യുഎഇയുടെ സാമ്പത്തിക സഹായം ലഭിക്കാന്‍ കേന്ദ്രം നയം തിരുത്തണം: കണ്ണന്താനം

Posted on: August 23, 2018 7:45 pm | Last updated: August 24, 2018 at 9:28 am

തിരുവനന്തപുരം: യുഎഇയുടെ സാമ്പത്തിക സഹായം ലഭിക്കാന്‍ കേന്ദ്ര് നയം തിരുത്തണമെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് യുഎഇയുടെ 700 കോടി രൂപ കേരളത്തിന് ആവശ്യമാണ്. ഇത് സംബന്ധിച്ച് കേന്ദ്രമന്ത്രിമാരുമായി ചര്‍ച്ച നടത്തി വരികയാണ്. വിദേശസഹായം സ്വീകരിക്കേണ്ടതില്ല എന്നത് 2004 മുതല്‍ നമ്മുടെ നയമാണ്. സുനാമി, ഉത്തരാഖണ്ഡ് പ്രളയം എന്നീ കാലത്തുപോലും ഇതില്‍ മാറ്റം വരുത്തിയിട്ടില്ല. വലിയ നാശനഷ്ടമുണ്ടെങ്കില്‍പോലും നാം പണം സ്വീകരിക്കാറില്ല. അത് സര്‍ക്കാരിന്റെ നയമാണ്. ഈ നയം മാറ്റണമെന്ന് ഞാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു. കാരണം ദുരിതം ഞാന്‍ നേരിട്ടുകണ്ടതാണ്.

രക്ഷാപ്രവര്‍ത്തനത്തിനും ആശ്വാസ നടപടികള്‍ക്കുമായി കേന്ദ്ര സര്‍ക്കാര്‍ 760 കോടി രൂപ കേരളത്തിന് നല്‍കിക്കഴിഞ്ഞു. ഇത് ആദ്യ ഗഡുമാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിന്റെ പ്രളയക്കെടുതി നേരിടാന്‍ വിദേശ സാമ്പത്തിക സഹായം വേണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. ഇതിനെതിരെ വന്‍ പ്രതിഷേധമാണുയര്‍ന്നത്. പ്രളയ ദുരിതം നേരിടാന്‍ കേരളത്തിന് 700 കോടി സമാഹരിച്ചു നല്‍കുമെന്ന് യുഎഇ വ്യക്തമാക്കിയിരുന്നു. കേന്ദ്രസര്‍ക്കാര്‍ നയം കാരണം പണം സ്വീകരിക്കല്‍ അനിശ്ചിതത്വത്തിലായിരിക്കുകയാണ്.