Connect with us

Kerala

നഷ്ടം 4000 കോടി; മഴ തകര്‍ത്തത് 500 കി. മീ. റോഡ്; 15 പാലങ്ങള്‍

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായി തുടരുന്ന മഴക്കെടുതിയില്‍ റോഡുകള്‍ തകര്‍ന്ന് 4000 കോടി രൂപയുടെ നഷ്ടമുണ്ടായതായും തകര്‍ന്ന റോഡുകള്‍ ഉടന്‍ പുനര്‍നിര്‍മിക്കുന്നതിന് നടപടികള്‍ സ്വീകരിച്ചതായും പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ അറിയിച്ചു. തകര്‍ന്ന എ സി റോഡ് സന്ദര്‍ശിക്കാനെത്തിയതായിരുന്നു മന്ത്രി. വെള്ളപ്പൊക്കത്തില്‍ തകര്‍ന്ന ആലപ്പുഴ-ചങ്ങനാശേരി റോഡ് ജര്‍മന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് പുനര്‍നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നത്. ഇതിനായി പൊതുമരാമത്ത് വകുപ്പിനോട് ഡി പി ആര്‍ തയ്യാറാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം എ സി റോഡില്‍ വെള്ളം ഇറങ്ങിയിട്ടും ഉദ്യോഗസ്ഥരാരും തിരിഞ്ഞുനോക്കിയിട്ടില്ലെന്ന് കുറ്റപ്പെടുത്തിയ മന്ത്രി എ സി റോഡില്‍ ചങ്ങനാശേരി ജംഗ്ഷന്‍ മുതല്‍ നാല് കിലോമീറ്റര്‍ ദൂരം 650 ഓളം കുഴികള്‍ എണ്ണിയതായും ജി സുധാകരന്‍ പറഞ്ഞു.

മഴക്കെടുതിയില്‍ സംസ്ഥാനത്ത് 15 പാലങ്ങള്‍ തകര്‍ന്നിട്ടുണ്ട്. വയനാട്, മലപ്പുറം, ഇടുക്കി, കോഴിക്കോട് എന്നിവിടങ്ങളിലാണ് പാലങ്ങള്‍ക്ക് തകര്‍ച്ച സംഭവിച്ചിരിക്കുന്നത്. തകര്‍ന്ന റോഡുകളുടെയും പാലങ്ങളുടെയും പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ട നടപടികള്‍ ഉടന്‍ ആരംഭിക്കും.

എ സി റോഡ് വെള്ളപ്പൊക്ക ഭീഷണിയെ പ്രതിരോധിക്കുന്ന തരത്തില്‍ ഉയര്‍ത്തിപ്പണിയുന്നതിനെക്കുറിച്ചുള്ള തീരുമാനം ഉടന്‍ ഉണ്ടാകും. മഴക്കെടുതിയിലും ഉരുള്‍പൊട്ടലിലുമായി സംസ്ഥാനത്ത് 500 കിലോമീറ്ററോളം റോഡാണ് തകര്‍ന്നത്. ഇതില്‍ 300 കിലോമീറ്റര്‍ റോഡും തകര്‍ന്നത് ഇടുക്കിയിലാണ്.