‘ഈ ദൗത്യം ഖുറൈശീ പാരമ്പര്യം’

പദവി ഏറ്റെടുത്ത ശേഷമുള്ള ആദ്യ വെല്ലുവിളിയായിരുന്നു അപ്രതീക്ഷിതമായെത്തിയ പ്രളയക്കെടുതി. പ്രളയത്തെ തുടര്‍ന്ന് നെടുമ്പാശ്ശേരി വിമാനത്താവളം അടച്ചിട്ടതോടെ ആയിരത്തിലധികം വരുന്ന ഹാജിമാരെ എങ്ങനെ മക്കയിലെത്തിക്കുമെന്ന ആധിയിലായിരുന്നു. ഹജ്ജ് കമ്മിറ്റിയും മറ്റു സര്‍ക്കാര്‍ ഏജന്‍സികളും ഉണര്‍ന്ന് പ്രവര്‍ത്തിച്ച് നെടുമ്പാശ്ശേരിയിലെ ക്യാമ്പില്‍ നിന്ന് മുഴുവന്‍ ഹാജിമാരെയും തിരുവനന്തപുരത്തെത്തിച്ചു. മുഴുവന്‍ പേരെയും തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് യാത്രയാക്കാന്‍ കഴിഞ്ഞു. കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി സംസാരിക്കുന്നു...
Posted on: August 19, 2018 1:58 pm | Last updated: August 19, 2018 at 1:58 pm

ചാല് എന്നാല്‍ നീരൊഴുക്ക്, നീരൊഴുകുന്ന സ്ഥലം എന്നൊക്കെയാണര്‍ഥം. ഒരു നിയോഗമെന്നോണം നെടിയനാട് മൗലാനാ സി അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാരുടെ അതേ ചാലിലൂടെ തന്നെയായിരുന്നു മകന്‍ ചാലില്‍ മുഹമ്മദ് ഫൈസിയുടെയും ഒഴുക്ക്.
തെളിമയുള്ള ഭാഷ, നീരൊഴുക്ക് പോലെയുള്ള പ്രസംഗം, എപ്പോഴും ഉത്സാഹവും സജീവതയും, നന്നായി വായിക്കും, എഴുതും, പഠിക്കും, പ്രവര്‍ത്തിക്കും, സംഘടിപ്പിക്കും, നിയന്ത്രിക്കും. വ്യക്തിബന്ധങ്ങള്‍ നല്ലോണം പരിപാലിക്കും. ‘മോനേ’ എന്ന വിളിയില്‍ തന്നെയുണ്ട് ആ സ്‌നേഹം. പണ്ഡിതരും സുഹൃത്തുക്കളും ‘സി’ എന്ന അക്ഷരം കൊണ്ട് വിശേഷിപ്പിക്കുന്ന ഉസ്താദ് സി മുഹമ്മദ് ഫൈസി.
‘ഹജ്ജിന്റെ സേവനം ഖുറൈശികളുടെ പാരമ്പര്യമാണ്. അതിനാല്‍ ആ ഖിദ്മത്ത് നിര്‍വഹിക്കല്‍ വലിയ പ്രതിഫലമുള്ള കാര്യമാണ്’ ഉസ്താദുമാരുടെ ഈ വാക്കുകള്‍ ഓര്‍മിക്കുന്നുണ്ട് ഹജ്ജ് കമ്മിറ്റി ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ട ശേഷം എഴുതിയ കുറിപ്പില്‍ അദ്ദേഹം…
പാരമ്പര്യം ഒരുപാട് നല്ല ഗുണങ്ങള്‍ സമ്മാനിച്ച സി ഉസ്താദിന് കേരള ഹജ്ജ് കമ്മിറ്റിയെ നയിക്കാന്‍ അതൊക്കെ വലിയനിലയില്‍ സഹായിക്കുമെന്ന് തീര്‍ത്തുപറയാം….

? വിദ്യാര്‍ഥി നേതാവും യുവജന സംഘടനയെ നയിച്ചും മുസ്‌ലിം ജമാഅത്തിന്റെ സെക്രട്ടറിയുമായി ദീര്‍ഘനാളായി സംഘടനാരംഗത്തുണ്ട്. വര്‍ഷങ്ങളായി മര്‍കസിന്റെ ജനറല്‍ മാനേജറാണ്. ഇപ്പോള്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. ഈ സ്ഥാനലബ്ധിയെ എങ്ങനെയാണ് കാണുന്നത്.

