Connect with us

Status

മലയാളികളുടെ പൊങ്കാലകള്‍

Published

|

Last Updated

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പല തവണ പൊങ്കാലയിലൂടെ സോഷ്യല്‍ മീഡിയ മലയാളികള്‍ ഞെട്ടിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണകാലത്തെ സൊമാലിയ പരാമര്‍ശത്തിനെതിരായ മലയാളികളുടെ “പോ മോനെ മോദി” ഹാഷ്ടാഗ് ലോകമാകെ ചര്‍ച്ചയായിട്ടുണ്ട്. ഇപ്പോള്‍ മോദിക്ക് വീണ്ടും പൊങ്കാല ഒരുക്കിയിരിക്കുകയാണ് മലയാളികള്‍. അടിക്കടിയുയരുന്ന പെട്രോള്‍, ഡീസല്‍ വിലവര്‍ധന പശ്ചാത്തലത്തില്‍ മോദിയെ നിര്‍ത്തിപ്പൊരിക്കുന്നുണ്ട് സോഷ്യല്‍ മീഡിയ; പ്രത്യേകിച്ച് മലയാളികള്‍. അഞ്ച് വര്‍ഷം മുമ്പ് യു പി എ ഭരണകാലത്ത് ഇന്ധനവില വര്‍ധനവിനെതിരെ മോദി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പിനടിയിലാണ് മലയാളികളുടെ പൊങ്കാല. യു പി എ ഭരണത്തിന്റെ തോല്‍വിയുടെ മുഖ്യ ഉദാഹരണമായി മോദി അന്ന് ചൂണ്ടിക്കാട്ടിയത് പെട്രോള്‍ വില വര്‍ധനവായിരുന്നു. താന്‍ ഭരണത്തിലെത്തിയാല്‍ പെട്രോള്‍ വില ലിറ്ററിന് 50 രൂപക്ക് താഴെ കൊണ്ടുവരുമെന്നായിരുന്നു മോദിയുടെ പ്രഖ്യാപനമെങ്കിലും അധികാരത്തിലെത്തി രണ്ടര വര്‍ഷം പിന്നിട്ടപ്പോള്‍ തന്നെ പെട്രോള്‍ വില 70 രൂപക്ക് മുകളിലെത്തി. കഴിഞ്ഞ ദിവസം രണ്ടര രൂപയോളമാണ് പെട്രോള്‍ വില ഉയര്‍ന്നത്. ഇതാണ് പെട്ടെന്നുള്ള രോഷപ്രകടനത്തിന് കാരണം.

മഹാ പ്രളയത്തില്‍ നിന്ന് കേരളത്തെ കൈപിടിച്ചുയര്‍ത്താനായി യു എ ഇ അടക്കമുള്ള വിദേശ രാജ്യങ്ങള്‍ നല്‍കിയ വാഗ്ദാനം സ്വീകരിക്കാനാകില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെയും പൊങ്കാലയിലൂടെ ചോദ്യം ചെയ്യുന്നുണ്ട് മല്ലൂസ്. മോദിയുടെ ഫേസ്ബുക്ക് പേജില്‍ വലിയ തോതിലുള്ള പ്രതിഷേധമാണ് നടക്കുന്നത്. എല്ലാ പോസ്റ്റിനും താഴെ കമന്റുകളുമായി മലയാളികള്‍ രംഗത്തെത്തിയിട്ടുണ്ട്. വിദേശ രാജ്യങ്ങളെ സഹായിച്ചിട്ടുള്ള മോദി സര്‍ക്കാറിന്റെ മുന്‍കാല നടപടികളെയും മലയാളികള്‍ ചോദ്യം ചെയ്യുന്നുണ്ട്. ഇത്തരം നെറികെട്ട നിലപാടിലൂടെ കേരളത്തെ തകര്‍ക്കാം എന്ന് കേന്ദ്രം കരുതരുതെന്ന മുന്നറിയിപ്പും കമന്റുകളിലുണ്ട്. അറബ് രാജ്യങ്ങളുടെ സ്‌നേഹവും പിന്തുണയും സഹായവും മലയാളി പ്രവാസികളുടെ വിയര്‍പ്പിന്റെ വിലയാണെന്നും ചിലര്‍ ചൂണ്ടികാട്ടിയിട്ടുണ്ട്. തെറി കമന്റുകള്‍ക്കും കുറവില്ല. നേപ്പാള്‍ ഭൂകമ്പ ദുരിതാശ്വാസത്തിന് 6000 കോടി രൂപ നല്‍കിയ മോദി സര്‍ക്കാര്‍ എന്തുകൊണ്ടാണ് കേരളത്തിന് 600 കോടി മാത്രം നല്‍കിയതെന്ന ചോദ്യം ഉന്നിയക്കപ്പെടുന്നുണ്ട്. ഗുജറാത്ത് ഭൂകമ്പ കാലത്ത് വിദേശ രാജ്യങ്ങളില്‍ നിന്ന് കൈപ്പറ്റിയ ദുരിതാശ്വാസ ഫണ്ടുകള്‍ മോദി സര്‍ക്കാര്‍ തിരിച്ചു നല്‍കണമെന്ന ആവശ്യവുമുണ്ട്.

