Connect with us

Articles

ചൈനക്ക് വേണം, കൂടുതല്‍ കുഞ്ഞുങ്ങള്‍

Published

|

Last Updated

സ്റ്റാമ്പ് ശേഖരണം ഹോബിയാക്കിയവര്‍ക്ക് ആനന്ദിക്കാം. അത് ഫലശൂന്യമായ ഭ്രാന്തല്ല. ഭാഷാ പഠനം പോലെ, സാംസ്‌കാരിക അന്വേഷണം പോലെ, ചരിത്രം തേടിയുള്ള യാത്ര പോലെ അര്‍ഥവത്തായ ഒന്നാണ്. ഓരോ സ്റ്റാമ്പും അതിറങ്ങിയ കാലത്തിന്റെ കഥകള്‍ പേറുന്നു. ഭരണകൂടങ്ങളുടെ മുന്‍ഗണനകളും നയം മാറ്റങ്ങളും കുതിപ്പും കിതപ്പുമൊക്കെ അവിടെ വായിക്കാം. ചരിത്ര, വര്‍ത്തമാനങ്ങളുടെ നേരെ പിടിച്ച കണ്ണാടിയാണ് ഫിലാറ്റലി എന്ന പഠന ശാഖ. ചൈനയില്‍ ഈയിടെ പുറത്തിറങ്ങിയ സ്റ്റാമ്പ് ഈ നിരീക്ഷണത്തെ ശരിവെക്കുന്നു. ഒരു പെണ്‍ പന്നിയും ആണ്‍ പന്നിയും മൂന്ന് പന്നിക്കുഞ്ഞുങ്ങളുമാണ് സ്റ്റാമ്പിലുള്ളത്. കടുത്ത ജനന നിഷേധ പരിപാടിയുമായി മുന്നോട്ട് പോയിരുന്ന ചൈനീസ് ഭരണകൂടം സമൂലമായ മാറ്റങ്ങളിലേക്ക് ഉണരുകയാണെന്ന സന്ദേശം മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു ഈ സ്റ്റാമ്പില്‍. ഒറ്റക്കുട്ടിയെന്ന ശാഠ്യത്തിലായിരുന്നു കുറേകാലം കമ്യൂണിസ്റ്റ് ചൈന. പിന്നെയത് രണ്ട് കുട്ടിയെന്നിടത്തേക്ക് അയഞ്ഞു. ഇപ്പോഴിതാ രണ്ടിലധികം കുട്ടികളാകാമെന്ന തിരിച്ചറിവിലേക്ക് ചൈന നീങ്ങുകയാണ്. പന്നിക്കുടുംബത്തിന്റെ സ്റ്റാമ്പ് ഒരു പ്രതീകമായിരുന്നു. പിറകേ വന്നു, തീരുമാനങ്ങള്‍. ജനസംഖ്യാ നയം അപ്പടി പൊളിച്ചെഴുതാനുള്ള കരട് നിയമത്തിന് ചൈനീസ് സര്‍ക്കാര്‍ രൂപം നല്‍കിയിരിക്കുകയാണ്.

