കോണ്‍ഗ്രസ് നേതാവിനെതിരായ മോദിയുടെ പരാമര്‍ശം സഭാ രേഖകളില്‍ നിന്ന് നീക്കി

Posted on: August 10, 2018 11:51 pm | Last updated: August 10, 2018 at 11:51 pm
SHARE

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പരാമര്‍ശങ്ങള്‍ രാജ്യസഭാ രേഖങ്ങളില്‍ നിന്ന് നീക്കി. രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ തിരഞ്ഞെടുപ്പില്‍ ജയിച്ച എന്‍ ഡി എ സ്ഥാനാര്‍ഥി ഹരിവംശ് നാരായണ്‍ സിംഗിനെ അഭിനന്ദിച്ച് സംസാരിക്കവെ കോണ്‍ഗ്രസ് നേതാവ് ബി കെ ഹരിപ്രസാദിനെതിരെ വ്യാഴാഴ്ച മോദി നടത്തിയ പരാമര്‍ശങ്ങള്‍ സഭാ രേഖകളില്‍ നിന്ന് നീക്കിയതായി ഇന്നലെ രാജ്യസഭാ അധ്യക്ഷന്‍ വെങ്കയ്യ നായിഡു അറിയിച്ചു. ‘അനഭിലഷീണയ’മെന്ന് കണ്ടാണ് പരാമര്‍ശങ്ങള്‍ നീക്കിയതെന്ന് അദ്ദേഹം വ്യക്തമാക്കി.

ഹരിവംശ് നാരായണ്‍ നല്ല എഴുത്ത് കൊണ്ട് അനുഗ്രഹീതനായ വ്യക്തിയാണെന്ന് അനുമോദന പ്രസംഗത്തില്‍ മോദി പറഞ്ഞിരുന്നു. മുന്‍ പ്രധാനമന്ത്രി ചന്ദ്രശേഖറിന് വേണ്ടപ്പെട്ടയാളായിരുന്നുവെന്നും മോദി പറഞ്ഞു. തുടര്‍ന്നാണ് ബി കെ ഹരിപ്രസാദിനെതിരായി അപകീര്‍ത്തികരമായി മോദി സംസാരിച്ചത്. രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനത്തേക്ക് പ്രതിപക്ഷ സ്ഥാനാര്‍ഥിയായിരുന്നു ഹരിപ്രസാദ്. ആര്‍ ജെ ഡി അംഗം മനോജ് കുമാറാണ് അപകീര്‍ത്തികരമെന്ന് ചൂണ്ടിക്കാട്ടി റൂള്‍ 238 പ്രകാരം വിഷയം ഉന്നയിച്ചത്.

പരാമര്‍ശത്തിലൂടെ മോദി സ്വന്തം പദവിക്കും സഭയുടെ അന്തസ്സിനും കളങ്കം വരുത്തിയെന്ന് ബി കെ ഹരിപ്രസാദ് പറഞ്ഞു. കേന്ദ്ര മന്ത്രി രാംദാസ് അത്‌വാല നടത്തിയ പരാമര്‍ശവും സഭാരേഖയില്‍ നിന്ന് നീക്കിയിട്ടുണ്ട്. 125 വോട്ടുകള്‍ നേടിയാണ് ഹരിവംശ് പ്രതിപക്ഷ സ്ഥാനാര്‍ഥിയായ ബി കെ ഹരിപ്രസാദിനെ പരാജയപ്പെടുത്തിയത്. 105 വോട്ടുകളാണ് ബി ജെ പി നേടിയത്.

എന്‍ സി പി സ്ഥാനാര്‍ഥിയെ പിന്‍വലിച്ചതോടെ അവസാന നിമിഷം കോണ്‍ഗ്രസ് പ്രഖ്യാപിച്ച സ്ഥാനാര്‍ഥിയാണ് ഹരിപ്രസാദ്. എ എ പിയുടെ വോട്ട് കോണ്‍ഗ്രസ് പ്രതീക്ഷിച്ചിരുന്നുവെങ്കിലും അവര്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടു നിന്നു.