Connect with us

Articles

പത്രപ്രവര്‍ത്തനത്തിന്റെ ധീരമുഖം

Published

|

Last Updated

1977 ജനുവരി 18 പ്രഭാതം. രാജ്യത്ത് അടിയന്തരാവസ്ഥയുണ്ട്. മൊറാര്‍ജി ദേശായി വീട്ടുതടങ്കലില്‍ കഴിയുകയാണ്. പിന്നീട് രാജ്യത്തെ പ്രഥമ കോണ്‍ഗ്രസിതര പ്രധാനമന്ത്രി ആയ നേതാവാണ് ദേശായി. രാവിലെ വീട്ടിലെത്തിയ പത്രങ്ങള്‍ വായിക്കാന്‍ തുടങ്ങിയപ്പോള്‍ ഇന്ത്യന്‍ എക്‌സ്പ്രസിലെ ഒരു വാര്‍ത്ത കണ്ണിലുടക്കി. ഇപ്പോള്‍ രാജ്യത്തു നിലനില്‍ക്കുന്ന അടിയന്തരാവസ്ഥ ഉടന്‍ എടുത്തുകളയാന്‍ പോവുകയാണെന്നും മാര്‍ച്ച് മാസം അവസാനം ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുമെന്നുമായിരുന്നു ആ വാര്‍ത്തയുടെ ഉള്ളടക്കം. റിപ്പോര്‍ട്ട് ചെയ്ത ആളെ ദേശായി അന്വേഷിച്ചു. അത് മുതിര്‍ന്ന പത്രപ്രവര്‍ത്തകനായ കുല്‍ദീപ് നയ്യാര്‍ ആയിരുന്നു. ഈ വാര്‍ത്ത ആദ്യമായി റിപ്പോര്‍ട്ട് ചെയ്തതും അദ്ദേഹമായിരുന്നു.

റിപ്പോര്‍ട്ടില്‍ പറഞ്ഞ വസ്തുതകളോട് പൊരുത്തപ്പെടാന്‍ മൊറാര്‍ജി ദേശായിക്ക് കഴിഞ്ഞില്ല. ഇത്ര വലിയ ഒരു രാഷ്ട്രീയ രഹസ്യം മുതിര്‍ന്ന രാഷ്ട്രീയ നേതാക്കള്‍ അറിയുന്നതിന് മുമ്പ് ഈ മാധ്യമപ്രവര്‍ത്തകന്‍ എങ്ങനെ അറിഞ്ഞു? ദേശായി സമര്‍ഥനായ ആ പത്രപ്രവര്‍ത്തകനെ വിളിച്ചുവരുത്തി. വാര്‍ത്തയുടെ ഉറവിടത്തെക്കുറിച്ചും ആധികാരികതയെക്കുറിച്ചും നയ്യാര്‍ വിശദീകരിച്ചു. ജനുവരി 17ാം തീയതി ഡല്‍ഹിയിലെ ഇന്ത്യാ ഇന്റര്‍നാഷനല്‍ സെന്ററില്‍ താന്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു. അവിടെ വെച്ച് നേരത്തെ പരിചയമുണ്ടായിരുന്ന പോലീസ് സൂപ്രണ്ടിനെ കണ്ടുമുട്ടി. സംസാരത്തിനിടയില്‍ ഏതൊക്കെ രാഷ്ട്രീയ നേതാക്കളാണ് വരുന്ന തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ സാധ്യതയുള്ളത് എന്നന്വേഷിക്കാന്‍ പൊലീസിന് നിര്‍ദേശമുണ്ടെന്ന് സൂപ്രണ്ട് പറഞ്ഞു. കുല്‍ദീപ് നയ്യാര്‍ക്ക് അത്ര മതിയായിരുന്നു. പക്ഷേ, വാര്‍ത്ത കൂടുതല്‍ സൂക്ഷ്മതയോടെ എഴുതണമെങ്കില്‍ ആധികാരികമായ ഉറപ്പ് വേണം. ദേശീയ രാഷ്ട്രീയത്തെയും കേന്ദ്രഭരണത്തെയും നിര്‍ണായകമായി സ്വാധീനിക്കാന്‍ പോകുന്ന ഒരു വാര്‍ത്തക്ക് അത് ആവശ്യമാണ്. കുല്‍ദീപ് നയ്യാര്‍ നേരെ പോയത് കമല്‍ നാഥിന്റെ വീട്ടിലേക്കായിരുന്നു. പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ രഹസ്യ സൂക്ഷിപ്പുകാരനായ സഞ്ജയ് ഗാന്ധിയുടെ മകനാണ് കമല്‍ നാഥ്. സൗഹൃദ സംഭാഷണത്തിനിടയില്‍ കുല്‍ദീപ് അദ്ദേഹത്തോട് വരുന്ന ലോക്‌സഭാ ഇലക്ഷനെക്കുറിച്ച് ചോദിച്ചു; അതും ഒരു അപ്രധാനമായ സംസാരം എന്ന നിലയില്‍. ആ സൗഹൃദ സംഭാഷണത്തിലൂടെ ആവശ്യമായ മുഴുവന്‍ വിവരങ്ങളും അദ്ദേഹത്തിന് ലഭിച്ചു.