പുതിയ ജനസംഖ്യാ നയത്തിനായി കരട് സിവില്‍ കോഡ് ഉടന്‍ പ്രഖ്യാപിക്കുമെന്നും എത്ര കുഞ്ഞുങ്ങള്‍ ജനിക്കണമെന്നതില്‍ സര്‍ക്കാര്‍ ഇടപെടല്‍ പൂര്‍ണമായി പിന്‍വലിക്കുന്നതാകും പുതിയ നയമെന്നും ഔദ്യോഗിക മാധ്യമം പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. പുതിയ നയത്തിന് നാഷനല്‍ പീപ്പിള്‍സ് കോണ്‍ഗ്രസിന്റെ സ്ഥിരം സമിതി ഉടന്‍ അംഗീകാരം നല്‍കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ചൈനീസ് ഭരണ സംവിധാനത്തിലെ ഏറ്റവും ഉന്നത ഘടകമാണ് പീപ്പിള്‍സ് കോണ്‍ഗ്രസിന്റെ സ്ഥിരം സമിതി. 2020 ഓടെ പൂര്‍ണ നിലയില്‍ നയം നടപ്പാകും. അതോടെ ജനനനിഷേധത്തിന്റെ ദശകങ്ങള്‍ പിന്നിട്ട് ഇളം പുഞ്ചിരികളിലേക്ക് കമ്യൂണിസ്റ്റ് ചൈന ഉണരും. ജനന നിയന്ത്രണമെന്ന് ലളിതവത്കരിച്ച് പറയുമെങ്കിലും ജനന നിഷേധ പരിപാടിയാണ് ചൈന പിന്തുടര്‍ന്നിരുന്നത്. ലോകത്തിന്റെ എല്ലാ പ്രതിസന്ധികള്‍ക്കുമുള്ള പരിഹാരമായി പാശ്ചാത്യര്‍ അവതരിപ്പിച്ച ആശയത്തെ അത് ഏറ്റവും കര്‍ക്കശമായി നടപ്പാക്കിയ രാജ്യം തന്നെ തള്ളിപ്പറയുന്നുവെന്നത് ആഹ്ലാദകരമാണ്. മഹത്തായ തിരുത്തലിന് തയ്യാറാകുന്നത് ഏറ്റവും ജനസമ്പന്നമായ രാജ്യം തന്നെയാണെന്നത് മധുരതരവുമാണ്.

1950കളില്‍ തന്നെ ഏകസന്താന നയം നടപ്പാക്കാനുള്ള ശ്രമം ചൈന തുടങ്ങിയിരുന്നു. രണ്ട് അല്ലെങ്കില്‍ മൂന്ന് കുട്ടികളേ പാടുള്ളൂ എന്ന നിര്‍ദേശത്തിലൊതുങ്ങി അന്നത്തെ നയം. വിവാഹം വൈകിപ്പിക്കുക, ജനനം വൈകിപ്പിക്കുക, ജനനം കുറക്കുക എന്നായിരുന്നു മുദ്രാവാക്യം. 1979ലാണ് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി ഒറ്റക്കുട്ടി നയം പ്രഖ്യാപിച്ചത്. പീപ്പിള്‍സ് കോണ്‍ഗ്രസും പോളിറ്റ്ബ്യൂറോയുമൊക്കെ തിരിച്ചും മറിച്ചും ആലോചിച്ചാണ് ഈ മുതലാളിത്ത നയം നടപ്പാക്കാന്‍ തീരുമാനിച്ചത്. എന്നിട്ടും സര്‍വത്ര ആശയക്കുഴപ്പമായിരുന്നു. ഭ്രൂണത്തിലേ മരിച്ചുപോയ കുഞ്ഞുങ്ങളുടെ നിലവിളികള്‍ അധികാരികളുടെ ഉറക്കം കെടുത്തി. നയത്തില്‍ ഇളവ് വരുത്താനുള്ള ശ്രമങ്ങള്‍ പലപ്പോഴും നടന്നു. 1984ല്‍ ഗ്രാമ പ്രദേശങ്ങളില്‍ രണ്ട് കുട്ടികളാകാമെന്ന ഇളവ് അനുവദിച്ചത് ഇതിന്റെ ഭാഗമായിരുന്നു. പക്ഷേ 2001 ആയപ്പോഴേക്കും പിന്നെയും നയം മുറുക്കി. ഒറ്റക്കുട്ടി നയം നടപ്പാക്കി തുടങ്ങുമ്പോള്‍ ജനസംഖ്യ നൂറ് കോടിയായിരുന്നു. അന്ന് കണക്കാക്കിയത് 2000ത്തില്‍ 120 കോടിയില്‍ എത്തുമെന്നായിരുന്നു. എന്നാല്‍ എത്തിയത് 140 കോടിയിലാണ്. ഈ കണക്ക് ചൂണ്ടിക്കാട്ടി ജനന നിഷേധവാദികള്‍ രംഗത്ത് വന്നതോടെയാണ് രണ്ടായിരത്തില്‍ നിയന്ത്രണ നടപടികള്‍ വീണ്ടും ശക്തിയാര്‍ജിച്ചത്. 2006ല്‍ ഉയ്ഗൂര്‍, ടിബറ്റന്‍ പ്രവിശ്യകളില്‍ ഇളവ് അനുവദിക്കാമെന്നായി. 2013ല്‍ പിന്നെയും അയഞ്ഞു. ദമ്പതികള്‍ അവരുടെ മാതാപിതാക്കളുടെ ഒറ്റക്കുട്ടിയാണെങ്കില്‍ അവര്‍ക്ക് രണ്ട് കുട്ടികളാകാമെന്ന് ഇളവ് നല്‍കി. 2016ല്‍ നയത്തില്‍ നിര്‍ണായകമായ മാറ്റം വരുത്തി. രണ്ട് കുട്ടികളാകാം. ഇപ്പോഴിതാ ആ നിയന്ത്രണവും നീക്കാന്‍ പോകുകയാണ്.