മലയാളികള്‍ക്ക് പ്രധാനമന്ത്രിയെന്നോ രാഷ്ട്രപതിയെന്നോ ഇഷ്ടതാരമെന്നോ ഒന്നുമില്ല. അനിഷ്ടകരമായത് കണ്ടാല്‍ തുറന്നടിക്കും. സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ പറത്താന്‍ ഇത്രയും മിടുക്കന്‍മാരായ ജനത വേറെയുണ്ടാകില്ല. സാമൂഹിക മാധ്യമങ്ങളിലെ ഈ ലഹളക്ക് മലയാളികള്‍ എന്നും ഒറ്റക്കെട്ടാണുതാനും. റഷ്യന്‍ ടെന്നീസ് സുന്ദരി മരിയ ഷറപ്പോവ മുതല്‍ ഡൊണാള്‍ഡ് ട്രംപ് വരെ മലയാളികളുടെ പൊങ്കാലക്ക് ഇരകളായിട്ടുണ്ട്. തങ്ങളുടെ സ്വത്വത്തെ ചോദ്യം ചെയ്താലോ അനാവശ്യമായി അപകീര്‍ത്തിപ്പെടുത്തിയാലോ സമൂഹ മാധ്യമങ്ങളില്‍ മലയാളികള്‍ നന്നായി പ്രതികരിക്കാറുണ്ട്. നിരവധി ഉദാഹരണങ്ങള്‍ നേരത്തെയും സമീപകാലത്തും ഉണ്ടായിട്ടുണ്ട്. കേരളത്തിലെത്തിയ ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത് ഷായെ ട്രോളി, “അലവലാതി ഷാജി” ഹാഷ്ടാഗുമായി മലയാളികള്‍. “നീയാണോടാ മലയാളികളെ ബീഫ് തിന്നാന്‍ അനുവദിക്കാത്ത അലവലാതി ഷാജി” എന്ന ചോദ്യം നിറഞ്ഞിരിക്കുകയായിരുന്നു അന്ന് സോഷ്യല്‍ മീഡിയയില്‍. അലവലാതി ഷാജി ഹാഷ്ടാഗ് ട്വിറ്ററിലും ട്രെന്‍ഡിംഗായിരുന്നു. കന്നുകാലികളെ ഇറച്ചിക്കായി കാലിച്ചന്തകളില്‍ വില്‍ക്കുന്നത് നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമായിരിക്കെയായിരുന്നു അമിത് ഷായുടെ സന്ദര്‍ശനം. ഭക്ഷണസ്വാതന്ത്ര്യം ഹനിക്കുന്നതിനെതിരെ പ്രതിഷേധിക്കുന്നതിനൊപ്പം അമിത് ഷാ പേടികൂടാതെ ബീഫ് കഴിക്കാനാണ് കേരളത്തില്‍ വന്നതെന്നും ചില രസികന്‍മാര്‍ പറഞ്ഞു.

