Connect with us

Kerala

രണ്ടാം ദിവസത്തെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി; ബിഷപ്പിന്റെ അറസ്റ്റ് വൈകും

Published

|

Last Updated

കൊച്ചി: കന്യാസ്ത്രീ നല്‍കിയ പീഡന പരാതിയില്‍ ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ തുടര്‍ച്ചയായ രണ്ടാം ദിവസവും അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്‌തെങ്കിലും അറസ്റ്റുണ്ടായില്ല. രണ്ടാം ദിനമായ ഇന്നും ഏഴ് മണിക്കൂര്‍ ബിഷപ്പിനെ ചോദ്യം ചെയ്തു. രാവിലെ 11 ആരംഭിച്ച ചോദ്യം ചെയ്യല്‍ വൈകീട്ട് ആറ് മണിക്കാണ് അവസാനിച്ചത്. ചോദ്യം ചെയ്യല്‍ വെള്ളിയാഴ്ചയും തുടരും. വെള്ളിയാഴ്ച രാവിലെ പത്തരക്ക് ഹാജരാകാനായി ബിഷപ്പിന് നോട്ടീസ് നല്‍കി. രണ്ടാം ദിവസത്തെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കിയ ശേഷം ബിഷപ്പ് മരടിലെ ഹോട്ടലിലേക്ക് മടങ്ങി.

ഈ ഘട്ടത്തില്‍ അറസ്റ്റിലേക്ക് കടക്കാനാകില്ലെന്ന് കോട്ടയം എസ് പി ഹരിശങ്കര്‍ പറഞ്ഞു. അന്വേഷണം പൂര്‍ത്തിയായാല്‍ മാത്രമേ അറസ്റ്റില്‍ തീരുമാനമെടുക്കൂ. മൂന്ന് സംഘങ്ങളായി തിരിഞ്ഞ് ബിഷപ്പിന്റെ മൊഴി വിശദമായി പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

തൃപ്പൂണിത്തുറയിലെ ക്രൈംബ്രാഞ്ച് എസ്പി ഓഫീസിലെ ഹൈടെക് സെല്ലിലാണ് ബിഷപ്പിനെ ചോദ്യം ചെയ്യുന്നത്. ബിഷപ്പിന്റെ മൊഴികള്‍ തൃപ്തിരമല്ലെന്നാണ് അന്വേഷണ സംഘം നല്‍കുന്ന സൂചന. ഫ്രാങ്കോയെ അറസ്റ്റ് ചെയ്യുന്നതില്‍ നിയമതടസ്സമില്ലെന്ന് ഡിജിപി ലോക്‌നാഥ് ബഹ്‌റ വ്യക്തമാക്കിയിരുന്നുവെങ്കിലും രണ്ടാം ദിനവും അന്വേഷണ സംഘം അറസ്റ്റ് നടപടിയിലേക്ക് കടന്നില്ല.

കുറുവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീ നല്‍കിയ പീഡന പരാതിയിലാണ് ബിഷപ്പ് കുടുങ്ങിയത്. 13 തവണ താന്‍ പീഡനത്തിനിരയായതായി കന്യാസ്ത്രീ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ ജലന്തറില്‍ നേരിട്ടെത്തി അന്വേഷണ സംഘം ബിഷപ്പില്‍ നിന്ന് മൊഴിയെടുത്തിരുന്നു. പിന്നീട് നോട്ടീസ് നല്‍കി കേരളത്തിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു.

അതേസമയം, ബിഷപ്പിനെ തല്‍സ്ഥാനത്ത് നിന്ന് താല്‍കാലികമായി മാറ്റി. ഫ്രാങ്കോ മുളയ്ക്കല്ലിന് പകരം ജലന്ധര്‍ ബിഷപ്പിന്‍റെ താല്‍കാലിക ചുമതല മുംബൈ രൂപതയിലെ മുന്‍ സഹായമൈത്രാനായിരുന്ന ആഗെ്നോ റൂഫിനോ ഗ്രേഷ്യസിന് നല്‍കി വത്തിക്കാന്‍ ഉത്തരവ് ഇറക്കി. ഡൽഹിയിലെ വത്തിക്കാന്‍ കാര്യാലയമാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

---- facebook comment plugin here -----

Latest