കുടുംബാസൂത്രണമെന്ന ആശയത്തിന് സൈദ്ധാന്തിക അടിത്തറ ഒരുക്കിയ തോമസ് റോബര്‍ട്ട് മാള്‍ത്തസ് ലക്ഷണമൊത്ത മുതലാളിത്ത സാമ്പത്തിക വിദഗ്ധനായിരുന്നു. മാള്‍ത്തൂഷ്യന്‍ ജനസംഖ്യാ സിദ്ധാന്തത്തിന്റെ പല വൈകല്യങ്ങളിലൊന്ന് അത് ജനിച്ചു വീഴുന്ന കുഞ്ഞുങ്ങളുടെ വായ മാത്രമേ കാണുന്നുള്ളൂ, കൈകള്‍ കാണുന്നില്ല എന്നതാണ്. വിഭവ വികാസം രണ്ട്, നാല്, ആറ്, എട്ട് എന്നിങ്ങനെ (അരിതമറ്റിക് പ്രോഗ്രഷന്‍) നടക്കുമ്പോള്‍ ജനസംഖ്യാ വികാസം രണ്ട്, നാല്, പതിനാറ് എന്നിങ്ങനെ (ജ്യോമട്രിക് പ്രോഗ്രഷന്‍)കുതിക്കുമെന്നതാണ് മാള്‍ത്തസ് പറയാന്‍ ശ്രമിക്കുന്നത്. 20ാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധമാകുമ്പോഴേക്കും ലോകത്തെ വിഭവങ്ങള്‍ മുഴുവന്‍ ഉപയോഗിച്ച് തീരുമെന്നാണ് 1700കളില്‍ അദ്ദേഹം പ്രവചിച്ചത്. ഈ പ്രവചനം എത്ര വലിയ പൊട്ടത്തരമായിരുന്നുവെന്ന് ഇന്ന് ലോകം തിരിച്ചറിയുന്നു. ആവശ്യം സൃഷ്ടിയുടെ മാതാവാണെന്ന തത്വമാണ് മാള്‍ത്തസിനെ മറികടന്ന് മുന്നേറിയത്. ജനസംഖ്യ വര്‍ധിച്ചപ്പോള്‍ സ്വാഭാവികമായും ഭക്ഷണ ലഭ്യതയും പലമടങ്ങ് വര്‍ധിച്ചു. വിഭവ വിതരണത്തിലെ അസന്തുലിതാവസ്ഥയാണ് ലോകത്തിന്റെ ശാപമെന്നും നീതിപൂര്‍വം വീതിക്കപ്പെടുകയും സ്വതന്ത്രമായി ഒഴുകാനുള്ള സാധ്യതയൊരുക്കുകയും ചെയ്താല്‍ ഈ ഭൂമുഖത്തെ മുഴുവന്‍ ജനങ്ങള്‍ക്കും സുഭിക്ഷമാകാനുള്ളത് ഇവിടെ ഉത്പാദിപ്പിക്കുന്നുണ്ടെന്ന സത്യം മാല്‍ത്തൂഷ്യന്‍ മുതലാളിത്ത സിദ്ധാന്തത്തെ വെല്ലുവിളിച്ച് തിളങ്ങി നിന്നു.
ലോകത്തെ എല്ലാ ദുരിതങ്ങളുടെയും ഉത്തരവാദിത്വം ജനസമ്പന്നമായ രാജ്യങ്ങളുടെ തലയില്‍ കെട്ടിവെക്കുകയാണ് മാള്‍ത്തസ് ചെയ്തത്. ഈ രാജ്യങ്ങള്‍ ഏഷ്യയിലും ആഫ്രിക്കയിലുമാണ് എന്നതിനാല്‍ പാശ്ചാത്യ ഉത്കൃഷ്ടതാവാദത്തിന്റെ നിര്‍വഹണം കൂടി ഇത്തരം സിദ്ധാന്തങ്ങള്‍ നിര്‍വഹിക്കുന്നു. ജനസംഖ്യാ വിസ്‌ഫോടനത്തെ മറികടക്കാന്‍ മാള്‍ത്തസ് മുന്നോട്ട് വെക്കുന്നത് രണ്ട് പരിഹാരങ്ങളാണ്. ഒന്ന് സ്വാഭാവികമായ ആള്‍ നാശം. ഭൂകമ്പം, പകര്‍ച്ചവ്യാധി, കൊടുങ്കാറ്റ്. രണ്ടാമത്തേത് കൃത്രിമ ജനന നിഷേധ മാര്‍ഗങ്ങള്‍. രണ്ടാമത്തെ വഴിയിലൂടെ പതിറ്റാണ്ടുകള്‍ കുതിച്ച ചൈന തിരിച്ചു പിച്ച വെക്കാനൊരുങ്ങുമ്പോള്‍ മാള്‍ത്തസ് തെറ്റായിരുന്നുവെന്ന് ഒരിക്കല്‍ കൂടി തെളിയുകയാണ്.

