Connect with us

Editorial

ഓസ്‌ലോ കരാറിന്റെ കാല്‍ നൂറ്റാണ്ട്

Published

|

Last Updated

സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രത്തിന് വേണ്ടിയുള്ള പോരാട്ടത്തിലെ നിര്‍ണായക ചുവടുവെപ്പെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഓസ്‌ലോ കരാറിന് 25 വയസ്സ് പിന്നിട്ടിരിക്കുന്നു. 1993 സെപ്തംബര്‍ 13നാണ് അന്തിമ കരാറില്‍ എത്തിച്ചേര്‍ന്നത്. കരാര്‍ ഒപ്പിട്ടത് വാഷിംഗ്ടണിലായിരുന്നുവെങ്കിലും അതിലേക്ക് നയിച്ച രഹസ്യ ചര്‍ച്ചകളും നീക്കുപോക്കുകളും പ്രധാനമായും നടന്നത് നോര്‍വേ തലസ്ഥാനമായ ഓസ്‌ലോയില്‍ വെച്ചായിരുന്നതിനാല്‍ കരാറിന് ആ നഗരത്തിന്റെ പേര് വന്നു. ഫലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍ നേതാവ് യാസിര്‍ അറഫാത്തും അദ്ദേഹത്തിന്റെ അരുമ ശിഷ്യനായ മഹ്മൂദ് അബ്ബാസുമാണ് ഫലസ്തീന്‍ പക്ഷത്ത് നിന്ന് വാഷിംഗ്ടണിലെത്തിയത്. അന്നത്തെ ഇസ്‌റാഈല്‍ പ്രധാനമന്ത്രി യിഷ്താക് റബീനും വിദേശകാര്യ മന്ത്രി ഷിമോണ്‍ പെരസും ജൂതരാഷ്ട്രത്തെ പ്രതിനിധാനം ചെയ്തു. യു എസ് പ്രസിഡന്റ് ബില്‍ ക്ലിന്റണായിരുന്നു മധ്യത്തില്‍. 1995ല്‍ ഈജിപ്തില്‍ വെച്ച് ഒപ്പുവെച്ച തുടര്‍ കരാറടക്കം ഒരു കൂട്ടം ധാരണകളുടെ ആകെത്തുകയാണ് ഓസ്‌ലോ പ്രക്രിയ.
ഇതിനെ സമാധാന കരാറെന്ന് വിളിക്കാനാകില്ല. ഫലസ്തീന്‍ രാഷ്ട്ര രൂപവത്കരണത്തിന് അടിത്തറ പാകിയെന്ന് വിശേഷിപ്പിക്കാനും സാധ്യമല്ല. ഭരണപരമായ ചില നീക്കുപോക്കുകള്‍ മാത്രമാണ് ഓസ്‌ലോ പ്രോസസ്സ് കൊണ്ട് സാധ്യമായത്. അതാകട്ടെ പൂര്‍ണമായി നടപ്പായതുമില്ല. പി എല്‍ ഒയെ ഫലസ്തീന്‍ ജനതയുടെ ഔദ്യോഗിക പ്രതിനിധിയായി ഇസ്‌റാഈല്‍ അംഗീകരിച്ചു. ഇസ്‌റാഈലിനെ ഒരു രാഷ്ട്രമെന്ന നിലയില്‍ ഫലസ്തീന്‍ പക്ഷവും. 1967 മുമ്പുള്ള അതിര്‍ത്തി കണക്കാക്കി ഫലസ്തീന്‍ അതിര്‍ത്തി നിര്‍ണയിക്കണമെന്നും ഗാസയില്‍ നിന്ന് ഇസ്‌റാഈല്‍ പിന്‍വാങ്ങണമെന്നും വെസ്റ്റ്‌ബേങ്കിന്റെ ഭാഗിക അധികാരം ഫലസ്തീന്‍ അതോറിറ്റിക്ക് ലഭ്യമാക്കണമെന്നും കരാര്‍ വ്യവസ്ഥ ചെയ്തു. ജൂത കുടിയേറ്റ സമുച്ചയങ്ങള്‍, ജറൂസലമിന്റെ ഭാവി, അഭയാര്‍ഥികളുടെ തിരിച്ചു വരവ് തുടങ്ങിയ കാര്യങ്ങളില്‍ ചര്‍ച്ച തുടരണമെന്നും അഞ്ച് വര്‍ഷത്തിനകം തീര്‍പ്പുണ്ടാകണമെന്നും കരാറില്‍ വ്യക്തമാക്കിയിരുന്നു.

