവര്‍ത്തനരീതി എങ്ങനെയാണ് മാറ്റിയത്? സ്വഭാവ നിര്‍മിതിയില്‍ (ചരിത്ര നിര്‍മാണ്‍) ഊന്നിയാണ് അത് തുടങ്ങിയതെന്ന് നിങ്ങളുടെ പുസ്തകത്തില്‍ പറയുന്നുണ്ട്. നിലവില്‍ രാജ്യത്തെയും നയപ്രക്രിയകളെയും സ്വാധീനിക്കാനാണ് ആഗ്രഹിക്കുന്നത്.
ദൈനംദിന ശാഖകളില്‍ (കൂട്ടായ്മ) സ്വഭാവ നിര്‍മാണത്തിന് അടിത്തറ പാകുകയെന്നതിലാണ് സാമൂഹിക രൂപാന്തരീകരണത്തിന്റെ പ്രാഥമിക കാഴ്ചപ്പാടുള്ളത്. പക്ഷെ പോഷക സംഘടനകളുടെ എണ്ണം പെരുകിയതോടെ, രാഷ്ട്രത്തെ സ്വാധീനിക്കുക എന്ന ദിശയിലേക്ക് പോകാന്‍ തുടങ്ങി. ആര്‍ എസ് എസിന്റെ തൊഴിലാളി യൂനിയന്‍, കര്‍ഷക സംഘടന, സ്‌കൂള്‍ സംവിധാനം, സ്വദേശി ജാഗ്രണ്‍ മഞ്ച്, വി എച്ച് പി പോലെയുള്ള മതപരിവാറുകള്‍ പോലും സര്‍ക്കാറുമായി ബന്ധപ്പെടുന്നു. കാരണം സര്‍ക്കാര്‍ എന്നത് ഇന്ത്യയില്‍ വ്യാപിച്ചുകിടക്കുന്നതാണ്. ഈ പോഷക സംഘടനകളെയെല്ലാം നയിക്കുന്ന ആര്‍ എസ് എസ് പ്രചാരകുമാര്‍ പോലും രാഷ്ട്രവുമായി ഇടപഴകുന്ന തലത്തിലെത്തിയിരിക്കുന്നു. ഉദാഹരണത്തിന്, ജാഗ്രണ്‍ മഞ്ച് മാത്രമല്ല തൊഴിലാളി യൂനിയന്‍ ബി എം എസ് പോലും നേരിട്ടുള്ള വിദേശ നിക്ഷേപത്തെ എതിര്‍ത്തിരുന്നു. അതേസമയം, ഭരണരംഗത്തുള്ള പോഷക സംഘടനയായ ബി ജെ പി, തൊണ്ണൂറുകളുടെ അവസാനം മുതല്‍ നേരിട്ടുള്ള വിദേശ നിക്ഷേപം വര്‍ധിപ്പിക്കുന്നതില്‍, പ്രത്യേകിച്ച് മോദി ഭരണത്തില്‍, അനുകൂലമായ നിലപാടാണുള്ളത്. ഇതുപോലുള്ള ചില കാര്യങ്ങള്‍ സര്‍ക്കാറുമായി പെട്ടെന്നുള്ള ബന്ധപ്പെടലിന് ആവശ്യമായി വരുന്നു (ബി ജെ പി അധികാരത്തിലിരിക്കുമ്പോഴും അല്ലാത്തപ്പോഴും). ഭൂമിയേറ്റെടുക്കലിലും ഈ ശണ്ഠയുണ്ട്. പാത്ര നിര്‍മിതി പ്രധാനമായി നിലനില്‍ക്കുമ്പോഴും, നയത്തെയും രാഷ്ട്രത്തെയും സ്വാധീനിക്കല്‍ ആര്‍ എസ് എസിന്റെ പ്രധാന ലക്ഷ്യം തന്നെയാണ്. രണ്ടാമത്തെ ദിശയിലാണ് പലപ്പോഴും ആര്‍ എസ് എസ് പോകുക. എല്ലാ പരിവാര്‍ സംഘടനകളുടെയും സംഘങ്ങളുടെയും ക്ഷേമം സര്‍ക്കാര്‍ നയത്തെയും രാഷ്ട്രത്തിന്റെ നടപടികളെയും അവലംബിച്ചാണുള്ളത്.

