Connect with us

Kerala

കേന്ദ്ര സര്‍ക്കാറിനെ വിമര്‍ശിച്ചും മുഖ്യമന്ത്രിയെ പുകഴ്ത്തിയും ആര്‍എസ്എസ് മുഖപത്രം

Published

|

Last Updated

കൊച്ചി: കേന്ദ്ര സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ചും മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തിയും ആര്‍എസ്എസ് മുഖപത്രം കേസരി.
പ്രളയക്കെടുതി നേരിടുന്ന കേരളത്തോട് കേന്ദ്ര സര്‍ക്കാര്‍ സഹകരിച്ചില്ലെന്ന് കേസരി ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ നല്‍കിയ ലേഖനത്തില്‍ പറയുന്നു. മുഖ്യമന്ത്രി മര്യാദപൂര്‍വമാണ് ഇടപെട്ടെന്നും എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ അത് തിരിച്ച് കാണിച്ചില്ലെന്നും കേസരി വിമര്‍ശിച്ചു.

ഇത്രയും നാളും നമ്മള്‍ വിശ്വസിച്ച പ്രസ്ഥാനം നമ്മള്‍ മലയാളികളോട് കാണിക്കുന്ന അവഗണന ഇനിയും തുറന്നു പറഞ്ഞില്ലെങ്കില്‍ അത് ആത്മ വഞ്ചനയാകും. ഞങ്ങള്‍ നിങ്ങളോടും, കേരളത്തോടും ഞങ്ങളോടുതന്നെയും ചെയ്യുന്ന വഞ്ചന. ചെങ്ങന്നൂരിലും ആറന്മുളയിലും നല്ല ഒരു ശതമാനം സംഘപുത്രന്മാര്‍ ഈ ദുരന്തത്തില്‍പെട്ട് പോയിട്ടുണ്ട്. അതു നമ്മുടെ സംസ്ഥാന കേന്ദ്ര നേതൃത്വങ്ങളെ യഥാസമയം ധരിപ്പിച്ചിട്ടുമുണ്ട്. എന്നിരുന്നാലും കേവലം ചില രാഷ്ട്രീയ നേട്ടങ്ങള്‍ക്കു വേണ്ടി അവര്‍ കേരളത്തെ ഒന്നാകെ ശിക്ഷിക്കുകയാണ് ഇപ്പോഴെന്നും കേസരി കുറ്റപ്പെടുത്തി. കേസരി ആഴ്ചപതിപ്പിന്റെ പുതിയ ലക്കം പുറത്തിറങ്ങുന്ന ഇന്ന് തന്നെയാണ് മുഖപ്രസംഗം വെബ്‌സൈറ്റില്‍ വന്നത്.

അതേസമയം, കേസരി വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടെന്ന് വിശദീകരിച്ച് ജന്മഭൂമിയില്‍ വാര്‍ത്ത വന്നു.
ആര്‍എസ്എസ് മുഖപത്രമായ കേസരിയുടെ ഓണ്‍ലൈന്‍ ഹാക്ക് ചെയ്തു. കേന്ദ്ര സര്‍ക്കാരിനെതിരേ കടുത്ത വിമര്‍ശനം നടത്തുന്ന മുഖപ്രസംഗം കുറച്ചു നേരത്തേക്ക് ഓണ്‍ലൈനില്‍ വന്നു. എന്നാല്‍ വൈകാതെ അപ്രത്യക്ഷമായി. മുഖ്യമന്ത്രി പിണറായി വിജയനെ സ്തുതിച്ച് കേന്ദ്ര സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്ന മുഖപ്രസംഗം അക്ഷരത്തെറ്റും ആവര്‍ത്തനവും ഉള്ളതാണ്. കേസരി വാരിക ഇറങ്ങുന്നത് ഇന്നാണ്. അതു കണക്കാക്കി ആഗസ്ത് 22 തീയതിവെച്ചാണ് മുഖപ്രസംഗം ചേര്‍ത്തിരിക്കുന്നത്. ഇറങ്ങുന്ന ദിവസം വാരിക ഓണ്‍ലൈനില്‍ കിട്ടാറില്ല. എന്നാല്‍ ഹാക്കു ചെയ്തവര്‍ അക്കാര്യം ശ്രദ്ധിച്ചില്ലെന്നും ജന്മഭൂമി വാര്‍ത്തയില്‍ പറയുന്നു.