ധനസഹായം നല്‍കാന്‍ യുഎഇ സന്നദ്ധത അറിയിച്ചിരുന്നു; 700 കോടിയുടെ കണക്കിനെക്കുറിച്ച് അന്വേഷിക്കുന്നു: കേന്ദ്ര സര്‍ക്കാര്‍

Posted on: August 24, 2018 6:26 pm | Last updated: August 27, 2018 at 10:15 am

ന്യൂഡല്‍ഹി: പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് ധനസഹായം നല്‍കാന്‍ യുഎഇ സന്നദ്ധത അറിയിച്ചിരുന്നെന്ന് കേന്ദ്ര സര്‍ക്കാര്‍. എന്നാല്‍ 700 കോടി നല്‍കുന്നതായി ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്നും ആ കണക്ക് എവിടെ നിന്ന് വന്നുവെന്ന് അന്വേഷിച്ചു വരികയാണെന്നും കേന്ദ്രം വ്യക്തമാക്കി.

പ്രളയ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ യുഎഇ ഭരണാധികാരി ഇന്ത്യന്‍ പ്രധാനമന്ത്രിയുമായി സംസാരിച്ചിരുന്നു. കേരളത്തിന് ആവശ്യമായ സഹായം അവരാല്‍ കഴിയുന്ന രീതിയില്‍ ചെയ്യാമെന്ന് പ്രധാനമന്ത്രിയെ അറിയിച്ചിരുന്നു. എന്നാല്‍ 700 കോടി എന്നൊരു കൃത്യമായ തുക പ്രധാനമന്ത്രിയുമായുള്ള സംഭാഷണത്തില്‍ യുഎഇ തലവന്‍ പറഞ്ഞിട്ടില്ല.

യുഎഇയുടെ വാഗ്ദാനത്തിന് നന്ദി അറിയിച്ചാല്‍ അതിന് പണം സ്വീകരിച്ചു എന്നല്ല അര്‍ഥമാക്കേണ്ടത്. വിദേശ സഹായം സ്വകരിക്കുന്നത് സംബന്ധിച്ച് എന്ത് രേഖ നിലവിലുണ്ടെങ്കിലും സര്‍ക്കാറിന്റെ അവസാന വിശദീകരണമാണ് നിലനില്‍ക്കുകയെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കുന്നു. 700 കോടി നല്‍കുന്നതായി ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്ന് യുഎഇ വ്യക്തമാക്കിയതിന് പിന്നാലെയാണ് കേന്ദ്ര സര്‍ക്കാറിന്റെ വിശദീകരണം.