Connect with us

Kannur

വനിതാ നേതാവിന്റെ ആരോപണം; മുസ്‌ലിം ലീഗില്‍ വിവാദം പുകയുന്നു

Published

|

Last Updated

കണ്ണൂര്‍: പാര്‍ട്ടി ദേശീയ കൗണ്‍സില്‍ അംഗവും കോര്‍പറേഷന്‍ കൗണ്‍സിലറുമായ കെ പി എ സലീമിനെതിരെ വനിതാ നേതാവ് ഉന്നയിച്ച ആരോപണം കണ്ണൂര്‍ ജില്ലാ മുസ്‌ലിം ലീഗില്‍ പുകയുന്നു. സംസ്ഥാനത്തെ മറ്റ് ജില്ലകളെ അപേക്ഷിച്ച് മുസ്‌ലിം ലീഗിനുള്ളിലെ വിഭാഗീയത ഏറ്റവും തീവ്രമായി നിലനില്‍ക്കുന്നത് കണ്ണൂരിലാണ്. പ്രകടമായിത്തന്നെ രണ്ട് ചേരികള്‍ ജില്ലാ ലീഗ് ഘടകത്തിനുള്ളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. നേരത്തെ ഭാരവാഹി തിരഞ്ഞെടുപ്പുകളിലും മറ്റും ഇത് മറനീക്കി പുറത്തുവന്നതാണ്. പാര്‍ട്ടി പിടിച്ചടക്കാന്‍ രണ്ട് വിഭാഗങ്ങള്‍ പരസ്യമായി പോരടിച്ചതിനാല്‍ നിശ്ചിത ദിവസത്തിനുള്ളില്‍ ജില്ലാ കമ്മിറ്റി രൂപവത്ക്കരിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഒടുവില്‍ നേതൃത്വത്തിന്റെ നിരന്തര ഇടപെടലും അന്ത്യശാസനക്കും ഒടുവില്‍ സംസ്ഥാനത്ത് അവസാനം നിലവില്‍ വന്ന ജില്ലാ കമ്മിറ്റികള്‍ ഒന്നായിരുന്നു കണ്ണൂരിലേത്. നേരത്തയുള്ള വിഭാഗീയത അതിനും തീവ്രമായ രീതിയില്‍ തുടരുന്നതായാണ് പുതിയ വിവാദങ്ങള്‍ തെളിയിക്കുന്നത്. നേതാവിനെതിരെ സ്വഭാവ ദൂഷ്യം ആരോപിച്ച് വനിതാ അംഗം പാര്‍ട്ടിക്ക് നല്‍കിയ പരാതി പുറത്തായതിന് പിന്നിലും വിഭാഗീയതയാണെന്നാണ് വിവരം. സംഭവം വരും ദിവസങ്ങളില്‍ പാര്‍ട്ടിയില്‍ വലിയ പ്രശ്‌നങ്ങള്‍ക്കിടയാക്കിയേക്കും.

സലീം മോശം രീതിയില്‍ പെരുമാറിയതായും തനിക്ക് എതിരെ അപവാദങ്ങള്‍ പ്രചരിപ്പിച്ചതായും കാണിച്ച് പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് അംഗവും വനിതാ ലീഗ് ജില്ലാ പ്രവര്‍ത്തക സമിതിയംഗവുമായ യുവതി നല്‍കിയ പരാതിയാണ് പുതിയ പ്രശ്‌നങ്ങള്‍ക്കിടയാക്കിയിരിക്കുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കന്‍ ജില്ലാതലത്തില്‍ രണ്ടംഗ സമിതിയെ പാര്‍ട്ടി ചുമതലപ്പെടുത്തി. ജില്ലാ സെക്രട്ടറിമാരായ കെ പി സഹദുല്ല, ഇബ്‌റാഹിംകുട്ടി തിരുവട്ടൂര്‍ എന്നീവരാണ് പരാതി അന്വേഷിക്കുക. അതിനിടെ തനിക്കെതിരെ ചില നേതാക്കള്‍ നടത്തിയ ആസൂത്രണം പരാതിക്ക് പിന്നിലുണ്ടെന്നും ഇതും അന്വേഷിക്കണമെന്ന് സലീം ആവശ്യപ്പെട്ടിട്ടുണ്ട്. യുവതിയുടെ പരാതിയെ തുടര്‍ന്ന് പാര്‍ട്ടി നിര്‍ദേശ പ്രകാരം അഴീക്കോട് മണ്ഡലം ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും സലീം നേരത്തെ രാജിവെച്ചിരുന്നു.

നേരത്തെ നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് ഉടലെടുത്ത ചില പ്രശ്‌നങ്ങള്‍ ഇപ്പോഴത്തെ ആരോപണങ്ങള്‍ക്ക് പിന്നിലുണ്ടെന്ന് സലീമിനെ അനുകൂലിക്കുന്നവര്‍ പറയുന്നു. കെ എം ഷാജി എം എല്‍ എയുമായി വലിയ അടുപ്പം പുലര്‍ത്തുന്ന നേതാവാണ് സലീം. ഷാജിക്കെതിരെ തിരഞ്ഞെടുപ്പില്‍ ചരട് വലിക്കുകയും നിരന്തരം ആരോപണം ഉന്നയിക്കുകയും ചെയ്യുന്ന ചില നേതാക്കളാണ് ആരോപണത്തിന് പിന്നില്‍. ഒരു യൂത്ത്‌ലീഗ് നേതാവും പരാതിക്ക് പിന്നിലുണ്ടെന്ന് സലീം അനുകൂലികള്‍ പറയുന്നു.

കഴിഞ്ഞ ദിവസം ബാഫഖി സധനത്തില്‍ നടന്ന ജില്ലാ കമ്മിറ്റി യോഗത്തില്‍ ഇത് ചര്‍ച്ചയായതായാണ് വിവരം. യുവതിയുടെ പരാതി ഒത്തുതീര്‍പ്പാക്കാന്‍ ചിലര്‍ ശ്രമിക്കുന്നതായും നേരത്തെ അഴീക്കോട് മണ്ഡലം പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് സലീമിനെ സംരക്ഷിക്കുന്നതരത്തിലുള്ളതാണെന്നാണ് സലീമിനെ എതിര്‍ക്കുന്നവര്‍ പറയുന്നത്. എന്നാല്‍ പരാതിക്ക് പിന്നിലെ ചില വ്യക്തികളുടെ ഗൂഢതാത്പര്യങ്ങളാണെന്ന് മറു വിഭാഗവും പറയുന്നു.
കഴിഞ്ഞ ആഗസ്റ്റ് 28 നാണ് യുവതി പാപ്പിനിശ്ശേരി പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റിക്ക് പരാതി നല്‍കിയത്. പരാതിയുടെ കോപ്പികള്‍ മേല്‍ഘടകങ്ങള്‍ക്കും നല്‍കിയിരുന്നു. മോശം ചിന്തകള്‍ മനസ്സില്‍വെച്ച് രാത്രി വീട്ടില്‍ എത്തിയതായും ആ വഴിക്ക് കിട്ടില്ലെന്ന് ബോധ്യമായപ്പോള്‍ അപമാനിക്കാന്‍ ശ്രമിച്ചതായുമാണ് പരാതി. കൂടാതെ സമുഹത്തില്‍ മോശക്കാരിയാക്കി ചിത്രീകരിക്കാന്‍ ഇല്ലാക്കഥകള്‍ മെനഞ്ഞതായും പരാതിയിലുണ്ടായിരുന്നു.

---- facebook comment plugin here -----

Latest