Connect with us

Gulf

യു എ ഇ ബഹിരാകാശ യാത്രികരെ പ്രഖ്യാപിച്ചു: ഹസ്സ അല്‍ മന്‍സൂരി, സുല്‍ത്താന്‍ അല്‍ നിയാദി ചരിത്രം കുറിക്കും

Published

|

Last Updated

ദുബൈ: യു എ ഇ ബഹിരാകാശ സഞ്ചാരികളെ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം പ്രഖ്യാപിച്ചു. ഹസ്സ അല്‍ മന്‍സൂരി, സുല്‍ത്താന്‍ അല്‍ നിയാദി എന്നിവരായിരിക്കും യു എ ഇയുടെ ബഹിരാകാശ സഞ്ചാരികള്‍. അറബ്‌ലോകത്തുനിന്ന് ആദ്യമായി ബഹിരാകശത്തെത്തുന്നവരായി ഇവര്‍ അറിയപ്പെടും. 4022 ആളുകള്‍ അപേക്ഷ നല്‍കിയതില്‍ നിന്ന് ആറു ഘട്ടങ്ങളിലായി ചുരുക്കപ്പട്ടിക ഉണ്ടാക്കിയിരുന്നു. അവസാന ഒമ്പത് പേരുള്ള ചുരുക്കപ്പട്ടികയില്‍ നിന്നാണ് ഹസ്സയും സുല്‍ത്താനും തെരഞ്ഞെടുക്കപ്പെട്ടത്. ഹസ്സ സൈനികവിമാന പൈലറ്റും സുല്‍ത്താന്‍ വിവരസാങ്കേതികവിദ്യാവിദഗ്ധനുമാണ്. മോസ്‌കോ യുറിഗഗാറിന്‍ സെന്ററില്‍ പരിശീലനത്തിലേര്‍പെടുന്ന ഇവരില്‍ ഒരാള്‍ക്ക് മാത്രമെ ബഹിരാകാശ സഞ്ചാരം നടത്താന്‍ കഴിയുകയുള്ളൂവെന്നാണ് വിവരം. ചിലപ്പോള്‍ രണ്ടുപേരും ഉള്‍പെട്ടേക്കാം.
ഇവര്‍ രാജ്യാന്തര ബഹിരാകാശ സ്റ്റേഷനിലേക്ക് അയക്കപ്പെടും. ഭൂമിയെ വലംവെക്കുന്ന ഉപഗ്രഹത്തില്‍ ഇവര്‍ കുറേകാലം വസിക്കും. ചുരുക്കപ്പട്ടികയുടെ അന്തിമഘട്ടത്തില്‍ ആരോഗ്യം, മാനസികം എന്നിങ്ങനെ ആറു തവണ ഇവര്‍ പരീക്ഷണങ്ങള്‍ക്കും അഭിമുഖങ്ങള്‍ക്കും വിധേയരായി. നാസ, റഷ്യന്‍ സ്പേസ് ഏജന്‍സിയായ റോസ്‌കോസ്‌മോസ് എന്നിവയിലെ വിദഗ്ധരാണ് ശേഷി വിലയിരുത്തിയത്. ഹസ്സയെയും സുല്‍ത്താനെയും തെരെഞ്ഞെടുത്ത വിവരം ശൈഖ് മുഹമ്മദ് ട്വിറ്ററിലൂടെയാണ് വെളിപ്പെടുത്തിയത്. രാജ്യാന്തര സ്പേസ് സ്റ്റേഷനിലെ ആദ്യ അറബ് ബഹിരാകാശ സഞ്ചാരികള്‍ ആകുന്നവരെ വെളിപ്പെടുത്തുമ്പോള്‍, അത് പുതിയ അറബ് നേട്ടമായി കരുതുകയാണ്. ഹസ്സയും സുല്‍ത്താനും ഭാവി ഇമാറാത്തി തലമുറയുടെ പ്രതീക്ഷ വാനോളം ഉയര്‍ത്തുകയാണ്. നമ്മുടെ ജനതക്കും യുവാക്കള്‍ക്കും അഭിനന്ദനങ്ങള്‍, ശൈഖ് മുഹമ്മദ് പറഞ്ഞു. ശരിയായ അവസ്ഥയില്‍ എത്തിപ്പെട്ടാല്‍ അറബ് യുവതയുടെ ശേഷി കരുത്തുറ്റതാണെന്ന് ശൈഖ് മുഹമ്മദ് പ്രകീര്‍ത്തിച്ചു. ഉപഗ്രഹം നിര്‍മിക്കാനും ചൊവ്വ പര്യവേഷണം നടത്താനും നമുക്ക് കഴിയും. അറ്റമില്ലാത്ത അന്വേഷണത്വരതയുള്ള ആളുകള്‍ നമുക്കുണ്ട്, 2000 കോടി ദിര്‍ഹമാണ് ബഹിരാകാശ ഗവേഷണ കാര്യങ്ങള്‍ക്ക് ചെലവ് ചെയ്യുന്നത്, ശൈഖ് മുഹമ്മദ് ചൂണ്ടിക്കാട്ടി.
നമ്മുടെ രാജ്യത്തിന് മറ്റൊരു നേട്ടമാണിതെന്ന് അബുദാബി കിരീടാവകാശിയും യു എ ഇ സായുധസേനാ ഉപമേധാവിയുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ ട്വീറ്റ് ചെയ്തു. ആകാശത്തിന് അതിരുകളില്ലാത്തത്‌പോലെ നമ്മുടെ പ്രതീക്ഷകള്‍ക്കും അറ്റമില്ല. നൂതനാശയങ്ങളും മികവും നേട്ടങ്ങളും ഉയര്‍ത്തിപ്പിടിക്കുന്നവരാണ് നമ്മുടെ യുവത, ജനറല്‍ ശൈഖ് മുഹമ്മദ് പറഞ്ഞു. ഐ എസ് എസ് എന്ന സ്‌പേസ് സ്റ്റേഷന്‍ മനുഷ്യസാന്നിധ്യമുള്ള കൃത്രിമ ഉപഗ്രഹമാണ്. 1998ലാണ് വിക്ഷേപണം നടത്തിയത്. 2011ല്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടു. 2028വരെ ഉപഗ്രഹം ഭൂമിയെ വലംവെച്ചുകൊണ്ടിരിക്കും. ഏറ്റവും വലിയ മനുഷ്യനിര്‍മിത ഉപഗ്രഹത്തില്‍ പുതുതായി കൂട്ടിച്ചേര്‍ക്കുന്ന ഘടകം 2019 ഏപ്രിലിലാണ് വിക്ഷേപിക്കുക. ഇതിലാണ് യു എ ഇ യുവാക്കള്‍ ഉണ്ടാവുക. ജീവശാസ്ത്രം, മനുഷ്യ ശാസ്ത്രം, ബഹിരാകാശ ഗവേഷണം, കാലാവസ്ഥാ നിരീക്ഷണം എന്നിവയാണ് ഉപഗ്രഹത്തിന്റെ ദൗത്യം. പ്രതിദിനം 15.54 വലയം വെക്കലാണ് നടത്തുന്നത്. റഷ്യയിലാണ് പുതിയ ബഹിരാകാശ സഞ്ചാരികള്‍ക്ക് പരിശീലനം നല്‍കുക. സോയൂസ് എം എസ് 12 ആണ് ഇവരെ ഭ്രമണപഥത്തിലെത്തിക്കുക.