പോഷകസംഘടനകള്‍ക്കിടയില്‍ സംഘര്‍ഷങ്ങളുണ്ടാകുമ്പോള്‍ ആര്‍ എസ് എസ് എന്താണ് ചെയ്യാറ്?
പോഷക സംഘടനകള്‍ക്കിടയില്‍ മധ്യസ്ഥന്‍, സമതുലിതത്വം എന്നിങ്ങനെയാണ് ആര്‍ എസ് എസ് സ്വയം കാണുന്നത്. വിട്ടുവീഴ്ചയുണ്ടായില്ലെങ്കില്‍, പ്രത്യേക വിഷയത്തില്‍ തീരുമാനം കൈക്കൊള്ളുന്നത് നീട്ടിവെക്കും. ആന്തരികമായി ഭിന്നത ഉയരുമ്പോള്‍ പരിഹാരത്തിന് താമസംവിനാ ശ്രമിക്കും. പഴയകാലത്ത് നേരിട്ടുള്ള വിദേശ നിക്ഷേപത്തെ ശക്തമായി എതിര്‍ത്തിരുന്നു. പക്ഷെ ബി ജെ പി സര്‍ക്കാറുകള്‍ സാങ്കേതികവിദ്യക്കും വളര്‍ച്ചക്കും ജോലിക്കുമെല്ലാം നേരിട്ടുള്ള വിദേശ നിക്ഷേപം ആവശ്യമാണെന്ന് വാദിച്ചതോടെ ആര്‍ എസ് എസിന്റെ എതിര്‍പ്പും ശോഷിച്ചു. നേരിട്ടുള്ള വിദേശ നിക്ഷേപത്തോടുള്ള ഭഗവതിന്റെ പ്രതികരണം നിശ്ശബ്ദമാക്കപ്പെട്ടു.

മോദിയുടെ സാമ്പത്തിശാസ്ത്രത്തെ കുറിച്ച് പ്രത്യേകിച്ച് വിദേശ സാമ്പത്തിക നയം, നോട്ട് പിന്‍വലിക്കല്‍, ജി എസ് ടി എന്നിവയെ കുറിച്ചുള്ള ആര്‍ എസ് എസിന്റെ നിലപാട് എന്താണ്?
മോദിയുടെ അധികാര ആരോഹണത്തില്‍ ആര്‍ എസ് എസ് ഉത്തരവാദിയാണെന്ന് നിസ്സംശയം പറയാം. പക്ഷെ, മോദിയുടെ സാമ്പത്തിക നിര്‍വഹണത്തെ ആര്‍ എസ് എസ് സംശയത്തോടെയാണ് കാണുന്നത്. ആര്‍ എസ് എസ് ഇഷ്ടപ്പെടുന്നതിനേക്കാള്‍ നേരിട്ടുള്ള വിദേശ നിക്ഷേപത്തോടും വിദേശ വ്യാപാരത്തോടുമെല്ലാം മോദിക്ക് കൂടുതല്‍ തുറന്ന മനസ്സാണ്. സംഘടനകളുടെ യഥാര്‍ഥ അടിസ്ഥാനമായ സംഘങ്ങളെ (ചെറുകിട കച്ചവടക്കാരെ) നോട്ട് പിന്‍വലിക്കലും ജി എസ് ടിയും നേരിട്ട് ബാധിച്ചു. നോട്ട് പിന്‍വലിക്കലിനോ ജി എസ് ടിക്കോ എതിരായി തീര്‍ച്ചയായും ആര്‍ എസ് എസ് പ്രമേയം പാസ്സാക്കിയിട്ടില്ല. അങ്ങനെയാണ് ഇപ്പോള്‍ ആര്‍ എസ് എസിന്റെ പ്രവര്‍ത്തനം. പക്ഷെ, ചെറുകിട കച്ചവടക്കാര്‍ക്കുള്ള പ്രയാസം ലഘൂകരിക്കാനുള്ള നയങ്ങള്‍ നടപ്പാക്കുന്നതില്‍ സ്വാധീനം ചെലുത്തിയിട്ടുണ്ട്.

