Connect with us

Kerala

ഉദയകുമാര്‍ ഉരുട്ടിക്കൊല: പ്രതികളുടെ ശിക്ഷ നടപ്പാക്കുന്നത് ഹൈക്കോടതി തടഞ്ഞു

Published

|

Last Updated

കൊച്ചി: ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസിലെ മൂന്ന് പ്രതികളുടെ ശിക്ഷ നടപ്പാക്കുന്നത് ഹൈക്കോടതി തടഞ്ഞു. നാല്, അഞ്ച്, ആറ് പ്രതികളായ ഡിവൈഎസ്പി അജിത്, മുന്‍ എസ്പിമാരായ ടികെ ഹരിദാസ്, ഇകെ സാബു എന്നിവരുടെ ശിക്ഷ നടപ്പാക്കുന്നതാണ് ഹൈക്കോടതി തടഞ്ഞത്.
അപ്പീല്‍ തീര്‍പ്പാക്കും വരെ ശിക്ഷ നടപ്പാക്കരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടു. മൂന്ന് വര്‍ഷം തടവാണ് വിചാരണക്കോടതി ഇവര്‍ക്ക് ശിക്ഷ വിധിച്ചത്. കേസില്‍ ആദ്യ രണ്ട് പ്രതികളായ പോലീസുകാരെ വധശിക്ഷക്ക് വിധിച്ചിരുന്നു. തിരുവനന്തപുരം പ്രത്യേക സി ബി ഐ കോടതി ജഡ്ജി ജെ നാസറാണ് ശിക്ഷ വിധിച്ചത്.
ഒന്നാം പ്രതി കെ ജിതകുമാര്‍, രണ്ടാം പ്രതി എസ് വി ശ്രീകുമാര്‍ എന്നിവര്‍ക്കാണ് വധശിക്ഷ വിധിച്ചത്. ആദ്യ മൂന്ന് പ്രതികളാണ് കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കാളികളായത്.

നഗരത്തിലെ ശ്രീകണ്‌ഠേശ്വരം പാര്‍ക്കില്‍ നിന്ന് മോഷണക്കേസ് പ്രതിയോടൊപ്പം കസ്റ്റഡിയിലെടുത്ത കിള്ളിപ്പാലം കീഴാറന്നൂര്‍ കുന്നുംപുറം വീട്ടില്‍ ഉദയകുമാര്‍ (28) പോലീസ് കസ്റ്റഡിയില്‍ തുടയിലെ രക്തധമനികള്‍ പൊട്ടി 2005 സെപ്തംബര്‍ 27ന് രാത്രി പത്തരയോടെയാണു മരിച്ചത്. തദ്ദേശ തിരഞ്ഞെടുപ്പു ഫലപ്രഖ്യാപന ദിവസം മോഷണക്കുറ്റം ആരോപിച്ചു പിടികൂടിയ ഉദയകുമാറിനെ ക്രൂരമായ ലോക്കപ്പ് മര്‍ദനത്തിന് ഇരയാക്കി കൊന്നുവെന്നായിരുന്നു സി ബി ഐയുടെ കണ്ടെത്തല്‍.

ആദ്യം ലോക്കല്‍ പോലീസും പിന്നീട് ക്രൈം ബ്രാഞ്ചും അന്വേഷിച്ച കേസ് അട്ടിമറിക്കാന്‍ പോലീസ് ശ്രമിക്കുന്നുവെന്ന പരാതിയുമായി ഉദയകുമാറിന്റെ അമ്മ പ്രഭാവതിയമ്മ ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് 2008 ആഗസ്റ്റിലാണ് സി ബി ഐ ഏറ്റെടുത്തത്.

Latest