പ്രളയക്കെടുതി: കേരളത്തിന് 100 കോടി രൂപയുടെ കേന്ദ്ര സഹായം

Posted on: August 12, 2018 7:13 pm | Last updated: August 13, 2018 at 11:31 am

കൊച്ചി: വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് അടിയന്തിര സഹായമായി കേരളത്തിന് കേന്ദ്ര സര്‍ക്കാര്‍ 100 കോടി രൂപ അനുവദിച്ചു. കൂടുതല്‍ സഹായം വിദഗ്ധ സമതിയുടെ റിപ്പോര്‍ട്ട് കിട്ടിയ ശേഷം അനുഭാവപൂര്‍വ്വം പരിഗണിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു. അടിയന്തിര സഹായമായി 1220 കോടി രൂപയാണ് സംസ്ഥാന സക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്.

നാശനഷ്ടങ്ങള്‍ വിലയിരുത്തി റിപ്പോര്‍ട്ട് ലഭിക്കാന്‍ കാലതാമസം നേരിടുമെന്നതിനാല്‍ 100 കോടി അടിയന്തരമായി അനുവദിക്കുകയാണെന്നും കേന്ദ്ര മന്ത്രി പറഞ്ഞു. നേരത്തെ പ്രഖ്യാപിച്ച നൂറ്റ് അറുപതര കോടിരൂപക്ക് പുറമെയാണ് ഇപ്പോള്‍ 100 കോടി രൂപ അനുവദിച്ചിരിക്കുന്നത്. കാലവര്‍ഷക്കെടുതിയില്‍ സംസ്ഥാനത്ത് 8316കോടിരൂപയുടെ നാശനഷ്ടമുണ്ടായെന്നാണ് സര്‍ക്കാര്‍ കണക്ക്. ഈ സാഹചര്യത്തില്‍ കേരളത്തിനയി പ്രത്യേക പാക്കേജ് അനുവദിക്കണമെന്നും കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.