സമരത്തിനിറങ്ങിയത് സ്വമനസാലെ ; പിസി ജോര്‍ജിന് പിന്നില്‍ ജലന്തര്‍ ബിഷപ്പ്: സിസ്റ്റര്‍ അനുപമ

Posted on: September 11, 2018 12:19 pm | Last updated: September 11, 2018 at 3:07 pm
SHARE

കോട്ടയം: കന്യാസ്ത്രീ ജലന്തര്‍ ബിഷപ്പിനെതിരെ നല്‍കിയ പരാതിയില്‍ സത്യമുള്ളതിനാലാണ് താനടക്കമുള്ളവര്‍ അവര്‍ക്കായി സമരത്തിനിറങ്ങിയിരിക്കുന്നതെന്ന് കുറുവിലങ്ങാട് മഠത്തിലെ സിസ്റ്റര്‍ അനുപമ. അനുസരണം എന്ന വാക്ക് ഉപയോഗിച്ചാണ് അവര്‍ ഇതുവരെ തങ്ങളെ അടിച്ചമര്‍ത്തിയത്. നീതിലഭ്യമാകുന്നത് വരെ സമരം ചെയ്യുമെന്നും അനുപമ മാധ്യമപ്രവത്തകരോട് പറഞ്ഞു.

സമരത്തിന് പിന്നില്‍ ബാഹ്യശക്തികളാണെന്ന മിഷനറീസ് ഓഫ് ജീസസിന്റെ അരോപണത്തെ അനുപമ തള്ളി. തങ്ങള്‍ക്കൊപ്പമുള്ള സഹോദരിക്ക് വേണ്ടി സ്വമനസാലെയാണ് സമരത്തിനിറങ്ങിയത്. അറസ്റ്റ് ഉണ്ടാകുംവരെ ഇതുമായി മുന്നോട്ട് പോകും. മഠത്തിന്റെ കീഴിലുള്ള എല്ലാ പരിപാടികളിലും ബിഷപ്പിനൊപ്പം പരാതിക്കാരിയായ കന്യാസ്ത്രീ പങ്കെടുത്തു എന്ന ആരോപണത്തേയും സിസ്റ്റര്‍ അനുപമ തള്ളി. ജനറലും കൗണ്‍സിലും ചേര്‍ന്നാണ് പരിപാടികള്‍ തീരുമാനിക്കുകയെന്നിരിക്കെ കേരളത്തിന്റെ ചുമതലയുള്ളയാളെന്ന നിലക്ക് കന്യാസ്ത്രീക്ക് പരിപാടികളില്‍ പങ്കെടുക്കാതിരിക്കാനാവില്ലെന്നും അനുപമ വ്യക്തമാക്കി. പിസി ജോര്‍ജ് എംഎല്‍എ നടത്തിയ മോശം പരാമര്‍ശത്തിന് പിന്നില്‍ ജലന്തര്‍ ബിഷപ്പാണെന്നും അവര്‍ ആരോപിച്ചു.