ചൈനയില്‍ ഒറ്റക്കുട്ടി നയം 40 കോടി ജനനങ്ങള്‍ തടഞ്ഞുവെന്നാണ് കണക്ക്. നിയമമനുസരിക്കുന്നവര്‍ക്ക് ഒറ്റക്കുട്ടി സര്‍ട്ടിഫിക്കറ്റ് നല്‍കും. അവര്‍ക്ക് പിന്നെ ആനുകൂല്യങ്ങളുടെ പെരുമഴയാണ്. ജോലിക്കയറ്റം, ശമ്പള വര്‍ധന. കണ്‍സ്യൂമര്‍ കാര്‍ഡുകള്‍. പ്രത്യേക പരിരക്ഷകള്‍. കുഞ്ഞുങ്ങള്‍ വേണ്ടെന്നു വെക്കുന്നതിനുള്ള പാരിതോഷികങ്ങള്‍. നയം തെറ്റിക്കുന്നവരെ വേട്ടയാടും. അവരെ കുറ്റവാളിയായി മുദ്ര കുത്തും. ശമ്പളം കട്ട് ചെയ്യും. ജോലിയില്‍ നിന്ന് പിരിച്ചു വിടും. ഇത്തരക്കാര്‍ക്കുള്ള സബ്‌സിഡികള്‍ മുഴുവന്‍ എടുത്തു കളയും. സംരംഭങ്ങള്‍ക്കുള്ള സര്‍ക്കാര്‍ പിന്തുണ നിര്‍ത്തും. കനത്ത പിഴ ചുമത്തും. രണ്ടാമത്തെ, മൂന്നാമത്തെ കുഞ്ഞിന് സര്‍ക്കാറിന്റെ ഒരു പരിഗണനയും ലഭിക്കില്ല. അവന്‍/ അവള്‍ അണ്‍ വാണ്ടഡ് ചൈല്‍ഡ് ആണ്. അബദ്ധജന്‍മം. പലരും ഇത്തരം കുട്ടികളെ ഒളിപ്പിച്ചാണ് വളര്‍ത്താറുള്ളത്. അത്തരം സാഹസിക ജന്‍മങ്ങള്‍ എമ്പാടുമുണ്ട് ചൈനയില്‍.
വലിയ സാമൂഹിക, സാമ്പത്തിക പ്രതിസന്ധികളാണ് ഈ നയം സൃഷ്ടിച്ചത്. 2020 ഓടെ ചൈനയില്‍ വിവാഹം കഴിക്കാനാകാത്ത ഒന്നര കോടി പുരുഷന്‍മാര്‍ ഉണ്ടാകുമെന്നാണ് ദേശീയ ആരോഗ്യ, കുടുംബാസൂത്രണ കമ്മീഷന്‍ പുറത്ത് വിട്ട കണക്ക്. 