Connect with us

National

ചൈനയോട് ഇണങ്ങി, ഇന്ത്യയോട് പിണങ്ങി മാലദ്വീപ്; സൈനിക സന്നാഹം പിന്‍വലിക്കണമെന്ന് ആവശ്യം

Published

|

Last Updated

ന്യൂഡല്‍ഹി: ഇന്ത്യ- മാലദ്വീപ് ബന്ധം ചരിത്രത്തിലെ ഏറ്റവും മോശം നിലയിലേക്ക്. തങ്ങളുടെ പ്രദേശത്ത് നിന്ന് ഇന്ത്യയുടെ സൈനിക സന്നാഹം പൂര്‍ണമായി പിന്‍വലിക്കാന്‍ മാലദ്വീപ് ഇന്ത്യയോടാവശ്യപ്പെട്ടു. സൈനിക ഹെലികോപ്ടറുകള്‍ പിന്‍വലിക്കാനും സൈനികോദ്യോഗസ്ഥരെ തിരികെവിളിക്കാനുമാണ് ആവശ്യപ്പെട്ടത്. ഇരു രാജ്യങ്ങളും തമ്മിലുള്ള കരാര്‍ ജൂണില്‍ അവസാനിച്ച സാഹചര്യത്തിലാണ് ചൈനയുടെ പ്രീതി പിടിച്ചു പറ്റാന്‍ മാലദ്വീപിന്റെ തീരുമാനം. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ സ്വാധീനം ശക്തമാക്കാനുള്ള ചൈനയുടെ ശ്രമങ്ങള്‍ക്കെതിരെ ഇന്ത്യ ശക്തമായി നിലകൊള്ളുന്നതിനിടയിലാണ് മാലദ്വീപ് തിരിഞ്ഞു കുത്തിയത്. ഇന്ത്യന്‍ മഹാസമുദ്രത്തിലെ ദ്വീപ് രാഷ്ട്രമായ മാലദ്വീപുമായി അടുക്കാനുള്ള ചൈനയുടെ ശ്രമങ്ങളെ ഇന്ത്യ ആശങ്കയോടെയാണ് കാണുന്നത്.

ഹെലികോപ്ടറുകള്‍ക്ക് പുറമേ പൈലറ്റുമാരും എന്‍ജിന്‍ തൊഴിലാളികളും ഉള്‍പ്പെടെ അമ്പതോളം സൈനിക ജീവനക്കാരെയും മാലദ്വീപിലേക്ക് ഇന്ത്യ നിയമിച്ചിരുന്നു. അവരുടെ വിസാ കാലാവധിയും ജൂണില്‍ അവസാനിച്ചു. സൈനിക അട്ടിമറിയെ എതിര്‍ത്ത മാലദ്വീപിലെ അബ്ദുല്ല യമീന്‍ സര്‍ക്കാറിനോടുള്ള വിയോജിപ്പുമാണ് ഇന്ത്യയെ എതിര്‍ക്കാന്‍ മാലദ്വീപിനെ പ്രേരിപ്പിച്ചത്. പതിനാറ് രാജ്യങ്ങള്‍ പങ്കെടുക്കുന്ന എട്ട് ദിവസത്തെ സംയുക്ത നാവിക അഭ്യാസത്തില്‍ പങ്കെടുക്കാനുള്ള ഇന്ത്യയുടെ ക്ഷണം മാലദ്വീപ് നേരത്തെ നിരാകരിച്ചിരുന്നു.

Latest