Connect with us

International

രക്ഷാപ്രവര്‍ത്തനത്തിനായി ഫ്രഞ്ച് കപ്പല്‍ ഇന്ന് ഉച്ചയോടെ അഭിലാഷ് ടോമിക്കടുത്തെത്തും

Published

|

Last Updated

കൊച്ചി: ഗോള്‍ഡന്‍ ഗ്ലോബ് പ്രയാണത്തിനിടെ പായ് വഞ്ചി തകര്‍ന്ന് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ അപകടത്തില്‍പെട്ട മലയാളി നാവികന്‍ കമാന്‍ഡര്‍ അഭിലാഷ് ടോമിയെ രക്ഷിക്കാന്‍ ആദ്യ കപ്പല്‍ ഇന്ന് ഉച്ച്ക്ക് അപകടമേഖലയിലെത്തും. ഫ്രാന്‍സിന്റെ മല്‍സ്യബന്ധനക്കപ്പലായ “ഒസിരിസ്” ആണ് ഇന്ന് ഉച്ചയ്ക്ക് രക്ഷാദൗത്യത്തിനെത്തുക. അഭിലാഷിന്റെ വഞ്ചിക്ക് 266 കിലോമീറ്റര്‍ അരികില്‍ കപ്പല്‍ എത്തിയതായാണ് ഒടുവിലത്തെ റിപ്പോര്‍ട്ട്. എന്നാല്‍ കാലാവസ്ഥ മോശമായതിനാല്‍ മണിക്കൂറില്‍ എട്ടു കിലോമീറ്റര്‍ വേഗത്തില്‍ മാത്രമേ കപ്പലിനു സഞ്ചരിക്കാന്‍ കഴിയുന്നുള്ളൂ. ശനിയാഴ്ച ചെന്നൈയിലെ ആര്‍ക്കോണത്തുനിന്നു പുറപ്പെട്ട നാവികസേനയുടെ ദീര്‍ഘദൂര നിരീക്ഷണ വിമാനം പായ്‌വഞ്ചിയുടെ സ്ഥാനം കൃത്യമായി കണ്ടെത്തി ചിത്രങ്ങളും വിഡിയോയും പകര്‍ത്തി.

പ്രക്ഷുബ്ധമായ കടലില്‍, പായ്മരങ്ങള്‍ ഒടിഞ്ഞ് ഒരു വശത്തേക്കു വീണു കിടക്കുകയാണ് പായ് വഞ്ചി. ഇവിടം മേഘാവൃതമായതിനാല്‍ വിമാനം വളരെ താഴ്ന്നുപറക്കുമ്പോള്‍ മാത്രമേ സമുദ്രോപരിതലം കാണുന്നുള്ളൂ. കനത്ത മഴയും മണിക്കൂറില്‍ 55 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റുമുണ്ട്. 4 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകളും. ഇത് 6 മീറ്റര്‍ വരെ ഉയര്‍ന്നേക്കാനും സാധ്യതയുണ്ട്. രാജ്യാന്തര കപ്പല്‍ച്ചാലില്‍നിന്ന് ഏറെ അകലെ ഒറ്റപ്പെട്ട മേഖലയായതുകൊണ്ടാണു രക്ഷാപ്രവര്‍ത്തനം വൈകുന്നത്. ഓസ്‌ട്രേലിയന്‍ കപ്പലായ എച്ച്എംഎസ് ബല്ലാരറ്റും വൈകാതെ അഭിലാഷിനടുത്തെത്തും.ബല്ലാരറ്റിലാകും അഭിലാഷിനെ ഇന്ത്യയിലെത്തിക്കുക. ഇന്ത്യന്‍ നാവിക സേനയുടെ കപ്പലായ ഐഎന്‍എസ് സത്പുരയും രക്ഷാപ്രവര്‍ത്തനത്തിന് പുറപ്പെട്ടിട്ടുണ്ടെങ്കിലും വ്യാഴാഴ്ചയോടെയെ അഭിലാഷിനടുത്തെത്താനാകു.