വിദേശ സഹായത്തിന് വിലക്കെങ്കില്‍ തുല്യമായ തുക കേന്ദ്രം തരണം : കോടിയേരി ബാലക്യഷ്ണന്‍

Posted on: August 23, 2018 1:07 pm | Last updated: August 23, 2018 at 7:25 pm

തിരുവനന്തപുരം: കേരളത്തിനായി യുഎഇ വാഗ്ദാനം ചെയ്ത 700 കോടി രൂപ സ്വീകരിക്കേണ്ടതില്ലെന്ന കേന്ദ്ര നിലപാട് കേരളത്തോടുള്ള വൈര്യനിര്യാതന നിലപാടിന്റെ ഭാഗമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലക്യഷ്ണന്‍. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കരുതെന്ന സംഘപരിവാറിന്റേയും സേവാ ഭാരതിയുടേയും ആഹാനത്തിന്‍രെ ഭാഗമാണ് ഈ നിലപാടെന്നും കോടിയേരി പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.

യുഎന്നിനു പുറമെ യുഎഇ, ഖത്തര്‍ എന്നീ രാജ്യങ്ങളും വാഗ്ദാനം ചെയ്ത സഹായം വേണ്ടെന്നാണ് കേന്ദ്ര നിലപാടെങ്കില്‍ ഇതിന് തുല്യമായ സഹായം കേന്ദ്രം കേരളത്തിന് നല്‍കണം. പ്രക്യതിദുരന്തങ്ങളില്‍ സഹായം സ്വീകരിക്കുന്നത് വിലക്കുന്ന ചട്ടങ്ങളില്‍ മാറ്റം വരുത്തി സഹായം ലഭ്യമാകുന്നതിനുള്ള ഇടപെടലുകള്‍ ഉണ്ടാകണം. കേരള നിയമസഭ ഇക്കാര്യം ഐക്യകണ്‌ഠേന ആവശ്യപ്പെടണമെന്നും, കേരള ജനത ഒറ്റക്കെട്ടായി നിന്ന് കേന്ദ്രത്തിന്റെ നിലപാട് തിരുത്തിക്കണമെന്നും പ്രസ്താവനയില്‍ കോടിയേരി ആഹ്വാനം ചെയ്തു.