2050 ആകുമ്പോഴേക്കും ഇത് മൂന്ന് കോടിയാകും. ആണ്‍ പെണ്‍ അനുപാതം ഇപ്പോള്‍ 100 പെണ്‍കുട്ടികള്‍ക്ക് 121 ആണ്‍ കുട്ടികള്‍ എന്നതാണ്. ഒറ്റക്കുട്ടി നയം പോലുള്ള കടുത്ത ജനന നിയന്ത്രണ നടപടികളുടെ ആത്യന്തിക ഫലമാണിത്. ഒന്നേ പാടുള്ളൂ, എങ്കിലത് ആണ്‍ കുഞ്ഞാകട്ടേ എന്ന് ദമ്പതികള്‍ തീരുമാനിക്കും. ആധുനിക ലിംഗനിര്‍ണയ സംവിധാനങ്ങള്‍ വന്നതോടെ എല്ലാ നിയമങ്ങളെയും മറികടന്ന് പെണ്‍ ഭ്രൂണ ഹത്യകള്‍ നടക്കും. ഉള്ള യുവതികളാകട്ടേ വിവാഹം കഴിക്കാന്‍ വിമുഖരാണ്. 2010ലെ സെന്‍സസ് പ്രകാരം ഇത്തരക്കാര്‍ 2.47 ശതമാനം വരും. വിദ്യാസമ്പന്നരും നല്ല സാമ്പത്തിക ശേഷിയുള്ളതുമായ യുവാക്കള്‍ക്ക് മാത്രമേ ഇണയെ കിട്ടൂ. അല്ലാത്തവര്‍ റഷ്യ, മംഗോളിയ, ഉത്തര കൊറിയ, ബര്‍മ, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങളില്‍നിന്ന് സ്ത്രീകളെ കടത്തിക്കൊണ്ടു വരണം. ഇത്തരം മാഫിയകള്‍ ചൈനയില്‍ സജീവമാണ്. ജോലിക്കെന്നോ വിദ്യാഭ്യാസത്തിനെന്നോ പറഞ്ഞ് കൊണ്ടുവരുന്ന സ്ത്രീകളെ അക്ഷരാര്‍ഥത്തില്‍ വില്‍ക്കുകയാണ് ചെയ്യുന്നത്. 2000ത്തിന് ശേഷം ഒറ്റക്കുട്ടി നയത്തില്‍ വരുത്തിയ ഇളവുകള്‍ സ്ത്രീ പുരുഷ അനുപാതത്തില്‍ വലിയ ഗുണഫലങ്ങള്‍ ഉണ്ടാക്കിയില്ല. ഒന്നാം കുട്ടി ആണായാലും പെണ്ണായാലും പ്രശ്‌നമില്ലെന്ന നിലപാടിലെത്താന്‍ ഈ ഇളവുകള്‍ കാരണമായി. എന്നാല്‍ രണ്ടാമത്തെ കുട്ടി ആണാണെന്ന് ഉറപ്പ് വരുത്താന്‍ തുടങ്ങി. ഒറ്റക്കുട്ടി നയം വാശിപിടിച്ച് നടപ്പാക്കാനായി സര്‍ക്കാര്‍ ഏര്‍പ്പാടാക്കിയ അബോര്‍ഷന്‍ കേന്ദ്രങ്ങളെ തന്നെ ജനം സമീപിച്ചു.

