Connect with us

Gulf

ലോകത്തിലെ ദുര്‍ബല കറന്‍സി രൂപ; വിദേശ ഇന്ത്യക്കാര്‍ക്കു അനുഗ്രഹമോ നാണക്കേടോ

Published

|

Last Updated

ദുബൈ: ധനവിനിമയത്തില്‍ രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ ദിര്‍ഹം മാന്ത്രിക സംഖ്യയിലേക്കോ?. കഴിഞ്ഞ ദിവസം രാവിലെ ഒരു ദിര്‍ഹത്തിന് 19.85 രൂപ ലഭിച്ചു. ഇന്നലെ അല്‍പം കുറഞ്ഞെങ്കിലും 20 രൂപയാകാന്‍ ഏതാനും മണിക്കൂറുകള്‍ മാത്രം എന്ന പ്രതീതിഇപ്പോഴുമുണ്ട്. ഖത്വര്‍ റിയാല്‍ 20 രൂപ കടന്നുകഴിഞ്ഞു. ഗള്‍ഫിലെ ഇന്ത്യക്കാര്‍ ആവേശം കൊള്ളുന്നുണ്ടെങ്കിലും ഗുരുതരമായ പ്രത്യാഘാതമാണ് വരാന്‍ പോകുന്നത്. ഇതിനിടെ ഏഷ്യയിലെ ഏറ്റവും ദുര്‍ബല കറന്‍സിയായി രൂപ മാറിയെന്ന് റിപ്പോര്‍ട്ട് പുറത്തുവന്നു.

11.7 ശതമാനം മൂല്യമിടിവാണ് രൂപക്കുണ്ടായത്. നാട്ടില്‍ ജീവിതച്ചെലവ് വര്‍ധിക്കുന്നത്, ഗള്‍ഫ് ഇന്ത്യക്കാരെ ആശ്രയിച്ചു കഴിയുന്ന ലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്കും താങ്ങാനാകില്ല. ഉല്‍പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും ഒരിക്കല്‍ നിരക്ക് വര്‍ധിച്ചാല്‍, ഏത് സാഹചര്യം വന്നാലും നാമമാത്രമായേ കുറയുകയുള്ളൂ. ഉദാഹരണം, പെട്രോള്‍ വില. രാജ്യാന്തര തലത്തില്‍ അസംസ്‌കൃത എണ്ണക്ക് ബാരലിന് 130 ഡോളറിലേറെ ആയപ്പോള്‍ ഇന്ത്യയില്‍ പെട്രോള്‍ വില ലിറ്ററിന് ശരാശരി 70 രൂപയായിരുന്നു. അസംസ്‌കൃത എണ്ണവില കുത്തനെ കുറഞ്ഞിട്ടും പെട്രോള്‍ വില കുറഞ്ഞില്ല. എന്നു മാത്രമല്ല, രാജ്യാന്തര തലത്തില്‍ ഒരു ശതമാനം കൂടിയാല്‍ ഇന്ത്യയില്‍ പത്തുശതമാനത്തോളം വര്‍ധന. കുറഞ്ഞാല്‍, നാമമാത്ര ഇളവ്. കോര്‍പറേറ്റുകളുടെ കൊള്ളക്ക് ഭരണകൂടം കൂട്ടുനില്‍ക്കുകയാണ്. അവശ്യസാധന വിലയുടെ കാര്യത്തിലും ഇതേ പ്രവണത. അരിക്കും പഞ്ചസാരക്കും മറ്റും വന്‍ വര്‍ധനവുണ്ടായി. ഇതെല്ലാം വലുതായി ബാധിക്കുന്നത്, ഗള്‍ഫ് മലയാളികളെ ആശ്രയിച്ച് കഴിയുന്ന കേരളത്തിലെ സാധാരണ കുടുംബങ്ങളെ. നാട്ടിലുള്ള സര്‍ക്കാര്‍ ജോലിക്കാര്‍ക്കും മറ്റും ജീവിതച്ചെലവ് വര്‍ധിക്കുന്നതിനനുസരിച്ച് ശമ്പളവും ബോണസും കൂടും. ഗള്‍ഫിലെ സാധാരണ ജോലിക്കാര്‍ക്ക് ശമ്പളം വര്‍ധിക്കില്ലെന്ന് മാത്രമല്ല, സാമ്പത്തിക മാന്ദ്യകാലം ആയതിനാല്‍ കുറയുകയോ, വൈകുകയോ ചെയ്യും. പല ഗള്‍ഫ് രാജ്യങ്ങളും വേതന സംരക്ഷണ നിയമം കൊണ്ടുവന്നെങ്കിലും പൂര്‍ണമായി ഫലവത്തായിട്ടില്ല.

