വീട്ടിലേക്കുള്ള മടക്കം കരുതലോടെ വേണം; ഓര്‍ത്തുവെക്കാം ഈ മുന്‍കരുതലുകള്‍

Posted on: August 20, 2018 11:50 am | Last updated: August 20, 2018 at 11:50 am
SHARE

മഴയുടെ ശക്തി കുറഞ്ഞു. ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് ഇനി വീടെത്താനുള്ള തിടുക്കമാണ്. വെള്ളവും ചെളിയും കയറിക്കിടന്ന വീടുകളില്‍ കാര്യങ്ങള്‍ പഴയപോലെയാകില്ല. യു എന്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റില്‍ പ്രവര്‍ത്തിക്കുന്ന മലയാളിയായ മുരളി തുമ്മാരുകുടി ഉള്‍പ്പെടെയുള്ള വിദഗ്ധര്‍ നല്‍കുന്ന മുന്‍കരുതലുകള്‍ ഇങ്ങനെ.
• ഒറ്റക്ക് വീട്ടിലേക്ക് മടങ്ങരുത്. മുതിര്‍ന്നവര്‍ രണ്ടോ അതിലധികമോ പേര്‍ ഒരുമിച്ചു പോകണം. എന്തെങ്കിലും കുഴപ്പമുണ്ടായാല്‍ പരസ്പരം സഹായിക്കാന്‍ പറ്റും.
• കുട്ടികളെ ആദ്യം കൊണ്ടുപോകാതിരിക്കുന്നതാണ് നല്ലത്. എന്താണ് അവിടെ കാണാന്‍ പോകുന്നതെന്നോ എന്തൊക്കെ അപകടങ്ങള്‍ ഉണ്ടെന്നോ പറയാനാകില്ല.
• മടക്കം രാത്രി വേണ്ട. ഗ്യാസ് ലീക്കുണ്ടോയെന്നതും ഇഴജന്തുക്കളുടെ സാന്നിധ്യവും പരിശോധിക്കണം.
• വീട്ടിലേക്കുള്ള വഴിയിലും വീടിന്റെ മുറ്റത്തുമെല്ലാം ചെളിയുണ്ടാകും. മതിലിന്റെ നിര്‍മാണം മിക്കവാറും നല്ല ബലത്തിലല്ല. ഗേറ്റ് ശക്തമായി തള്ളി തുറക്കുന്നത് മതിലിടിയുന്നതിന് വഴിവെക്കും.
• റോഡിലോ മുറ്റത്തോ ചെളിയില്‍ തെന്നിവീഴാതെ നോക്കണം. പറ്റുമെങ്കില്‍ ചെളിയുടെ നിരപ്പിന് മുകളിലുള്ള ചെരുപ്പുകള്‍ ധരിക്കണം.
• വ്യക്തിസുരക്ഷക്ക് വേണ്ടി മാസ്‌ക് ഉപയോഗിക്കണം, അത് ലഭ്യമല്ലെങ്കില്‍ ഒരു തോര്‍ത്ത് മൂക്കിന് മുകളിലൂടെ ചുറ്റിക്കെട്ടണം. കൈയില്‍ കട്ടിയുള്ള കൈയുറകള്‍ ഉണ്ടെങ്കില്‍ നന്നാകും. വീടിന്റെ ചുറ്റും മനുഷ്യരുടെയോ മൃഗങ്ങളുടെയോ മൃതദേഹം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് പ്രതീക്ഷിക്കുക. ഒരിക്കലും കൈകൊണ്ട് തൊടരുത്.
• വീടിനകത്ത് കയറുന്നതിന് മുമ്പ് വീടിന്റെ ഭിത്തിയില്‍ പ്രളയജലം എത്രമാത്രം എത്തിയിരുന്നു എന്നതിന്റെ അടയാളം കാണും. അത് കൂടുതല്‍ വ്യക്തമായി ചോക്കുകൊണ്ടോ പെയിന്റ് കൊണ്ടോ മാര്‍ക്ക് ചെയ്ത് വെക്കണം. ഇനിയുള്ള തലമുറക്ക് മുന്‍കരുതലെടുക്കാന്‍ സഹായിക്കും.
• വീടിനകത്തേക്ക് കയറുന്നതിന് മുമ്പ് വീടിന്റെ നാല് ഭാഗത്തുനിന്നും ചിത്രങ്ങള്‍ എടുത്തുവെക്കുക. വെള്ളം എവിടെ എത്തി എന്ന മാര്‍ക്ക് ഉള്‍പ്പെടെ.
• വീടിന്റെ ചുമരുകളും മേല്‍ക്കൂരയും ശക്തമാണോ നശിച്ചിട്ടുണ്ടോ എന്ന് ശ്രദ്ധിക്കണം. വീടിന്റെ ജനാലകള്‍ പുറത്തുനിന്ന് തുറക്കാന്‍ പറ്റുമെങ്കില്‍ അവ തുറന്നിട്ട് കുറച്ചുസമയം കഴിഞ്ഞ് വേണം അകത്ത് പ്രവേശിക്കാന്‍.
• വീടിനകത്തേക്ക് പ്രവേശിക്കുന്നതിന് മുമ്പ് ഇലക്ട്രിക്കല്‍ മെയിന്‍ സ്വിച്ച് ഓഫ് ചെയ്യണം. വീടിനകത്തെ എല്ലാ ഇലക്ട്രിക്കല്‍ ഉപകരണങ്ങളുടെയും പ്ലഗ്ഗ് സൂക്ഷിച്ച് ഊരിയിടണം.
• വാതിലിന്റെ ഇരുവശവും ചെളി ആയതിനാല്‍ തുറക്കുക ശ്രമകരം ആയിരിക്കും. ബലം പ്രയോഗിക്കേണ്ടി വരും. പഴയ വീടാണെങ്കില്‍ അത് ഭിത്തിയെയോ മേല്‍ക്കൂരയെയോ അസ്ഥിരപ്പെടുത്താന്‍ വഴിയുണ്ട്.
• വീടിനകത്ത് കയറുന്നതിന് മുമ്പ് ഏതെങ്കിലും തരത്തിലുള്ള ഗ്യാസ് ലീക്ക് ഉള്ളതായി അസ്വാഭാവിക ഗന്ധം തോന്നിയാല്‍ വാതില്‍ തുറന്ന് കുറേ കഴിഞ്ഞ് മാത്രം അകത്തുകയറുക.
• ഒരു കാരണവശാലും വീടിനകത്ത് ലൈറ്റര്‍ ഉപയോഗിക്കരുത്, സിഗരറ്റോ മെഴുകുതിരിയോ കത്തിക്കരുത്.
• വീട്ടില്‍ നഷ്ടം പറ്റിയ ഓരോ വസ്തുവിന്റെയും കണക്കെടുക്കുക, അതിന്റെ ഫോട്ടോ എടുക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here