വീടുകള്‍ നന്നാക്കുന്നതിന് ഒരു ലക്ഷം രൂപവരെ പലിശരഹിത വായ്പ: മുഖ്യമന്ത്രി

Posted on: August 23, 2018 8:47 pm | Last updated: August 24, 2018 at 10:30 am

തിരുവനന്തപുരം: പ്രളയത്തില്‍ തകര്‍ന്ന വീടുകള്‍ നന്നാക്കുന്നതിന് പലിശരഹിത വായ്പ ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേടുവന്ന വീട്ടുപകരണങ്ങള്‍ നന്നാക്കുന്നതിന് കര്‍മ പദ്ധതികള്‍ രൂപവത്കരിക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ഇന്ന് സംസ്ഥാനത്തെ ചില ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ചിരുന്നു.
വീടുകളില്‍ നിന്ന് മാറി നില്‍ക്കേണ്ടി വന്നതിലെ വിഷമങ്ങള്‍ ഒഴിച്ചാല്‍ ക്യാമ്പുകളിലെ സൗകര്യങ്ങളില്‍ എല്ലാവരും തൃപ്തരാണ്. എന്നാല്‍, ക്യാമ്പില്‍നിന്ന് പോയാലുള്ള അവസ്ഥയെക്കുറിച്ചുള്ള ആശങ്ക അവര്‍ക്കുണ്ട്. അതൊരു നിസ്സാരമായ ആശങ്കയല്ല. ദുരിതാശ്വാസ ക്യാമ്പുകളില്‍നിന്ന് പോകുമ്പോള്‍ ഒരു കിറ്റ് കൊടുത്തതുകൊണ്ടു മാത്രം ഒന്നുമാകുന്നില്ല. വീട്ടില്‍ ഒരു സാധനവും ഉപയോഗിക്കാന്‍ പറ്റാത്ത അവസ്ഥയിലാണ്. റിപ്പയര്‍ ചെയ്യാവുന്നവ ചെയ്യാം. എന്നാല്‍ പലതും റിപ്പയര്‍ ചെയ്യാനാവാത്തവിധം വെള്ളംകയറി പോയി. ഇതു പരിഹരിക്കാന്‍, അവശ്യസാധനങ്ങള്‍ വാങ്ങാന്‍ ഒരു ലക്ഷം രൂപ ഗൃഹനാഥയുടെ പേരില്‍ പലിശരഹിത വായ്പ നല്‍കും. വിവിധ ബേങ്കുകളുടെ സഹകരണത്തോടെയാണ് ഈ വായ്പാപദ്ധതി നടപ്പാക്കുക. ഇതിനായി ബേങ്കുകളുമായി ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുകയാണ്. രക്ഷാപ്രവര്‍ത്തകരോടുള്ള തീരാകടപ്പാട് എല്ലാവരും വ്യക്തമാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ വീട്ടിലേക്ക് മടങ്ങിത്തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ ദിവസം 3,27,280 കുടുംബങ്ങളാണ് ക്യാമ്പുകളില്‍ കഴിഞ്ഞിരുന്നത്. എന്നാല്‍ ഇന്ന് 2,78,781 കുടുംബങ്ങളാണ് ക്യാമ്പുകളിലുള്ളത്. 12,10,483 ആളുകള്‍ കഴിഞ്ഞ ദിവസമുണ്ടായിരുന്നു. ഇന്നത് 10,40,468 പേരായി കുറഞ്ഞിട്ടുണ്ട്.

വീടുകള്‍ ശുചീകരിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ശുചീകരണം പൂര്‍ത്തിയാകുന്നത് വരെ ആളുകള്‍ക്ക് ക്യാമ്പുകളില്‍ കഴിയാം. ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളും കോളജുകളും ഓണാവധി കഴിഞ്ഞ് തുറക്കുമ്പോള്‍ ആളുകളെ മാറ്റിത്താമസിപ്പിക്കാന്‍ പകരം സംവിധാനം ഏര്‍പ്പെടുത്തും. ഹാളുകള്‍, കല്ല്യാണമണ്ഡപങ്ങള്‍ എന്നിവ ഉപയോഗപ്പെടുത്താനാണ് സര്‍ക്കാര്‍ തീരുമാനം. സ്ഥിരമായി പ്രകൃതി ദുരിതങ്ങള്‍ നേരിടുന്ന മേഖലകളില്‍ വസിക്കുന്നവരെ മാറ്റിപ്പാര്‍പ്പിക്കാന്‍ നടപടി സ്വീകരിക്കും. ഇതിന് പൊതുവായ അഭിപ്രായം രൂപവത്കരിക്കും.

മരണപ്പെട്ട കന്നുകാലികളുടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കല്‍ വെല്ലുവളിയാണ്. ഇതിന് സേനകളുടെ സഹായം തേടിയിട്ടുണ്ട്.
പുനരധിവാസ പ്രവര്‍ത്തനങ്ങളെ നിര്‍ജീവമാക്കുന്ന പ്രസ്താവനകള്‍ ചിലരില്‍ നിന്നുമുണ്ടാകുന്നുണ്ട്. എന്നാല്‍ തര്‍ക്ക വിതര്‍ക്കങ്ങള്‍ക്കുള്ള സമയമല്ല ഇതെന്നും കൂട്ടായ്മയിലൂടെ ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിനാണ് സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നതെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.