ഗള്‍ഫ് കറന്‍സികളുടെ മൂല്യം വര്‍ധിക്കുന്ന സാഹചര്യം മുതലാക്കാന്‍ ഗള്‍ഫിലുള്ള വിദേശികള്‍ക്ക് കഴിയാറില്ല. അത്‌കൊണ്ട് തന്നെ അമിതാവേശം ഇവിടത്തെ വിദേശികളില്‍ കാണാനില്ല. ഇന്ത്യയുടെ രൂപയും ഇന്തോനേഷ്യയുടെ രൂപയും ഫിലിപ്പൈന്റെ പെസോയുമാണ് ലോകത്തില്‍ ഇപ്പോള്‍ ഏറ്റവും ദുര്‍ബല കറന്‍സികള്‍. രൂപയുടെ മൂല്യം സെപ്തംബര്‍ നാല് മുതല്‍ 11.7 ശതമാനമാണ് കുറഞ്ഞത്. ഇന്തോനേഷ്യന്‍ രൂപയുടെ ഇടിവ് ഒമ്പത് ശതമാനം. ചൈനയുടെ യുആന് 4.97 ശതമാനം ഇടിവേയുള്ളൂ.

രൂപയുടെ മൂല്യമിടിവ് മുതലാക്കാന്‍ കുഴല്‍പണക്കാര്‍ രംഗത്തുവന്നിട്ടുണ്ട്. ദിര്‍ഹത്തിന് 20 രൂപയിലധികം എന്ന വാഗ്ദാനം നല്‍കി നാട്ടിലേക്ക് പണമയക്കുന്നു. ഇത് ഇന്ത്യന്‍ സമ്പദ് ഘടനക്ക് ആഘാതമാകും. കോര്‍പറേറ്റുകള്‍ക്ക് ലാഭം കൊയ്യാനാണ് കേന്ദ്രസര്‍ക്കാര്‍ രൂപയുടെ മൂല്യമിടിവില്‍ ഇടപെടാത്തത്. തുടര്‍ച്ചയായ ഇടിവിനുശേഷം ഇന്നലെ രൂപ അല്‍പം കരകയറുകയായിരുന്നു. രാവിലെ ഒരു ദിര്‍ഹത്തിന് 19.88 രൂപ എന്ന സര്‍വകാല റെക്കോര്‍ഡില്‍ വിനിമയം തുടങ്ങിയിരുന്നെങ്കിലും വൈകിട്ടോടെ നിരക്ക് 19.59 ആയി. പല പണമിടപാട് സ്ഥാപനങ്ങളും 19.50 രൂപയാണ് നല്‍കിയത്. രാജ്യാന്തര വിപണിയില്‍ കുവൈത്ത് ദിനാറിന് 237.75 രൂപയായി. രാവിലെ 240. 97 രൂപ ആയിരുന്നു. ബഹ്‌റൈന്‍ ദിനാര്‍ 191.34, ഒമാന്‍ റിയാല്‍ 187.37, ഖത്വര്‍ റിയാല്‍ 19.81, സൗദി റിയാല്‍ 19.23 എന്നിങ്ങനെയും. വാരാന്ത്യത്തില്‍ സാമ്പത്തിക അവലോകനം നടത്താനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനവും റിസര്‍വ് ബേങ്കിന്റെ ശക്തമായ ഇടപെടലുകളുമാണ് രൂപയുടെ പെട്ടെന്നുള്ള തിരിച്ചുവരവിനു കളമൊരുക്കിയതെന്ന് സാമ്പത്തിക വിദഗ്ധനും ഐബിഎംസി ചെയര്‍മാനുമായ പി കെ സജിത്കുമാര്‍ പറഞ്ഞു.

അടുത്തമാസം നാലിനു ആര്‍ ബി ഐ യോഗത്തില്‍ 0.25 മുതല്‍ 0.50 ശതമാനം വരെ പലിശ നിരക്ക് ഉയര്‍ത്തിയേക്കുമെന്ന റിപ്പോര്‍ട്ടുകളും രൂപയ്ക്ക് ആശ്വാസം പകരുന്നു. അതേസമയം സെപ്തംബറിലും ഡിസംബറിലുമായി പലിശനിരക്ക് ഉയര്‍ത്താനുള്ള അമേരിക്കയുടെ നീക്കത്തിനു പിന്നില്‍ രൂപയ്ക്ക് എത്രത്തോളം പിടിച്ചുനില്‍ക്കാനാകും എന്നത് കണ്ടറിയണമെന്നും സജിത്കുമാര്‍ ചൂണ്ടിക്കാട്ടി. ചൈന, തുര്‍ക്കി, ജപ്പാന്‍ എന്നീ രാജ്യങ്ങളുമായുള്ള അമേരിക്കയുടെ വ്യാപാര തര്‍ക്കങ്ങളും ഡോളറിന് കരുത്തുകൂട്ടുമോ എന്നു കാത്തിരുന്നു കാണേണ്ടിവരുമെന്നും ചൂണ്ടിക്കാട്ടി.

Latest