സാംസ്‌കാരിക വിഷയങ്ങളിലേക്ക് കടക്കാം അല്ലേ? ആദ്യം ഭാഷയും ലിംഗവും പരിശോധിക്കാം. തുടര്‍ന്ന് നാം ചില സന്ദര്‍ഭങ്ങളില്‍ ചര്‍ച്ച ചെയ്ത ജാതിയിലേക്കും മതത്തിലേക്കും വരാം. ഭാഷാ രാഷ്ട്രീയത്തില്‍, ഹിന്ദി പ്രചാരണത്തിന് മൗലികമായി ഇടപെട്ടിട്ടുണ്ട് ആര്‍ എസ് എസ് എന്ന് എല്ലാവര്‍ക്കുമറിയാം. ഇപ്പോള്‍ തെക്കിലേക്കും കിഴക്കിലേക്കും ആര്‍ എസ് എസ് അടിസ്ഥാനം വ്യാപിപ്പിച്ചിരിക്കുന്നു. ഇനിയും ഹിന്ദി പ്രാമുഖ്യത്തില്‍ ആര്‍ എസ് എസ് തുടരുമോ?
അത് കഴിയില്ല, അതങ്ങനെയല്ല, തെക്ക്- കിഴക്ക് വ്യാപനത്തില്‍ നിന്ന് മാറി, ആര്‍ എസ് എസിന്റെ സ്‌കൂള്‍ സംവിധാനത്തിലെ മാധ്യമമാണ് ഒരു വിഷയം. ആര്‍ എസ് എസ് സ്‌കൂളുകള്‍ മാതൃഭാഷയിലാണ് പഠിപ്പിക്കുന്നത്; ഹിന്ദി ഒരു വിഷയമായി പഠിപ്പിക്കുന്നുണ്ടെങ്കിലും. മറ്റൊരു താത്പര്യമുള്ള വളര്‍ച്ച എന്നത്, ഇംഗ്ലീഷിനോടുള്ള ആര്‍ എസ് എസിന്റെ മനോഭാവ മാറ്റമാണ്. ആര്‍ എസ് എസ് പിന്തുണ ആഗ്രഹിക്കുന്ന മധ്യവര്‍ഗം ഇംഗ്ലീഷ് പഠിക്കാന്‍ താത്പര്യപ്പെടുന്നു. ഇന്നത്തെ അന്താരാഷ്ട്ര വ്യവസ്ഥിതിയില്‍ ദേശീയ അധികാരത്തിന് വലിയ തോതില്‍ സംഭാവന നല്‍കുന്നുണ്ട് ഇംഗ്ലീഷ്. ഇന്ത്യ ദേശീയ ശക്തി വര്‍ധിപ്പിക്കുന്നതോടൊപ്പം ഇംഗ്ലീഷിനെതിരെയുള്ള രൂക്ഷമായ ആക്രമണം തുടരാന്‍ ആര്‍ എസ് എസ് തുനിയുകയില്ല. ഇനി ഹിന്ദി മാത്രം പ്രചരിപ്പിക്കുകയുമില്ല.

ജാതിവ്യവസ്ഥയെ സംബന്ധിച്ച് നിരവധി ചോദ്യങ്ങളുണ്ട്. ആദ്യം, സ്വീകാര്യ നടപടിയെ സംബന്ധിച്ച് ആര്‍ എസ് എസിന്റെ കാഴ്ചപ്പാട് എന്താണ്?
