എസ്എസ്എല്‍സി ചോദ്യചോര്‍ച്ച; പ്രതികള്‍ക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് സിബിഐ കോടതി

Posted on: September 5, 2018 8:27 pm | Last updated: September 5, 2018 at 8:27 pm
SHARE

തിരുവനന്തപുരം: എസ് എസ് എല്‍ സി ചോദ്യപേപ്പര്‍ ചോര്‍ച്ച കേസില്‍ പ്രതികള്‍ വിചാരണ നേരിടണമെന്ന് തിരുവനന്തപുരം സി ബി ഐ കോടതി ഉത്തരവിട്ടു. പ്രതികള്‍ക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുകള്‍ ഉണ്ടെന്ന് കണ്ടെത്തിയാണ് സി ബി ഐ. ജഡ്ജി ജെ നാസറിന്റെ ഉത്തരവ്.

2007 ല്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ ഇപ്പോള്‍ സമര്‍പ്പിച്ച വിടുതല്‍ ഹരജി വൈകി വന്ന വിവേകമാണോയെന്ന് കോടതി ചോദിച്ചു. വിചാരണ വൈകിപ്പിക്കാന്‍ ഉദ്ദേശ ശുദ്ധിയില്ലാതെ സമര്‍പ്പിച്ച ഹരജിയാണിതെന്നും കോടതി വിമര്‍ശിച്ചു. വിചാരണക്ക് മുന്നോടിയായുള്ള കുറ്റം ചുമത്തലിനായി പ്രതികള്‍ അടുത്തമാസം പത്തിന് ഹാജരാകാന്‍ കോടതി ഉത്തരവിട്ടു. വിചാരണ കൂടാതെ തങ്ങളെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ സമര്‍പ്പിച്ച വിടുതല്‍ ഹരജി കോടതി തള്ളുകയും ചെയ്തു.

സംസ്ഥാന വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ വി സാനു, കണിയാപുരം അസിസ്റ്റന്റ് എഡ്യൂക്കേഷന്‍ ഓഫീസര്‍ സി പി വിജയന്‍ നായര്‍, എസ് രവീന്ദ്രന്‍, ചോദ്യ പേപ്പര്‍ അച്ചടിച്ച വിശ്വനാഥന്‍ പ്രിന്റേഴ്‌സ് ആന്‍ഡ് പബ്ലിഷേഴ്‌സ് ഉടമ അന്നമ്മ ചാക്കോ, മാനേജിംഗ് ഡയറക്ടര്‍ വി സുബ്രഹ്മണ്യന്‍ എന്നിവരാണ് കേസില്‍ നിലവില്‍ വിചാരണ നേരിടുന്ന പ്രതികള്‍. ഒന്നാം പ്രതിയായിരുന്ന വിശ്വനാഥന്‍ പ്രസ്സിന്റെ ജനറല്‍ മാനേജര്‍ രാജന്‍ ചാക്കോ വിചാരണ തുടങ്ങും മുമ്പേ മരണപ്പെട്ടിരുന്നു.

2005ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചോര്‍ത്തിയ ചോദ്യപേപ്പര്‍ ഒരു പെണ്‍കുട്ടിക്ക് ലഭിച്ചത് കൂട്ടുകാരിക്ക് കൈമാറിയതോടെയാണ് സംഭവം വെളിച്ചത്തായത്. തുടര്‍ന്ന് സര്‍ക്കാര്‍ പരീക്ഷ റദ്ദാക്കി പുനപരീക്ഷ നടത്തുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here