വിവിപാറ്റ് യന്ത്രങ്ങളില്‍ പരിഷ്‌കരണവുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍

Posted on: August 12, 2018 10:08 pm | Last updated: August 13, 2018 at 10:11 am

ന്യൂഡല്‍ഹി: വോട്ടിംഗിനിടെ വിവിപാറ്റ് യന്ത്രങ്ങള്‍ തകരാറിലാകുന്നത് പരിഹരിക്കാനായി യന്ത്രങ്ങളില്‍ മാറ്റങ്ങള്‍ വരുത്താന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചു. കൈരാന, ഭണ്ഡാര-ഗോണ്ടിയ എന്നീ നാല് ലോക്‌സഭാ മണ്ഡലങ്ങളില്‍ നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ വിവിപാറ്റ് യന്ത്രങ്ങള്‍ക്ക് തകരാറ് സംഭവിച്ചത് സംബന്ധിച്ച പഠനങ്ങള്‍ക്കൊടുവിലാണ് പരിഷ്‌കരണം.

യന്ത്രങ്ങളിലെ സെന്‍സറുകളുടെ മുകളില്‍ ചെറിയ മറ, ഈര്‍പ്പം തട്ടാത്ത തരത്തിലുള്ള പേപ്പര്‍ റോള്‍ എന്നിവയോടെയായിരിക്കും പുതിയ യന്ത്രങ്ങള്‍ വോട്ടിംഗ് കേന്ദ്രങ്ങളിലെത്തുകയെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഒപി റാവത്ത് പറഞ്ഞു. സെന്‍സറുകളില്‍ നേരിട്ട് പ്രകാശം എത്തുന്നത് മൂലവും പേപ്പര്‍ റോളില്‍ ഈര്‍പ്പമെത്തുന്നതുമാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് കണ്ടെത്തിയിട്ടുണ്ട്. പുതിയ പരിഷ്‌കാരങ്ങള്‍ നിലവില്‍ വരുന്നതോടെ ഈ രണ്ട് പ്രശ്‌നങ്ങള്‍ക്കും പരിഹാരമാകുമെന്നാണ് കരുതുന്നത്. ലോക്‌സഭാ തിരഞ്ഞെടപ്പ് അടുത്തിരിക്കെയാണ് വിവിപാറ്റ് യന്ത്രങ്ങളില്‍ പുതിയ പരിഷ്‌കാരങ്ങള്‍ ഏര്‍പ്പെടുത്താന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചിരിക്കുന്നത്.