തൊഴില്‍ ശേഷിയില്‍ വന്ന ഭീകരമായ ഇടിവാണ് ഒറ്റക്കുട്ടി നയത്തിന്റെ മറ്റൊരു പ്രധാന പ്രത്യാഘാതം. 2014ല്‍ മാത്രം പതിനഞ്ചിനും അന്‍പത്തിയൊമ്പതിനും ഇടയിലുള്ള, തൊഴില്‍ ശേഷിയുള്ളവരുടെ എണ്ണത്തില്‍ 3.71 മില്യനാണ് കുറവ് വന്നത്. 1979ന് ശേഷം ആകെ തൊഴില്‍ ശേഷി നഷ്ടം 67 മില്യനാണ്. ചൈന വയസ്സന്‍മാരുടെ നാടായി മാറുകയാണ്. യു എന്‍ കണക്ക് പ്രകാരം 2050 ഓടെ ചൈനയില്‍ അറുപത് കഴിഞ്ഞവരുടെ എണ്ണം 440 മില്യനാകും. മീഡിയന്‍ വയസ്സ് ഇന്ത്യയില്‍ 37 ആണെങ്കില്‍ ചൈനയില്‍ 46 ആണ്. ഇന്ത്യയില്‍ 65 വയസ്സിന് മുകളിലുള്ളവരുടെ ശതമാനം 12.7 ശതമാനമാണെങ്കില്‍ ചൈനയില്‍ 23.9 ശതമാനമാണ്.
ജനസംഖ്യാ നയത്തില്‍ കമ്യൂണിസ്റ്റ് ചൈന മാറ്റം വരുത്താന്‍ മുതിരുന്നത് ജനന നിഷേധത്തിന്റെ പാപചിന്ത കൊണ്ടോ ഈ നയത്തോട് പ്രത്യയശാസ്ത്രപരമായി വിയോജിപ്പുള്ളത് കൊണ്ടോ അല്ലെന്ന് ചുരുക്കം. സാമ്പത്തികമായ കാരണങ്ങള്‍ തന്നെയാണിതിന് പിന്നില്‍. ലോകത്തെ ഒന്നാം നമ്പര്‍ സാമ്പത്തിക ശക്തിയാകാന്‍ ചൈനയുടെ കൈയിലെ പ്രധാന വിഭവം ജനശക്തി തന്നെയാണ്. തൊഴില്‍ ശേഷി ഇടിയുന്നതിന്റെ ആത്യന്തിക ഫലം സാമ്പത്തിക തകര്‍ച്ചയാണെന്ന് ഭരണകൂടം മനസ്സിലാക്കുന്നു. തിരിച്ചു നടത്തം അത്ര എളുപ്പമാകില്ലെന്നും അവര്‍ക്കറിയാം. 2016ല്‍ രണ്ട് കുട്ടികളാകാമെന്ന് തീരുമാനിച്ചപ്പോള്‍ ഒരു വര്‍ഷം കൊണ്ട് രണ്ട് കോടി കുട്ടികള്‍ ജനിക്കുമെന്നായിരുന്നു ചൈന കണക്ക് കൂട്ടിയത്. എന്നാല്‍ പിറന്നത് 1.72 കോടി കുഞ്ഞുങ്ങളാണ്. ചൈനീസ് സ്ത്രീകളുടെ പ്രജനന ശേഷിയില്‍ വന്‍ ഇടിവ് വന്നുവെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. ജനന നിഷേധ ഉപാധികളുടെ ലക്കുകെട്ട ഉപയോഗമാണ് ഈ വിന വരുത്തിവെച്ചത്. അതുകൊണ്ട് നയം തിരുത്താതെ ഒരടി മുന്നോട്ട് പോകാനാകില്ല. ഈ തിരിച്ചറിവില്‍ നിന്നാണ് ആ “പന്നിക്കുടുംബം” പിറന്നത്.
ജനിക്കാതെ പോയ ചൈനീസ് കുഞ്ഞുങ്ങള്‍ ഇറുകിയ കണ്ണുകള്‍ ഒന്നു കൂടി ഇറുക്കി ചിരിക്കുന്നുണ്ടാകും. പിറക്കാനിരിക്കുന്ന രണ്ടാമത്തെയും മൂന്നാമത്തെയും നാലാമത്തെയും കുഞ്ഞുങ്ങള്‍ക്കായി പാടാന്‍ അവര്‍ പുതിയ താരാട്ട് പഠിക്കുന്നുണ്ടാകും.

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്