രണ്ട് ദിവസത്തിനുള്ളില്‍ അടിയന്തരാവസ്ഥ അവസാനിച്ചു എന്ന് ഇന്ദിരാഗാന്ധി റേഡിയോയിലൂടെ പ്രഖ്യാപിച്ചു. വീട്ടുതടങ്കലില്‍ നിന്ന് മോചിതനായ മൊറാര്‍ജി ദേശായി കുല്‍ദീപ് നയ്യാരുടെ അസാമാന്യ പാടവത്തെ വാനോളം പുകഴ്ത്തി.

കഴിഞ്ഞ ദിവസം വിട പറഞ്ഞ കുല്‍ദീപ് നയ്യാര്‍ ഇങ്ങനെ നിരവധി രാഷ്ട്രീയ നീക്കങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച പ്രതിഭയായിരുന്നു. ഒരു പത്രപ്രവര്‍ത്തകന്‍ എന്നതിലുപരി ശക്തമായ നിലപാടുകള്‍ ഉണ്ടായിരുന്ന മുതിര്‍ന്ന എഴുത്തുകാരനും മനുഷ്യാവകാശ പ്രവര്‍ത്തകനും പാര്‍ലമെന്റേറിയനുമായിരുന്നു അദ്ദേഹം.

1923 ആഗസ്റ്റ് 23ന് സിയാല്‍കോട്ടില്‍ ജനിച്ച കുല്‍ദീപ് നയ്യാര്‍ ഇന്ത്യ- പാക് വിഭജനം നേരിട്ടനുഭവിച്ച അപൂര്‍വം പത്രപ്രവര്‍ത്തകരില്‍ ഒരാളാണ്. “ബിയോണ്ട് ദി ലൈന്‍സ്” എന്ന ആത്മകഥയില്‍ തന്റെ വിഭജനാനുഭവങ്ങള്‍ അതിമനോഹരമായി അദ്ദേഹം എഴുതിയിട്ടുണ്ട്. ഇന്ത്യന്‍ വിഭജനത്തെ തുടര്‍ന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പൊട്ടിപ്പുറപ്പെട്ട കലാപങ്ങള്‍ കുല്‍ദീപ് നയ്യാര്‍ നേരില്‍ കണ്ടു. പാക്കിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്ക് മടങ്ങുകയായിരുന്നു അദ്ദേഹത്തിന്റെ കുടുംബം. അതിസാഹസികമായ ആ യാത്ര അദ്ദേഹം പരാമര്‍ശിക്കാറുണ്ട്. വഴിമധ്യേ നേരിട്ട ഭയാനകമായ അവസ്ഥകള്‍ അതിജീവിച്ചാണ് അദ്ദേഹം ഇന്ത്യയിലെത്തുന്നത്. ലാഹോറില്‍ നിന്ന് നിയമത്തില്‍ ബിരുദമെടുത്ത നയ്യാര്‍ വിവിധ മേഖലകളില്‍ ജോലി നോക്കിയെങ്കിലും പത്രപ്രവര്‍ത്തനം തിരഞ്ഞെടുക്കുകയായിരുന്നു. പത്രപ്രവര്‍ത്തനം തന്നെ തിരഞ്ഞെടുക്കുകയാണ് ചെയ്തതെന്നാണ് അദ്ദേഹം ഇതിനെക്കുറിച്ച് തന്റെ ആത്മകഥയുടെ ആമുഖത്തില്‍ എഴുതുന്നത്. അദ്ദേഹത്തിന്റെ ജീവിതവും മാധ്യമപ്രവര്‍ത്തനവും അത്രമേല്‍ ബന്ധപ്പെട്ടു കിടന്നു. നോര്‍ത്ത് വെസ്റ്റ് യൂനിവേഴ്‌സിറ്റിയില്‍ നിന്ന് ജേര്‍ണലിസത്തില്‍ ബിരുദമെടുക്കുകയും ചെയ്തു. സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനത്തിനായി ഒരു പുരുഷായുസ്സ് മാറ്റിവെച്ച അദ്ദേഹം ദേശീയ രാഷ്ട്രീയ നിരീക്ഷണത്തിലും അന്തര്‍ദേശീയ സേവനത്തിലും അധികായനായിരുന്നു.