ഓസ്‌ലോ കരാര്‍ ഫലസ്തീന്‍ പോരാട്ടത്തെ മറ്റൊരു വഴിയിലേക്ക് തള്ളിവിടുകയായിരുന്നു. ഫതഹും ഹമാസും തമ്മിലുള്ള വടംവലിയുടെ തുടക്കമായിരുന്നു അത്. ഗള്‍ഫ് യുദ്ധത്തില്‍ അമേരിക്കക്ക് അറബ് പിന്തുണ ആവശ്യമായിരുന്നു. ആ ആവശ്യമാണ് ഓസ്‌ലോ കരാറിന്റെ ഹേതുവെന്ന് ഇന്ന് തിരിച്ചറിയുന്നു. ഫലസ്തീന്‍, ഇസ്‌റാഈല്‍ ജനതയെയും പൊതു പ്രവര്‍ത്തകരെയും അത് രണ്ടായി പിളര്‍ത്തി. അനിവാര്യമായ തിന്‍മയായി ഫതഹ് കരാറിനെ കണ്ടപ്പോള്‍ ചരിത്രത്തിലെ ഏറ്റവും വലിയ വഞ്ചനയെന്നാണ് ഹമാസ് അതിനെ വിശേഷിപ്പിച്ചത്. ഫലസ്തീന് കീഴടങ്ങിയ നാണം കെട്ട കരാറെന്ന് ഇസ്‌റാഈലിലെ തീവ്ര നിലപാടുകാര്‍ വാദിച്ചു. അമേരിക്കയാകട്ടെ ഫലസ്തീന്‍ വിഷയത്തില്‍ തങ്ങള്‍ക്കുള്ള ആത്മാര്‍ഥതക്ക് തെളിവായി എക്കാലവും ഈ കരാര്‍ ആഘോഷിച്ചു. അഞ്ച് വര്‍ഷ കാലാവധിയില്‍, 1998ല്‍ പൂര്‍ത്തീകരിക്കുമെന്ന വ്യവസ്ഥയിലാണ് കരാര്‍ ഉണ്ടാക്കിയത്. ഈ കരാറിന്റെ പേരില്‍ അറഫാത്തും റബീനും നൊബേല്‍ സമ്മാനിതരായി എന്നതൊഴിച്ചാല്‍ ഒരു മാറ്റവും ഉണ്ടായില്ല. 1998ല്‍ കരാര്‍ പൂര്‍ത്തീകരിക്കേണ്ട ഘട്ടമെത്തിയപ്പോഴേക്കും ഇസ്‌റാഈലില്‍ ഏരിയല്‍ ഷാരോണ്‍ ഭരണത്തലപ്പത്തെത്തി. കരാറില്‍ നിന്ന് പിന്നോട്ട് പോകുന്ന ജൂതരാഷ്ട്രത്തെയാണ് പിന്നെ കണ്ടത്.

