Connect with us

Editorial

വോട്ടര്‍ കാര്‍ഡും ആധാറുമായി ബന്ധിപ്പിക്കണം

Published

|

Last Updated

വോട്ടര്‍ കാര്‍ഡ് ആധാര്‍ നമ്പറുമായി ബന്ധിപ്പിക്കണമെന്ന ആവശ്യം ശക്തമായിരിക്കയാണ്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ തിങ്കളാഴ്ച വിളിച്ച രാഷ്ട്രീയ കക്ഷികളുടെ യോഗത്തില്‍ പലരും ഈ ആവശ്യം ആവര്‍ത്തിച്ചു ഉന്നയിക്കുകയുണ്ടായി. വോട്ടര്‍ പട്ടികയില്‍ ഒരാളുടെ പേര് ഒന്നിലധികംതവണ വരുന്നത് ഒഴിവാക്കാനും തിരഞ്ഞെടുപ്പ് പ്രക്രിയ സുതാര്യമാക്കാനും ഇത് സഹായിക്കുമെന്നും കക്ഷി നേതാക്കള്‍ ചൂണ്ടിക്കാട്ടി. സ്ഥാനാര്‍ഥികള്‍ക്കെന്നപോലെ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കും തിരഞ്ഞെടുപ്പു ചെലവിന് പരിധി നിശ്ചയിക്കണമെന്ന ആവശ്യവും യോഗത്തില്‍ ഉയര്‍ന്നു വന്നു. ബി ജെ പി ഇതിനോട് യോജിച്ചില്ലെന്നാണ് വിവരം.

തിരഞ്ഞെടുപ്പുകള്‍ക്ക് വോട്ടര്‍ പട്ടിക പുതുക്കുമ്പോള്‍ വ്യാജന്മാര്‍ കടന്നു കൂടുന്ന പ്രവണത പതിവാണ്. രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ തങ്ങളുടെ വോട്ടര്‍മാരുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ഒരാളുടെ പേര്‍ ഒന്നിലധികം തവണ വോട്ടര്‍ പട്ടികയില്‍ ചേര്‍ക്കാറുണ്ട്. മധ്യപ്രദേശിലെ വോട്ടര്‍ പട്ടിക തയ്യാറാക്കുന്നതില്‍ വന്‍ക്രമക്കേട് നടന്നതായും 60ലക്ഷം വ്യാജന്മാര്‍ പട്ടികയില്‍ കടന്നു കൂടിയിട്ടുണ്ടെന്നുമുള്ള ആരോപണം ഉയര്‍ന്നത് അടുത്തിടെയാണ്. ഈ വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ഭരണത്തിന്റെ സ്വാധീനത്തില്‍ ബി ജെ പിയാണ് വ്യാജ വോട്ടര്‍മാരെ തിരുകിക്കയറ്റിയതെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു.

അടുത്തിടെ സംസ്ഥാന തിരഞ്ഞെടുപ്പ് നടന്ന കര്‍ണാടകയിലും ക്രമക്കേടുകള്‍ കണ്ടെത്തിയിരുന്നു. കര്‍ണാടകയിലെ ദാതിയ, ജ്യോതിനഗര്‍ മേഖലകളില്‍ 500 വോട്ടര്‍മാരെ രണ്ട് മേല്‍വിലാസത്തിലായി കാണപ്പെടുകയുണ്ടായി. ഈ തട്ടിപ്പിന് പിന്നില്‍ ബി ജെ പിയാണെന്ന് ആരോപിച്ച് കോണ്‍ഗ്രസ് എം എല്‍ എയായിരുന്ന രാജേന്ദ്ര ഭാരതി തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുകയും ആരോപണം സത്യമാണെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് ഇതെങ്ങനെ സംഭവിച്ചുവെന്ന് കണ്ടെത്താന്‍ കമ്മീഷന്‍ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിരുന്നു. മെയ് അവസാനം ഉപതിരഞ്ഞെടുപ്പ് നടന്ന ചെങ്ങന്നൂരില്‍ ഭരണ സ്വാധീനം ഉപയോഗിച്ച് സി പി എം വോട്ടര്‍പട്ടികയില്‍ കൃത്രിമം കാണിച്ചതായി കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. പാര്‍ട്ടി പ്രവര്‍ത്തകരെ വാടകവീടുകളില്‍ താമസിപ്പിച്ച് ആ മേല്‍വിലാസത്തിലും വ്യാജ റസിഡന്റ്‌സ് സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ചുമാണത്രേ പട്ടികയില്‍ തിരുകിക്കയറ്റിയത്. വോട്ടര്‍ പട്ടികയിലെ ഇത്തരം കൃത്രിമങ്ങള്‍ മറ്റു സംസ്ഥാനങ്ങളിലും കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് തിരിച്ചറിയല്‍ കാര്‍ഡ് ആധാര്‍ നമ്പറുമായി ബന്ധിപ്പിക്കണമെന്ന നിര്‍ദേശം ഉയര്‍ന്നു വന്നത്.
തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഈ നിര്‍ദേശം നേരത്തെ തന്നെ മുന്നോട്ട് വെച്ചിരുന്നതാണ്. 2015ല്‍ ഈ ആവശ്യവുമായി കമ്മീഷന്‍ സുപ്രീം കോട തിയെ സമീപിക്കുകയുമുണ്ടായി. ആ ഘട്ടത്തിലാണ് ആധാറുമായി ബന്ധപ്പെട്ട കേസ് വന്നതും സബ്‌സിഡി ആവശ്യങ്ങള്‍ക്കല്ലാതെ ആധാര്‍