2015ലെ ബിഹാര്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ, ജാത്യാടിസ്ഥാനത്തിലുള്ള സ്വീകാര്യ നടപടി പുനഃപരിശോധിക്കാനുള്ള സമയമാണിതെന്ന് മോഹന്‍ ഭഗവത് പറഞ്ഞിരുന്നു. ദീര്‍ഘകാലം ആ നിലപാടിലായിരുന്നു ആര്‍ എസ് എസ്. പക്ഷെ, രാഷ്ട്രീയ കൊടുങ്കാറ്റുണ്ടായതോടെ ഭഗവത് പെട്ടെന്ന് കളം മാറ്റി. ഭഗവതിന്റെ പ്രസ്താവനകള്‍ ബി ജെ പിയെ വേദനിപ്പിച്ചുവെന്ന വികാരവുമുണ്ടായി. സ്വീകാര്യ നടപടി പുനഃപരിശോധിക്കണമെന്ന് ആര്‍ എസ് എസ് ആഗ്രഹിക്കുന്നുവെങ്കില്‍ കൂടി, ഇന്ത്യന്‍ പശ്ചാത്തലത്തില്‍ രാഷ്ട്രീയമായി അപകടകരമാണ് അതെന്ന് അംഗീകരിക്കണം.

ജാതിവ്യവസ്ഥയോടുള്ള ആര്‍ എസ് എസ് എതിര്‍പ്പാണ് മറ്റൊരു ചോദ്യം. ഹിന്ദു ഐക്യം ശക്തിപ്പെടുത്തുക എന്ന തലത്തില്‍ താഴ്ന്ന ജാതികളെ ഒന്നിപ്പിക്കാന്‍ ആര്‍ എസ് എസ് ആഗ്രഹിക്കുന്നുവെങ്കില്‍, അതിനുള്ള മികച്ച മാര്‍ഗം ഏതാണ്? സംസ്‌കൃതവത്കരണം (താഴ്ന്ന ജാതികള്‍ക്ക് ബ്രാഹ്മണിക്കല്‍ സ്വഭാവ മാതൃക നിര്‍ദേശിക്കല്‍), അല്ലെങ്കില്‍ മറ്റെന്തെങ്കിലുമോ?
ഗോള്‍വാള്‍ക്കറുടെ ഇഷ്ട മാതൃകയായിരുന്നു സംസ്‌കൃതവത്കരണം. ദ്യോറാസിന്റെ തുടക്കത്തോടെയും ജാതിവ്യവസ്ഥയോടുള്ള അദ്ദേഹത്തിന്റെ ആക്രമണത്തോടെയും അതിന്റെ പ്രാധാന്യത്തില്‍ ഇടിവ് വന്നു. ദീന്‍ദയാല്‍ ഉപാധ്യായയുടെ എഴുത്തുകളും സമത്വവാദം സമ്പൂര്‍ണവാദമാണെന്ന് സംസാരിക്കുന്നു.
അങ്ങനെയെങ്കില്‍, ദളിതുകളും ഒ ബി സികളും സര്‍സംഘ്ചാലകുമാരാകുന്നില്ല? എല്ലാ സര്‍സംഘ്ചാലകുമാരും സവര്‍ണ ജാതിയില്‍ നിന്നാണ്. ഒരാളൊഴികെ (രാജേന്ദ്ര സിംഗ്) എല്ലാവരും ബ്രാഹ്മണന്‍മാരും.
ദളിത്, ഒ ബി സി പ്രചാരക്മാര്‍ ഉണ്ടായിട്ടുണ്ട്. ഒ ബി സിക്കാരനായ മോദി പ്രചാരക് ആയിരുന്നു. ഒ ബി സി അല്ലെങ്കില്‍ ദളിത് സര്‍സംഘ്ചാലക് എന്നത് കാലത്തിന്റെ വിഷയം മാത്രമാണ്.
(പ്രധാനമായും മൂന്ന് വെല്ലുവിളികളാണ് ആര്‍ എസ് എസിനും ബി ജെ പിക്കും അഭിമുഖീകരിക്കാനുള്ളതെന്ന് ആന്‍ഡേഴ്‌സണ്‍ വിലയിരുത്തുന്നു. അതേക്കുറിച്ച് അടുത്തയാഴ്ച).
മൊഴിമാറ്റം: പി എ കബീര്‍