ഇത് വലിയൊരു അംഗീകാരവും അനുഗ്രഹവുമാണ്. ഭാരിച്ച ഉത്തരവാദിത്തമുള്ള മേഖലയാണ്. ഹജ്ജിന്റെ സേവനം ഖുറൈശികളുടെ പാരമ്പര്യമാണ്. വലിയ പ്രാധാന്യമുണ്ട് ഇതിന്. അതിനാല്‍ ആ ഖിദ്മത് നിര്‍വഹിക്കല്‍ വലിയ പ്രതിഫലമുള്ള കാര്യമാണെന്ന് സുല്‍ത്താനുല്‍ ഉലമ കാന്തപുരം ഉസ്താദും റഈസുല്‍ ഉലമ സുലൈമാന്‍ ഉസ്താദും ഖലീല്‍ തങ്ങളും ഉണര്‍ത്തിയത് ഓര്‍മ വരുന്നു. ഹജ്ജിന്റെ സേവനത്തിന് എല്ലാവരുടെയും സഹകരണം വേണം. കൂട്ടായ്മയോടെ മുന്നോട്ടുപോകണം. ഉലമാക്കളും ഉമറാക്കളും സമ്പന്നരും സാധാരണക്കാരും എല്ലാവരെയും ഒരുമിച്ച് നിര്‍ത്തും. ഒപ്പം സര്‍ക്കാറിന്റെ പിന്തുണയും കൂടി ലഭിക്കുന്നതോടെ ഹാജിമാര്‍ക്ക് മെച്ചപ്പെട്ട സൗകര്യം ഒരുക്കാന്‍ കഴിയും. ചെയര്‍മാന്‍ എന്ന പദവി ഇതിനായി ഉപയോഗപ്പെടുത്തും.

? പുതിയ പദവി ഒരു വെല്ലുവിളിയായി തോന്നുന്നുണ്ടോ.

എല്ലാ പദവികളും വെല്ലുവിളികളാണ്. അത് എങ്ങനെ നേരിടുമെന്നതാണ് പ്രധാനം. ഹജ്ജ് കമ്മറ്റിയെ സംബന്ധിച്ച് ഹാജിമാര്‍ക്ക് ആവശ്യമായ സൗകര്യങ്ങളൊരുക്കുകയും അവര്‍ക്ക് മക്കയിലും മദീനയിലും ആവശ്യമായ താമസം, ഭക്ഷണം, യാത്രാ സൗകര്യം തുടങ്ങിയവ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെയും സര്‍ക്കാര്‍ ഏജന്‍സികളുടെയും സഹകരണത്തോടെ ഉറപ്പാക്കുകയുമാണ് ലക്ഷ്യം. ചെയര്‍മാന്‍ പദവി ഏറ്റെടുത്ത ശേഷമുള്ള ആദ്യ വെല്ലുവിളിയായിരുന്നു അപ്രതീക്ഷിതമായെത്തിയ പ്രളയക്കെടുതി. പ്രളയത്തെ തുടര്‍ന്ന് നെടുമ്പാശ്ശേരി വിമാനത്താവളം അടച്ചിട്ടതോടെ ആയിരത്തിലധികം വരുന്ന ഹാജിമാരെ എങ്ങനെ മക്കയിലെത്തിക്കുമെന്ന ആധിയിലായിരുന്നു. ഹജ്ജ് കമ്മിറ്റിയും മറ്റു സര്‍ക്കാര്‍ ഏജന്‍സികളും ഉണര്‍ന്ന് പ്രവര്‍ത്തിച്ച് നെടുമ്പാശ്ശേരിയിലെ ക്യാമ്പില്‍ നിന്ന് മുഴുവന്‍ ഹാജിമാരെയും തിരുവനന്തപുരത്തെത്തിച്ചു. വള്ളക്കടവ് മുസ്‌ലിം ജമാഅത്തിന്റെ സഹകരണത്തോടെ താല്‍ക്കാലിക ക്യാമ്പ് ഒരുക്കി. മുഴുവന്‍ പേരെയും തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് യാത്രയാക്കാന്‍ കഴിഞ്ഞു. ഒരേമനസ്സുമായി കുറെയധികം സ്‌നേഹജനങ്ങള്‍ സഹകരിച്ചത് കൊണ്ടാണ് ഇത് സാധ്യമായത്.