14 ഭാഷകളിലെ 80ലധികം പത്രങ്ങളില്‍ കോളമിസ്റ്റായിരുന്നു കുല്‍ദീപ് നയ്യാര്‍. വിവിധ പത്രങ്ങളില്‍ സേവനം അനുഷ്ഠിച്ച അദ്ദേഹം കാര്‍ക്കശ്യം നിറഞ്ഞ പത്രാധിപരായിരുന്നു. തന്റെ നിലപാടുകള്‍ മുഖം നോക്കാതെ തുറന്നടിച്ചു. രാഷ്ട്രീയ രംഗത്തെ അനീതികള്‍ക്കെതിരെ നിരന്തരം കലഹിച്ചു. രാഷ്ട്രീയ പ്രമുഖരുമായും ഉദ്യോഗസ്ഥരുമായും അടുത്ത ബന്ധം സൂക്ഷിച്ചെങ്കിലും അഴിമതിക്കഥകള്‍ പുറത്തുകൊണ്ടുവരാന്‍ ഒന്നും അദ്ദേഹത്തിന് തടസ്സമായില്ല. ബിയോണ്ട് ദി ലൈന്‍സ്, ഇന്ത്യ ദി ക്രിട്ടിക്കല്‍ ഇയേഴ്‌സ്, ഇന്ത്യ ആഫ്റ്റര്‍ നെഹ്‌റു, ഡിസ്റ്റന്റ് നൈബേഴ്‌സ് ഉള്‍പ്പെടെ 15 കൃതികള്‍ കുല്‍ദീപ് നയ്യാര്‍ രചിച്ചു. ഇടതുപക്ഷ സഹയാത്രികനായിരുന്നു. 1996ല്‍ ഐക്യരാഷ്ട്ര സഭയിലെ ഇന്ത്യന്‍ പ്രതിനിധി സംഘത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

1990ല്‍ ബ്രിട്ടനിലെ ഇന്ത്യന്‍ ഹൈ കമ്മീഷണര്‍ ആയി നിയമിതനായി. 1997ല്‍ രാജ്യസഭാംഗമായി. നരേന്ദ്ര മോദി സര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ശക്തമായി എഴുതി. കേരളത്തിലെ സാംസ്‌കാരിക സാഹിത്യ പരിപാടികളില്‍ പലപ്പോഴും സാന്നിധ്യമായിരുന്നു. എക്കാലത്തെയും പത്രപ്രവര്‍ത്തകര്‍ക്കും മാധ്യമ വിദ്യാര്‍ഥികള്‍ക്കും ഒരു പാഠപുസ്തകമായിരുന്നു കുല്‍ദീപ് നയ്യാര്‍.