Connect with us

Gulf

ദുബൈ മതകാര്യവകുപ്പിന്റെ ഹിജ്‌റ അനുസ്മരണ ആഘോഷം ശ്രദ്ധേയമായി

Published

|

Last Updated

ദുബൈ: ഹിജ്‌റ വര്‍ഷാരംഭത്തോടനുബന്ധിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ യു എ ഇ മതകാര്യവകുപ്പ് നടത്തിയ ആഘോഷപരിപാടികള്‍ ശ്രദ്ധേയമായി. അന്ത്യപ്രവാചകരുടെ ജന്മനാടായ മക്കയില്‍ നിന്ന് അനുയായികളുമായി മദീനയിലേക്ക് നടത്തിയ ചരിത്രപ്രസിദ്ധമായ പലായനമായ ഹിജ്‌റക്ക് ഒരേസമയം പ്രവാചകരുടെയും ഇസ്‌ലാമിന്റെയും ചരിത്രത്തില്‍ വലിയ പ്രാധാന്യമുണ്ടെന്ന സന്ദേശമാണ് ഹിജ്‌റ ആഘോഷത്തിലൂടെ മതകാര്യവകുപ്പ് നല്‍കുന്നത്.

പ്രവാചകരുടെ കാലഘട്ടത്തില്‍ ഇസ്‌ലാമിന്റെ വ്യാപനത്തിന് ഏറെ സഹായകമായ യാത്രയായതിനാല്‍ കേരളത്തിലടക്കം ഇസ്‌ലാമിക ലോകം ഈ മാസത്തില്‍ പ്രത്യേക ആഘോഷങ്ങളും പരിപാടികളും സംഘടിപ്പിച്ചുവരുന്നു. യു എ ഇയില്‍ മതകാര്യവകുപ്പ് നേരിട്ട് നേതൃത്വം നല്‍കുന്ന പരിപാടികള്‍ക്കുപുറമെ സ്വദേശിവീടുകളിലും മറ്റും വൈവിധ്യങ്ങളായ പരിപാടികള്‍ നടന്നുവരുന്നു. അബദാബിയിലെ കാസര്‍ തിയറ്റര്‍ ഓഡിറ്റോറിയത്തില്‍ മതകാര്യവകുപ്പ് നടത്തിയ പരിപാടി പ്രമുഖരുടെ സാന്നിധ്യംകൊണ്ട് ശ്രദ്ധേയമായി. യു എ ഇ മതകാര്യവകുപ്പ് മേധാവി ഡോ. മുഹമ്മദ് മതര്‍ അല്‍ കഅബി പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

വകുപ്പിനു കീഴിലെ വവിധ ഡയറക്ടറേറ്റുകളുടെ മേധാവികള്‍ക്കുപുറമെ അബുദാബിയിലെ പ്രമുഖ ചര്‍ച്ചുകളിലെ കൃസ്ത്യന്‍ മതമേലാധികാരികളുടെ സാന്നിധ്യം ആഘോഷ പരിപാടികള്‍ക്ക് പ്രൗഡി വര്‍ധിപ്പിച്ചു. വിവിധ മതനേതാക്കളുടെ സാന്നിധ്യംകൂടി ഉണ്ടായതിനാല്‍ മതസൗഹാര്‍ദ സംഗമം കൂടിയായി പരിപാടി മാറി. മതകാര്യവകുപ്പിന് കീഴിലെ ഗവേഷണ വിഭാഗം തലവന്‍ ശൈഖ് ത്വാലിബ് അല്‍ ശിഹി ഹിജ്‌റ അനുസ്മരണ പ്രഭാഷണം നടത്തി. ഇന്നത്തെ മത പ്രബോധകരായ പണ്ഡിത സമൂഹം പ്രവാചകരുടെ ജീവിത ചരിതം യഥാവിധി പഠിക്കണം. അതിലൂടെ യഥാര്‍ത്ഥ ഇസ്‌ലാമിനെ മനസ്സിലാക്കിവേണം സമൂഹത്തില്‍ പ്രബോധനം നടത്താന്‍, അല്‍ ശിഹി തന്റെ പ്രഭാഷണത്തില്‍ പറഞ്ഞു.

പ്രവാചക ജീവിത ചരിത്രം ഒന്നും നഷ്ടപ്പെടാതെ നമ്മുടെ മുമ്പിലുണ്ട്. ലോകാവസാനം വരെ അത് നിലനില്‍ക്കുകയും ചെയ്യുമെന്നിരിക്കെ ഇസ്‌ലാമിനെ പഠിക്കാന്‍ പലരും മറ്റു മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതാണ് മതത്തിന്റെ പേരിലുള്ള അപകടങ്ങള്‍ വരുത്തിവെക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പ്രവാചക ചരിത്രത്തിലെ സഹിഷ്ണുതയും വിട്ടുവീഴ്ചയും ചടങ്ങില്‍ പ്രഭാഷണം നടത്തിയ വിവിധ മതനേതാക്കള്‍ എടുത്തുപറഞ്ഞു. രാജ്യത്തിന്റെ ഭരണാധികാരികള്‍ക്ക് നന്ദി അറിയിച്ച ചടങ്ങില്‍ അവര്‍ മുമ്പോട്ടുവെക്കുന്ന സഹിഷ്ണുതാ സന്ദേശം ഏറ്റെടുത്ത് മാനവീകത ഉയര്‍ത്തിപ്പിടിക്കുന്ന സമൂഹ സൃഷ്ടിപ്പിന് രാജ്യത്തെ മുഴുവന്‍ ജനങ്ങളും തയ്യാറാകണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു.
ദുബൈ മതകാര്യവകുപ്പിന് കീഴിലും പ്രൗഡമായ ഹിജ്‌റ ആഘോഷ ചടങ്ങ് നടന്നു. വകുപ്പ് മേധാവികളും വകുപ്പിന് കീഴിലെ വിവിധ വിഭാഗങ്ങളുടെ തലവന്‍മാരും നിരവധി ഖത്വീബ്, ഇമാമുമാരും പങ്കെടുത്ത ചടങ്ങില്‍ മതകാര്യവിഭാഗം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. ഉമര്‍ അല്‍ ഖത്വീബ് ഹിജ്‌റ സന്ദേശ പ്രഭാഷണം നടത്തി.