? ഈ വര്‍ഷത്തെ ഹജ്ജ് യാത്ര പുരോഗമിക്കുന്നതിനിടെയാണ് പുതിയ കമ്മിറ്റി ചുമതലയേല്‍ക്കുന്നത്. ഇത് എന്തെങ്കിലും പ്രായോഗിക തടസ്സങ്ങള്‍ക്ക് ഇടവരുത്തുമോ.

ഹജ്ജ് കമ്മിറ്റിയെന്നാല്‍ തുടര്‍ച്ചയാണ്. തൊടിയൂര്‍ മുഹമ്മദ് കുഞ്ഞി മൗലവി ചെയര്‍മാനായ കമ്മിറ്റിയാണ് ഇതുവരെയുണ്ടായിരുന്നത്. അദ്ദേഹം ഉള്‍പ്പെടെ കഴിഞ്ഞ ഹജ്ജ് കമ്മിറ്റികളെല്ലാം നല്ല രീതിയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
മൂന്ന് വര്‍ഷമാണ് ഹജ്ജ് കമ്മിറ്റിയുടെ കാലാവധി. ആഗസ്റ്റ് 11നാണ് കാലാവധി കഴിഞ്ഞത്. 12ന് പുതിയ കമ്മിറ്റി രൂപവത്കരിച്ചു. ആ കമ്മിറ്റിയുടെ ആദ്യയോഗം ചേര്‍ന്ന് ചെയര്‍മാനെ തിരഞ്ഞെടുത്തു. ഇത് ഹജ്ജ് യാത്രക്ക് ഇടയിലായെന്ന് മാത്രം. ഹജ്ജ് യാത്രക്കാര്‍ക്ക് ഇതുകൊണ്ട് യാതൊരു പ്രയാസവുമുണ്ടായില്ല.

? ചെയര്‍മാന്‍ എന്ന നിലയിലെ പ്രഥമപരിഗണന എന്തിനായിരിക്കും.

ഇസ്‌ലാമിലെ പഞ്ചസ്തംഭങ്ങളിലൊന്നാണ് ഹജ്ജ്. വിശ്വാസികള്‍ അത്രമേല്‍ പ്രാധാന്യത്തോടെ നിര്‍വഹിക്കുന്ന കര്‍മം. അത്യാവശ്യം ജീവിക്കാന്‍ വകയുള്ള ഇടത്തരക്കാരായുള്ള ആളുകള്‍ ഹജ്ജ് ആഗ്രഹിക്കുകയും ബന്ധുക്കളുടെയൊക്കെ സഹായത്തോടെ ഹജ്ജിന് പോകുകയും ചെയ്യുന്ന കാലമാണ്. പരമാവധി അവര്‍ക്ക് സാമ്പത്തിക ബാധ്യത കുറയുന്ന ഒരു സംവിധാനം ഉണ്ടാക്കണമെന്നാണ് ആഗ്രഹം. ഹജ്ജ് എന്നാല്‍ പണമുള്ളവര്‍ മാത്രം നിര്‍വഹിക്കുന്ന ആരാധനയെന്ന സ്ഥിതി മാറിയ സാഹചര്യത്തില്‍ പ്രത്യേകിച്ചും. ഹജ്ജ് ഏറ്റവും സുഗമവും സൗകര്യപൂര്‍ണവുമായി നിര്‍വഹിക്കാന്‍ ആവശ്യമായ മുഴുവന്‍ ഘടകങ്ങളും ഒരുക്കുകയാണ് ഹജ്ജ് കമ്മിറ്റിയുടെ ലക്ഷ്യം. പ്രത്യേകിച്ച് ഹാജിമാരുടെ യാത്രയും, പുണ്യ ഭൂമിയിലെ കര്‍മങ്ങളും, ഭക്ഷണവും താമസവുമെല്ലാം സന്തോഷകരമാവണം. ഇതുവരെയുള്ള ഓരോ ഹജ്ജ് കമ്മിറ്റിയും മികച്ച രൂപത്തില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. പുതിയ കാലത്തെ എല്ലാ സൗകര്യങ്ങളും സംവിധാനങ്ങളും പ്രയോജനപ്പെടുത്തി ഹജ്ജ് കമ്മിറ്റിയെ അടുത്ത മൂന്ന് വര്‍ഷം കാര്യക്ഷമമായി മുന്നോട്ട് കൊണ്ടുപോകും. ഹാജിമാര്‍ക്കായി പരമാവധി സൗകര്യങ്ങള്‍ ലഭ്യമാക്കാന്‍ പരിശ്രമിക്കും. സ്ഥാനമേറ്റയുടനെ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ചിരുന്നു. വളരെ കൃത്യവും വ്യക്തവുമായി ചിട്ടയോടെ കാര്യങ്ങള്‍ മുന്നോട്ടുപോകണമെന്ന നിലപാടുകാരനാണല്ലൊ മുഖ്യമന്ത്രി. അത് ഹജ്ജ് കമ്മിറ്റിക്കും ഏറെ ഗുണകരമാണ്. തീര്‍ഥാടകരുടെ ക്ഷേമത്തിലും സൗകര്യങ്ങളുടെ വിപുലീകരണത്തിലും പുതിയ സങ്കേതങ്ങളുടെ ഉപയോഗത്തിലും വകുപ്പ് മന്ത്രി കെ ടി ജലീലിനും ഏറെ താത്പര്യമാണ്. സര്‍ക്കാറിന്റെ പിന്തുണയോടെ, എല്ലാ അംഗങ്ങളുടെയും സഹകരണങ്ങളോടെ ഈ ഉത്തരവാദിത്തം നിര്‍വഹിക്കാനാകും എന്നാണ് പ്രതീക്ഷ.

