Connect with us

Gulf

ഷാര്‍ജ പുസ്തകമേളക്ക് മുഖ്യമന്ത്രി പിണറായി എത്തിയേക്കും

Published

|

Last Updated

ദുബൈ: ഷാര്‍ജാ രാജ്യാന്തര പുസ്തകമേളയില്‍ അതിഥിയായി കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തിയേക്കും. പുസ്തകോത്സവത്തിലെ ഇന്ത്യന്‍ പങ്കാളികളായ ഡി സി ബുക്‌സ് ഇതുസംബന്ധിച്ച് മുഖ്യമന്ത്രിയുടെ ഓഫീസുമായി ആശയ വിനിമയം നടത്തിയിട്ടുണ്ട്. ഷാര്‍ജ ഭരണാധികാരി ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി കേരളം സന്ദര്‍ശിച്ചതിന്റെ തുടര്‍ച്ച എന്ന നിലയില്‍ കേരള മുഖ്യമന്ത്രി പുസ്തകോത്സവത്തിന് എത്തണമെന്ന് ബുക്ക് അതോറിറ്റിയും ആഗ്രഹിക്കുന്നു.
പിണറായി ചികിത്സാര്‍ഥം അമേരിക്കയിലായതിനാല്‍ ആശയവിനിമയത്തിന് തുടര്‍ച്ചയുണ്ടായില്ല, എന്നതാണ് അല്‍പം അനിശ്ചിതത്വത്തിന് ഇടയാക്കുന്നത്. അതിഥികള്‍ സംബന്ധിച്ച പട്ടികക്ക് രൂപമായിട്ടുണ്ട്. പതിവുപോലെ കേരളത്തില്‍ നിന്ന് എഴുത്തുകാരും സാംസ്‌കാരിക പ്രവര്‍ത്തകരും എത്തും. അതേസമയം, മുഖ്യമന്ത്രി പിണറായിയെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുപ്പിക്കാനാണ് ശ്രമം.

മുഖ്യമന്ത്രി എത്തുകയാണെങ്കില്‍, കേരളത്തിന്റെ പ്രളയാനന്തര നവ നിര്‍മിതിക്ക് ഊര്‍ജമാകുമെന്നാണ് വിലയിരുത്തല്‍. കേരളത്തിന്റെ വികസന സംബന്ധിയായ പുസ്തകം പ്രസിദ്ധീകരിച്ച് ശ്രദ്ധക്ഷണിക്കാന്‍ കഴിയും.
ഒക്‌ടോബര്‍ 31 മുതല്‍ നവംബര്‍ 10 വരെയാണ് പുസ്തകമേള. കേരളത്തില്‍ നിന്ന് ഗ്രീന്‍ബുക്‌സ്, പൂര്‍ണ, ലിപി, ചിന്ത തുടങ്ങി മിക്ക പ്രസാധകരും എത്തും. സിറാജ്, മാതൃഭൂമി, മാധ്യമം, ചന്ദ്രിക പത്രങ്ങള്‍ക്കും റേഡിയോ സ്റ്റേഷനുകള്‍ക്കും മറ്റും സ്റ്റാളുകളുണ്ടാകും.

ലക്ഷക്കണക്കിനാളുകളാണ് ഷാര്‍ജ പുസ്തകമേള സന്ദര്‍ശിക്കാറുള്ളത്. മലയാള പുസ്തകങ്ങള്‍ക്കും കനത്ത വില്‍പന ഉണ്ടാകാറുണ്ട്. ഗള്‍ഫ് മലയാളീ എഴുത്തുകാരുടെ പുസ്തകങ്ങള്‍ വ്യാപകമായി സ്വീകാര്യത നേടുന്നുണ്ട്. യു എ ഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാനെ അനുസ്മരിക്കുന്ന വര്‍ഷമായതിനാല്‍, ഇതുമായി ബന്ധപ്പെട്ട നിരവധി സാംസ്‌കാരിക പരിപാടികള്‍ അണിയറയില്‍ ഒരുങ്ങുന്നു.

സിറാജ് ഗൾഫ് എഡിറ്റർ ഇൻ ചാർജ്

Latest