സത്യത്തില്‍ ഗാസയില്‍ നിന്ന് ഇസ്‌റാഈല്‍ പിന്‍വാങ്ങിയെന്നതും വെസ്റ്റ്ബാങ്കില്‍ പി എല്‍ ഒയുടെ ഭാഗിക ഭരണം വന്നുവെന്നതും മാത്രമാണ് ഈ കരാറില്‍ നിന്ന് ആറ്റിക്കുറുക്കിയാല്‍ കിട്ടുന്ന ഗുണം. എന്നാല്‍ നഷ്ടമോ? ഗാസയില്‍ നിന്ന് പിന്‍വാങ്ങിയെന്ന് പറയുമ്പോഴും ഇസ്‌റാഈലിന്റെ തോക്കിന് മുമ്പില്‍ വിറച്ച് നില്‍ക്കുകയാണ് ഗാസ ഇന്നും. വളയപ്പെട്ട നഗരമാണ് ഗാസ. കൃത്യമായ ഇടവേള വെച്ച് മനുഷ്യക്കുരുതി നടത്താനുള്ള ഇടം. വെസ്റ്റ്ബാങ്കിലാണെങ്കില്‍ ജൂത കൈയേറ്റം നിര്‍ബാധം തുടരുകയാണ്. യു എന്‍ പ്രമേയങ്ങളൊന്നും അവര്‍ക്ക് തടസ്സമാകുന്നില്ല. ഇത്തരം കൈയേറ്റങ്ങളെ ന്യായീകരിക്കുന്ന നിയമങ്ങള്‍ ഓരോ വര്‍ഷവും ഇസ്‌റാഈല്‍ പാസ്സാക്കിക്കൊണ്ടിരിക്കുന്നു.
ഓസ്‌ലോ കരാറിന് തുടര്‍ച്ചയുണ്ടായിരുന്നുവെങ്കില്‍ ഒരു പക്ഷേ അത് ഫലസ്തീന്റെ ഭാവി മാറ്റിമറിക്കുമായിരുന്നിരിക്കണം. ഇന്ന് കാല്‍ നൂറ്റാണ്ട് പിന്നിടുമ്പോള്‍ ആശ്വാസകരമായിട്ടുള്ളത് ഫലസ്തീന്‍ ഐക്യം സാധ്യമായിരിക്കുന്നുവെന്നതാണ്. ഫതഹും ഹമാസും അധികാര വിഭജനമടക്കമുള്ള വിഷയങ്ങളില്‍ സമവായത്തിലെത്തി. ചതികളുടെയും വാഗ്ദാന ലംഘനങ്ങളുടെയും അതിക്രമങ്ങളുടെയും ചരിത്രം ആവര്‍ത്തിക്കപ്പെടുമ്പോള്‍ ഐക്യപ്പെട്ടില്ലെങ്കില്‍ സര്‍വനാശമാണ് ഫലമെന്ന് ഫലസ്തീന്‍ ഗ്രൂപ്പുകള്‍ തിരിച്ചറിഞ്ഞതിന്റെ ഫലമാണത്. യു എന്നടക്കമുള്ള വേദികള്‍ ശരിയായ നിലയില്‍ ഉപയോഗിക്കാനും തുടങ്ങിയിരിക്കുന്നു. നിര്‍ദിഷ്ട ഫലസ്തീന്‍ രാഷ്ട്രത്തിന്റെ തലസ്ഥാനമാകേണ്ട ജറുസലമിലേക്ക് യു എസ് എംബസി പറിച്ചു നട്ടുകൊണ്ട് കൂടുതല്‍ ക്രൗര്യത്തോടെ ഇസ്‌റാഈല്‍ പക്ഷത്ത് നില്‍ക്കുന്ന ഡൊണാള്‍ഡ് ട്രംപാണ് ഇന്ന് അമേരിക്ക ഭരിക്കുന്നത്. ഓസ്‌ലോ കറാറിന്റെ കാലത്ത് വൈറ്റ്ഹൗസ് ലോണില്‍ മധ്യസ്ഥന്റെ കുപ്പായം അണിയാനെങ്കിലും അമേരിക്കക്ക് സന്‍മനസ്സുണ്ടായി. ഇനിയൊരിക്കലും അത്തരമൊരു കുപ്പായമിടാന്‍ ആ രാജ്യത്തിനാകില്ല. ഫലസ്തീന്‍ ജനത ഇന്നും ലോകത്തോട് ചോദിക്കുന്നു, നിങ്ങള്‍ ഏത് പക്ഷത്താണ്?

---- facebook comment plugin here -----

Latest