? ഈ രംഗത്ത് എന്തുമാറ്റമാണ് ആഗ്രഹിക്കുന്നത്, ഹാജിമാര്‍ക്ക് എന്തൊക്കെ പ്രതീക്ഷിക്കാം

പുതിയ ഹജ്ജ് കമ്മിറ്റി നിലവില്‍ വന്നതേയുള്ളൂ. ചെയര്‍മാനെ തിരഞ്ഞെടുക്കാനുള്ള പ്രഥമയോഗം മാത്രമാണ് ചേര്‍ന്നത്. കൂടുതല്‍ വിശദാംശങ്ങള്‍ മനസ്സിലാക്കേണ്ടതുണ്ട്. സര്‍ക്കാറുമായും വകുപ്പ് മന്ത്രിയുമായും ഹജ്ജ് കമ്മിറ്റിയിലെ തന്നെ മറ്റ് അംഗങ്ങളുമായും കൂടിയാലോചനകള്‍ നടത്തി മാത്രമെ തീരുമാനങ്ങളെടുക്കാന്‍ കഴിയൂ. എങ്കിലും, പ്രാഥമികമായി ശ്രദ്ധപതിയേണ്ട ചില മേഖലകള്‍ ബോധ്യപ്പെട്ടിട്ടുണ്ട്. ഇതിലൊന്ന് വെയിറ്റിംഗ് ലിസ്റ്റില്‍ ഉള്‍പ്പെടുകയും പിന്നീട് കണ്‍ഫര്‍മേഷന്‍ ലഭിച്ച് യാത്ര പുറപ്പെടുകയും ചെയ്യുന്ന ഹാജിമാരുടെ പരിശീലനമാണ്. വെയിറ്റിംഗ് ലിസ്റ്റില്‍ വരുന്ന ഹാജിമാര്‍ എല്ലാവരും നേരത്തെ പരിശീലന ക്ലാസുകളില്‍ പങ്കെടുത്തവരാകില്ല. പെട്ടെന്ന് യാത്ര ഉറപ്പാകുകയും പുറപ്പെടേണ്ടി വരികയും ചെയ്യുന്നു. ഇങ്ങനെ പരിശീലനം ലഭിക്കാതെ ഹജ്ജിന് പോകേണ്ടി വന്നാല്‍ അത് അവരുടെ ആരാധനകള്‍ സുഗമമായി നടത്തുന്നതിനെ ബാധിക്കും. ഇത് ഒഴിവാക്കപ്പെടണം.

? ഹജ്ജ് വളണ്ടിയര്‍മാരുടെ തിരഞ്ഞെടുപ്പിനെക്കുറിച്ചൊക്കെ ഇടക്ക് പരാതികള്‍ ഉയരാറുണ്ട്. എന്തെങ്കിലും മാറ്റം ഉദ്ദേശിക്കുന്നുണ്ടോ