മലയാളികളെ നാണംകെട്ടവരെന്ന് ആക്ഷേപിച്ച റിപ്പബ്ലിക് ടിവി അവതാരകന്‍ അര്‍ണബ് ഗോസാമിയുടെ ഫേസ്ബുക്ക് പേജിലും വന്നു, പൊങ്കാലയുമായി മലയാളികള്‍. മലയാളത്തിലും ഇംഗ്ലീഷിലുമായി നൂറുകണക്കിന് കമന്റുകളാണ് അര്‍ണബിന്റെ ഫേസ്ബുക്ക് പേജിലും റിപ്പബ്ലിക്ക് ടിവിയുടെ പേജിലും വന്നുകൊണ്ടിരുന്നത്. ധൈര്യമുണ്ടെങ്കില്‍ പേജ് റേറ്റിംഗ് സൗകര്യം പുനഃസ്ഥാപിക്കൂ എന്നു വെല്ലുവിളിച്ചവരും അനവധിയാണ്.
അഖില ഭാരത ഹിന്ദു മഹാസഭയുടെ വെബ്‌പേജ് ഹാക്ക് ചെയ്ത് മലയാളികള്‍ നാടന്‍ ബീഫ് കറിയുടെ പാചകവിധി പ്രസിദ്ധീകരിച്ചത് ദേശീയതലത്തില്‍ ചര്‍ച്ചയായിരുന്നു. കേരളീയര്‍ ഒന്നടങ്കം പ്രളയക്കെടുതിയില്‍ വലയുമ്പോള്‍ ബീഫ് കഴിക്കാത്ത മലയാളികളെ മാത്രം സഹായിച്ചാല്‍ മതിയെന്ന അഖില ഭാരത ഹിന്ദു മഹാ സഭാ നേതാവ് സ്വാമി ചക്രപാണിയുടെ വിവാദ പ്രസ്താവനക്ക് പിന്നാലെയാണ് മലയാളികളുടെ വക വെബ് പേജ് ഹാക്കിംഗ്. ഹോം പേജില്‍ കേരള നാടന്‍ ബീഫ് കറിയുടെ പാചക വിധി പ്രസിദ്ധീകരിച്ചപ്പോഴാണ് പേജ് ഹാക്ക് ചെയ്തതായി അറിയുന്നത്. തുടര്‍ന്ന് വൈകീട്ടോടെ ഹിന്ദു മഹാസഭ തങ്ങളുടെ പേജ് തിരിച്ചു പിടിച്ചു. ചക്രപാണിയെ സൈക്കോ എന്ന് വിശേഷിപ്പിച്ച ഫ്‌ളാഷ് സന്ദേശത്തില്‍ ഇപ്രകാരം പറയുന്നു: “മലയാളികള്‍ പരസ്പരം ബഹുമാനിക്കുന്നത് മറ്റുള്ളവരുടെ സ്വാഭാവ ശുദ്ധി നോക്കിയാണ്, അല്ലാതെ അവര്‍ എന്ത് ഭക്ഷിക്കുന്നു എന്ന് നോക്കിയല്ല”. പശുക്കളെ കൊന്ന് മാംസം വില്‍പ്പനക്കായി കടകളില്‍ പ്രദര്‍ശിപ്പിച്ചതു കൊണ്ടാണ് കേരളത്തില്‍ ഇത്രയും വലിയ പ്രളയമുണ്ടായി അനേകം നിരപരാധികള്‍ മരിച്ചതെന്നും ബീഫ് കഴിക്കുന്ന മലയാളികള്‍ക്ക് ദുരിതാശ്വാസമായി ഒരു ചില്ലിക്കാശ് പോലും നല്‍കരുതെന്നും ആര്‍ക്കെങ്കിലും സഹായം വേണമെങ്കില്‍ അവര്‍ ഭാവിയില്‍ ബീഫ് കഴിക്കരുതെന്നും ചക്രപാണി വിവാദ പ്രസ്താവനയില്‍ പറഞ്ഞിരുന്നു. അതിന് ശേഷം അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജില്‍ മലയാളികളുടെ പൊങ്കാല തുടരുന്നതിനിടെയാണ് ഹിന്ദു മഹാസഭയുടെ വെബ് പേജ് ഹാക്ക് ചെയ്ത് ബീഫ് റോസ്റ്റിന്റെ ചിത്രമടക്കം പ്രദര്‍ശിപ്പിച്ചത്.
അതിനിടയില്‍ ഈ പൊങ്കാല സംസ്‌കാരം എത്രമേല്‍ ഫലപ്രദമാണ് എന്ന ചര്‍ച്ചയും സമൂഹ മാധ്യമങ്ങളില്‍ സജീവമാണ്. സുപ്രധാന വിഷയങ്ങളില്‍ നിന്ന് ശ്രദ്ധതെറ്റിക്കാനും ക്രിയാത്മക പ്രതികരണങ്ങള്‍ ഇല്ലാതാക്കാനുമാണ് ഈ പൊങ്കാല മഹാമഹം സഹായിക്കുക എന്നതാണ് പ്രധാന വിമര്‍ശനം.
.