Connect with us

Kerala

മുജാഹിദ് സംഘടനയിലെ തര്‍ക്കം: സ്‌കൂള്‍ ക്ലാര്‍ക്കിന് സസ്‌പെന്‍ഷന്‍

Published

|

Last Updated

കൊണ്ടോട്ടി: പുളിക്കല്‍ മുജാഹിദ് മഹല്ല് സംഘടനയായ കവാകിബുന്നയ്യിറയിലെ തര്‍ക്കം തുടര്‍ന്നു കൊണ്ടിരിക്കെ സ്‌കൂള്‍ ക്ലാര്‍ക്കിനെ സസ്‌പെന്‍ഡ് ചെയ്തു. സംഘടന നടത്തുന്ന സര്‍ക്കാര്‍ അംഗീകൃത സ്‌കൂളായ എ എം എം ഹൈസ്‌കൂള്‍ ക്ലാര്‍ക്ക് നസീമിനാണ് സസ്‌പെന്‍ഷന്‍ ലഭിച്ചത്. സ്‌കൂള്‍ മാനേജറെ ചൊല്ലിയുള്ള തര്‍ക്കം നിലനില്‍ക്കെ കഴിഞ്ഞ വര്‍ഷം നടന്ന ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ ഒരു വര്‍ഷം മാനേജറായി വി അബ്ദുല്‍ ഹമീദ് മാസ്റ്ററും തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ പി സി മുഹമ്മദ് മാസ്റ്ററും എന്ന തീരുമാനം ഇരു വിഭാഗവും അംഗീകരിച്ചിരുന്നു. ഹമീദ് മാസ്റ്റര്‍ രാജിവെച്ച് സ്ഥാനം പി സി മുഹമ്മദ് മാസ്റ്റര്‍ ഏറ്റെടുത്തതോടെയാണ് ക്ലാര്‍ക്കിനെ നീക്കിയത്.

പ്രധാനധ്യാപികയായിരുന്ന ശോഭന ടീച്ചര്‍ വിരമിച്ചതോടെ നിലവില്‍ സീനിയറായ ശോഭ ടീച്ചറെ പ്രധാനധ്യാപികയായി മാനേജ്‌മെന്റ് നിയമിച്ചിരുന്നു. എന്നാല്‍ ക്ലാര്‍ക്ക് നസീമിനെ അനുകൂലിക്കുന്ന വിഭാഗം സീനിയോറിറ്റിയില്ലാത്ത അജയനെ പ്രധാനധ്യാപകനാക്കണമെന്ന പക്ഷക്കാരായിരുന്നു. ഇത് നടക്കില്ലെന്നായതോടെ പി സി മുഹമ്മദ് മാസ്റ്ററെ മാനേജറായി തിരഞ്ഞെടുത്തതിന് അംഗീകാരം നല്‍കരുതെന്നാവശ്യപ്പെട്ട് മറുവിഭാഗം ഡി ഇ ഒയില്‍ സ്വാധീനം ചെലുത്തുകയായിരുന്നു. അതേസമയം പി സിയെ മാനേജറായി ജില്ലാ രജിസ്ട്രാര്‍ അംഗീകാരം നല്‍കിയിട്ടുണ്ട്.

കവാകിബുന്നയ്യിറയിലെ അംഗം സ്‌കൂളില്‍ ജീവനക്കാരനാകാന്‍ പാടില്ലെന്ന് വ്യക്തമാക്കിയാണ് നസീമിനെ ക്ലാര്‍ക്ക് സ്ഥാനത്ത് നിന്ന് മാനേജര്‍ സസ്‌പെന്‍ഡ് ചെയ്തത്. ഇതോടെ ഇയാള്‍ ഓഫീസ് ജീവനക്കാരുടെ ഹാജര്‍ പട്ടികയെടുത്തു കൊണ്ടുപോയതായും ഇതേ വരെ സ്‌കൂളില്‍ തിരിച്ചേല്‍പിച്ചില്ലെന്നും കാണിച്ച് ഡി ഇ ഒക്ക് പരാതി നല്‍കിയിട്ടുണ്ട്.

അതേസമയം, കഴിഞ്ഞ വര്‍ഷം സമീപത്തെ മറ്റൊരു സ്ഥാപനത്തിലെ കുട്ടികളെ എ എം എം ഹൈസ്‌കൂളിലെ കുട്ടികളായി കാണിച്ച് ഉച്ചഭക്ഷണം, സൗജന്യ യൂനിഫോം, പുസ്തകം എന്നിവക്ക് കൃത്രിമ രേഖയുണ്ടാക്കിയതിന് മുന്‍ പ്രധാനധ്യാപികക്ക് ഓഡിറ്റ് വിഭാഗം അര ലക്ഷം രൂപ പിഴ ചുമത്തിയിട്ടുണ്ട്.
തര്‍ക്കം കാരണം പള്ളിയില്‍ സംഘട്ടനം, പള്ളി പൂട്ടിയിടല്‍, അധ്യാപക നിയമനങ്ങള്‍ക്ക് അംഗീകാരം ലഭിക്കാതിരിക്കല്‍, സ്‌കൂള്‍ മാനേജറെ ചൊല്ലി തര്‍ക്കം തുടങ്ങിയ പ്രശ്‌നങ്ങള്‍ ഒന്നിന് പിറകെ ഒന്നായി നടന്നു വരികയായിരുന്നു.