അടുത്തിടെയൊന്നും വളണ്ടിയര്‍ തിരഞ്ഞെടുപ്പിനെ കുറിച്ച് പരാതി ഉയര്‍ന്നതായി എന്റെ ശ്രദ്ധയില്‍ വന്നിട്ടില്ല. നടപടിക്രമങ്ങളെല്ലാം പാലിച്ച് സുതാര്യമായി നടക്കുന്നു എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. സ്തുത്യര്‍ഹമായ സേവനം ചെയ്യുന്നവരാണ് ഹജ്ജ് വളണ്ടിയര്‍മാര്‍. ഇവരുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കാനും ഹാജിമാര്‍ക്ക് മെച്ചപ്പെട്ട സേവനം ഉറപ്പുവരുത്താനും നല്ല പരിശീലനം നല്‍കും. ഒപ്പം, ഹാജിമാര്‍ക്കിടയില്‍ തന്നെ സേവന സന്നദ്ധതയുള്ള ധാരാളം പേരുണ്ടാകും. അവര്‍ക്ക് പ്രത്യേക പരിശീലനം നല്‍കിയാല്‍ അത്യാവശ്യഘട്ടങ്ങളില്‍ ഉപയോഗപ്പെടുത്താം. ഇത്തരം ആളുകളെ നേരത്തെ കണ്ടെത്തി അവരെ കൂടി ഉപയോഗപ്പെടുത്തും. ഇത് പോലെ തന്നെയാണ് സ്ത്രീ തീര്‍ഥാടകര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ട്. ഈ വര്‍ഷം തന്നെ ഹജ്ജിന് പോകാന്‍ ഉദ്ദേശിച്ച ഒരു സ്ത്രീ വിമാനത്താവളത്തില്‍ മരണപ്പെട്ടു. ആ സ്ത്രീയുടെ മയ്യിത്ത് കുളിപ്പിക്കുന്ന കാര്യത്തിലടക്കം തുടക്കത്തില്‍ ചെറിയ അനിശ്ചിതത്വമുണ്ടായി. ഹാജിമാരില്‍ വലിയൊരു വിഭാഗം സ്ത്രീകളാണ്. സ്ത്രീ വളണ്ടിയര്‍മാരുണ്ടെങ്കില്‍ ഇത്തരം പ്രശ്‌നങ്ങള്‍ വളരെ വേഗത്തില്‍ പരിഹരിക്കാന്‍ കഴിയും. സര്‍ക്കാര്‍ ഈ വര്‍ഷം സ്ത്രീ വളണ്ടിയര്‍മാരെ നിയോഗിച്ചിട്ടുണ്ട്.

? ഹജ്ജിന് പുറപ്പെടും മുമ്പ് പരിശീലനവും യാത്രയയപ്പുമെല്ലാം നല്‍കാറുണ്ട്. തിരിച്ചുവരുന്നവരില്‍ നിന്ന് അവരുടെ ഫീഡ്ബാക്ക് എടുക്കാറുണ്ടോ.

നിലവില്‍ അങ്ങനെയൊരു സംവിധാനമുണ്ടോയെന്നറിയില്ല. അങ്ങനെയൊന്നില്ലെങ്കില്‍ ഹജ്ജ് കഴിഞ്ഞ് വരുന്നവരുടെ അനുഭവങ്ങള്‍ മനസ്സിലാക്കാനും എന്തെങ്കിലും പരാതികള്‍ ഉണ്ടെങ്കില്‍ അത് കേള്‍ക്കാനും ഹജ്ജ് കമ്മിറ്റി സംവിധാനമൊരുക്കും. ഓണ്‍ലൈന്‍ വഴി പരാതികളും നിര്‍ദേശങ്ങളും സമര്‍പ്പിക്കാന്‍ അവസരം നല്‍കും. എന്തെങ്കിലും പ്രയാസം ഉണ്ടായിട്ടുണ്ടെങ്കില്‍ വരും വര്‍ഷങ്ങളില്‍ ഇത് ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികളെടുക്കാന്‍ ഇതിലൂടെ ഹജ്ജ് കമ്മിറ്റിക്ക് കഴിയും. ഹജ്ജ് ആക്ടും റൂളും മനസിലാക്കി എന്തൊക്കെ കാര്യങ്ങള്‍ കൂടുതല്‍ ചെയ്യാന്‍ കഴിയുമെന്ന് മനസ്സിലാക്കി മുന്നോട്ടുപോകും.

? ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റ് കോഴിക്കോട്ടേക്ക് തന്നെ മാറ്റണമെന്ന ആവശ്യം ശക്തമായി ഉയരുന്നുണ്ട്. കോടികള്‍ മുടക്കി നിര്‍മിച്ച ഹജ്ജ് ഹൗസ് ഉപയോഗ്യശൂന്യമായി കിടക്കുന്നു. ഇക്കാര്യത്തില്‍ എന്തെങ്കിലും ഇടപെടല്‍ ഉണ്ടാകുമോ

ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റ് വര്‍ഷങ്ങളായി കോഴിക്കോട് ആയിരുന്നു. വലിയ വിമാനങ്ങള്‍ ഇറങ്ങുന്നതിനുള്ള തടസ്സം ചൂണ്ടിക്കാട്ടിയാണ് കൊച്ചിയിലേക്ക് മാറ്റിയത്. വലിയ വിമാനങ്ങള്‍ ഇറങ്ങുന്നതിനുള്ള തടസ്സങ്ങള്‍ നീങ്ങിയിട്ടുണ്ടെന്നാണ് മനസ്സിലാക്കുന്നത്. ഈ സാഹചര്യത്തില്‍ അടുത്ത വര്‍ഷമെങ്കിലും ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റ് കരിപ്പൂരിലാകണം. കൊച്ചിയില്‍ എന്തെങ്കിലും പ്രയാസം ഉള്ളത് കൊണ്ടല്ല. മറിച്ച് ഹാജിമാരുടെ സൗകര്യം കണക്കിലെടുത്താണ്. ഹാജിമാര്‍ കൂടുതല്‍ മലബാറില്‍ നിന്നാണ്. അതിനാല്‍ കരിപ്പൂരില്‍ ക്യാമ്പ് സംഘടിപ്പിക്കുന്നതാണ് സൗകര്യം. ഹജ്ജ് കമ്മിറ്റിയെ സംബന്ധിച്ച് ഹാജിമാരുടെ സൗകര്യമാണ് പ്രധാനം. സംസ്ഥാന സര്‍ക്കാറിനും ഈ നിലപാട് തന്നെയാണുള്ളത്. ഹജ്ജ് ഹൗസിനെ കൂടുതല്‍ നിര്‍മാണാത്മകമായി ഉപയോഗപ്പെടുത്താനും ശ്രമിക്കും. കൊച്ചിയിലെ ക്യാമ്പും മാതൃകാപരമായാണ് നടന്നത്. സേവന സന്നദ്ധരായ നിരവധി പേര്‍ ഹാജിമാര്‍ക്ക് ആവശ്യമായ സൗകര്യങ്ങളൊരുക്കാന്‍ കൊച്ചിയിലുണ്ടായിരുന്നു. ഒടുവില്‍ അപ്രതീക്ഷിതമായി തിരുവനന്തപുരത്ത് താല്‍ക്കാലിക ക്യാമ്പ് ഒരുക്കേണ്ടി വന്നപ്പോഴും സേവന മനസ്‌കരായ കുറേ പേര്‍ ഓടിയെത്തി.

? അംഗീകാരമില്ലാത്ത സ്വകാര്യഗ്രൂപ്പുകളെ നിയന്ത്രിക്കാന്‍ എന്തെങ്കിലും നടപടിയുണ്ടാകുമോ.

ഹജ്ജ് ആഗ്രഹിക്കുന്ന എല്ലാവരെയും ഉള്‍ക്കൊള്ളാന്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കഴിയില്ല. നറുക്കെടുപ്പിലൂടെയാണ് ഹാജിമാരെ തിരഞ്ഞെടുക്കുന്നത്. പിന്നീട് സ്വകാര്യമേഖലയാണ് കുറേ പേര്‍ക്ക് ആശ്രയം. ഇതില്‍ സന്നദ്ധ സംഘടനകള്‍ നടത്തുന്നതും വ്യക്തികള്‍ നടത്തുന്നതുമുണ്ട്. പൊതുമേഖലയില്‍ ആവശ്യമായ സീറ്റ് ഉറപ്പാക്കാന്‍ കഴിയാതെ സ്വകാര്യമേഖലയില്‍ എന്തെങ്കിലും നിയന്ത്രണം കൊണ്ടുവരാന്‍ കഴിയില്ല. ഹജ്ജ് കമ്മിറ്റിക്ക് ഇക്കാര്യത്തില്‍ പരിമിതികളുമുണ്ട്. ഈ രംഗത്തെ ചൂഷണത്തിനെതിരെ നല്ല ബോധവത്കരണം നടക്കണം. ഒപ്പം പൊതുമേഖലയില്‍ പരമാവധി സൗകര്യം ഒരുക്കുകയും വേണം.
.