Connect with us

Kerala

കേന്ദ്ര സര്‍ക്കാര്‍ നയം തടസമാകുന്നു; കേരളത്തിനുള്ള യുഎഇയുടെ 700 കോടി രൂപ സഹായം പ്രതിസന്ധിയില്‍

Published

|

Last Updated

ന്യൂഡല്‍ഹി: പ്രളയത്തെത്തുടര്‍ന്നുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി വിദേശ സഹായം സ്വീകരിക്കേണ്ടതില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ നയം കേരളത്തിന് തിരിച്ചടിയാകുന്നു. വിദേശ സഹായം വേണ്ടെന്ന നിലപാട് യുഎഇ കേരളത്തിന് വാഗ്ദാനം ചെയ്ത 700 കോടി രൂപയും ഐക്യരാഷ്ട്ര സഭയുടെ സഹായവും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. വിദേശത്തുനിന്നും വ്യക്തിപരമായ സംഭാവനകളോ അല്ലങ്കില്‍ ഇന്ത്യയിലെ സന്നദ്ധ സംഘടനകളിലൂടെയോ സഹായം നല്‍കാമെന്നാണ് ഇന്ത്യന്‍ നിലപാട്. 2004ന് ശേഷം വിദേശ രാജ്യങ്ങളില്‍നിന്നോ വിദേശ ഏജന്‍സികളില്‍നിന്നോ സാമ്പത്തികമോ അല്ലാതെയോ ഉള്ള സഹായങ്ങള്‍ ഇന്ത്യ സ്വീകരിച്ചിട്ടില്ല. ഉത്തരാഖണ്ഡില്‍ പ്രളയമുണ്ടായപ്പോള്‍ സഹായ വാഗ്ദാനവുമായി അമേരിക്കയും ജപ്പാനുമെത്തിയെങ്കിലും ഇന്ത്യ സ്വീകരിച്ചിരുന്നില്ല.

പ്രളയ ദുരന്തങ്ങള്‍ ഇന്ത്യക്ക് ഒറ്റക്ക് കൈകാര്യം ചെയ്യാനാകുമെന്നാണ് സര്‍ക്കാര്‍ നിലപാട്. 2004ല്‍ ബീഹാര്‍ പ്രളയകാലത്ത് അമേരിക്കയില്‍നിന്നും ബ്രിട്ടനില്‍നിന്നും സഹായങ്ങള്‍ സ്വീകരിച്ചിരുന്നു. ഇതിനു ശേഷം അത്തരം സഹായങ്ങള്‍ ഒരു രാജ്യത്തുനിന്നും ഇന്ത്യ സ്വീകരിച്ചിട്ടില്ല. വിദേശ സഹായങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ വഴി മാത്രമെ കേരളത്തിന് നല്‍കാന്‍ കഴിയു. വളര്‍ന്നുവരുന്ന സാമ്പത്തിക ശക്തിയെന്ന നിലയില്‍ മറ്റ് രാജ്യങ്ങളില്‍നിന്നും സഹായം സ്വീകരിക്കാതെ ദുരന്തത്തെ നേരിടാനാണ് ഇന്ത്യ ശ്രമിക്കുന്നത്. അതേ സമയം അമേരിക്ക , ചൈന , ജപ്പാന്‍, പാക്കിസ്ഥാന്‍, ശ്രീലങ്ക തുടങ്ങിയ പല രാജ്യങ്ങളേയും ദുരന്തകാലത്ത് ഇന്ത്യ സഹായിച്ചിട്ടുണ്ട്. കേരളത്തിനുള്ള വിദേശ സഹായങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നന്ദി അറിയിച്ചിരുന്നു.