Connect with us

Kerala

മത്സ്യത്തൊഴിലാളികളില്‍ നിന്ന് 200 കോസ്റ്റല്‍ വാര്‍ഡന്‍മാരെ നിയമിക്കും

Published

|

Last Updated

തിരുവനന്തപുരം: ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ തീരദേശത്തെ മത്സ്യത്തൊഴിലാളി വിഭാഗത്തില്‍ നിന്ന് പോലീസ് വകുപ്പില്‍ കോസ്റ്റല്‍ വാര്‍ഡന്മാരായി 200 പേരെ കരാറടിസ്ഥാനത്തില്‍ നിയമിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. കോഴിക്കോട് ആസ്ഥാനമായി രൂപീകരിച്ച മൂന്നംഗ വഖഫ് ട്രിബ്യൂണലിന്റെ പ്രവര്‍ത്തനത്തിന് 15 തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു.

ദിവസ വേതനാടിസ്ഥാനത്തില്‍ മൂന്ന് ഡ്രൈവര്‍മാരെയും നിയമിക്കും.
സാംസ്‌കാരിക വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളുടെ ചെയര്‍മാന്‍ മാരുടെയും വൈസ് ചെയര്‍മാന്‍ മാരുടെയും ഓണറേറിയം പുതുക്കി നിശ്ചയിക്കും. കേരള ഹൈക്കോടതിയിലേക്ക് 105 തസ്തികകള്‍ (വിവിധം) സൃഷ്ടിച്ചു. കേരള അസംഘടിത തൊഴിലാളി സാമൂഹിക സുരക്ഷാബോര്‍ഡുമായി ലയിപ്പിച്ച കേരള കൈത്തൊഴിലാളി- വിദഗ്ധ തൊഴിലാളി ക്ഷേമ പദ്ധതിയിലെ സ്ഥിരം ജീവനക്കാര്‍ക്ക് ശമ്പള പരിഷ്‌കരണം നടപ്പാക്കും.
ജൂലൈ 13ന് പൊന്നാനിയിലുണ്ടായ കടല്‍ ക്ഷോഭത്തില്‍ തകര്‍ന്ന മത്സ്യബന്ധനയാനങ്ങള്‍ക്കും ഉപകരണങ്ങള്‍ക്കുമുണ്ടായ നഷ്ടത്തിന് തുല്യമായ നഷ്ടപരിഹാരം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് അനുവദിക്കും. കേരള മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്‍ നിയമത്തില്‍ ഭേദഗതി വരുത്തും.

ഇത് സംബന്ധിച്ച കരട് ബില്‍ മന്ത്രിസഭ അംഗീകരിച്ചു. 2008ലെ നിയമപ്രകാരം 2007 ഡിസംബര്‍ 31 വരെയുള്ള കാലത്തേക്കുള്ള കടങ്ങള്‍ക്കു മാത്രമേ ആശ്വാസം നല്‍കാന്‍ കഴിയൂ. കടാശ്വാസത്തിന് പരിഗണിക്കുന്നതിനുള്ള കാലപരിധി 2008 ഡിസംബര്‍ 31 വരെ ദീര്‍ഘിപ്പിക്കുന്നതിനാണ് പ്രധാനമായും ഭേദഗതി.

---- facebook comment plugin here -----