ഉപയോഗിക്കരുതെന്ന കോടതി ഉത്തരവുണ്ടായതും. അതോടെ കമ്മീഷന്റെ ഹരജി അനിശ്ചിതത്വത്തിലാവുകയായിരുന്നു. എന്നാല്‍ രണ്ടും തമ്മില്‍ ബന്ധിപ്പിക്കുന്ന നടപടി നിര്‍ബന്ധമാക്കേണ്ടതില്ലെന്നും ആധാര്‍ നമ്പര്‍ നല്‍കാന്‍ സ്വയം സന്നദ്ധമാകുന്നവരുടെ വിവരങ്ങള്‍ മാത്രം കാര്‍ഡുമായി ബന്ധിപ്പിച്ചാല്‍ മതിയെന്നുമായിരുന്നു പഴയ കമ്മീഷണര്‍ എച്ച് എസ് ബ്രഹ്മയുടെ നിലപാട്. ഇത് നിര്‍ബന്ധമാക്കണമെന്നും വോട്ട് രേഖപ്പെടുത്താനെത്തുമ്പോള്‍ ബയോമെട്രിക് സംവിധാനം ഉപയോഗിച്ച് തിരിച്ചറിയല്‍ പരിശോധന നടത്തണമെന്നുമാണ് നിലവിലെ കമ്മീഷണര്‍ ഓം പ്രകാശ് റാവത്തിന്റെ അഭിപ്രായം. ജനുവരിയില്‍ ചുമതലയേല്‍ക്കുന്നതിന് തൊട്ടുമുമ്പ് നടത്തിയ പ്രസ്താവനയിലാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്. പട്ടികയില്‍ ഒരാളുടെ പേര് ഒന്നിലധികം തവണ വരുന്നത് ഇല്ലാതാകുകയും തിരഞ്ഞെടുപ്പ് നടപടികള്‍ സുതാര്യമാകുകയും ചെയ്യണമെങ്കില്‍ രണ്ടും തമ്മില്‍ ബന്ധിപ്പിക്കുന്ന നടപടി നിര്‍ബന്ധമാക്കുക തന്നെ വേണം.
സ്ഥാനാര്‍ഥികള്‍ക്കെന്ന പോലെ പാര്‍ട്ടികള്‍ക്കും തിരഞ്ഞെടുപ്പ് ചെലവിന് പരിധി നിശ്ചയിക്കുന്നത് തിരഞ്ഞെടുപ്പിലെ പണാധിപത്യം നിയന്ത്രിക്കാന്‍ സഹായകമായേക്കും. നിലവില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒരു സ്ഥാനാര്‍ഥിക്ക് ചെലവഴിക്കാവുന്ന പരമാവധി തുക 28ലക്ഷം രൂപയും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 70 ലക്ഷം രൂപയുമാണ്. ഇതനുസരിച്ച് ഒരു പാര്‍ട്ടി നിയമസഭയിലേക്ക് 100 സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കുന്നുണ്ടെങ്കില്‍ ആ പാര്‍ട്ടിയുടെ ചെലവ് പരിധി 28 കോടിയും ലോക്‌സഭയിലേക്ക് 100 സ്ഥാനാര്‍ഥികളെ മത്സരിപ്പിച്ചാല്‍ 70 കോടി രൂപയുമായിരിക്കും.

എന്നാല്‍ ഇതിനേക്കാളൊക്കെ എത്രയോ മടങ്ങാണ് ഓരോ സ്ഥാനാര്‍ഥിയും പാര്‍ട്ടിയും തിരെഞ്ഞടുപ്പില്‍ വാരിയെറിയുന്നത്. സ്വതന്ത്ര ഏജന്‍സി നടത്തിയ പഠനമനുസരിച്ച് കര്‍ണാടകയില്‍ അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ 9,500 കോടി മുതല്‍ 10,500 കോടി വരെയാണ് വിവിധ പാര്‍ട്ടികളുടെ ചെലവ്. ഇതടിസ്ഥാനത്തില്‍ അടുത്ത വര്‍ഷത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ചെലവ് 50,000 കോടി മുതല്‍ 60,000 കോടി വരെ ഉയരാന്‍ സാധ്യതയുള്ളതായും പഠനം വിലയിരുത്തുന്നു. നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ പോലും ദശകോടികളാണ് ഓരോ സ്ഥാനാര്‍ഥിക്ക് വേണ്ടിയും പാര്‍ട്ടി ചെലവിടുന്നത്. സ്ഥാനാര്‍ഥിക്ക് ചെലവിന് നിയന്ത്രണങ്ങളുണ്ടെങ്കിലും പാര്‍ട്ടിക്ക് നിയന്ത്രണമില്ല. അവര്‍ക്ക് ആരുടെ മുമ്പിലും കണക്ക് ബോധിപ്പിക്കേണ്ടതുമില്ല. ഇത് തിരഞ്ഞെടുപ്പില്‍ പാര്‍ട്ടികള്‍ക്ക് പണം വാരിയെറിയാന്‍ അവസരമേകുന്നു. സ്വതന്ത്രവും നിഷ്പക്ഷവുമായ തിരഞ്ഞെടുപ്പ് ഉറപ്പ് വരുത്താന്‍ ഇത് നിയന്ത്രിച്ചേ തീരൂ.