Connect with us

Articles

വരൂ, ഈ തെരുവിലെ രക്തം കാണൂ

Published

|

Last Updated

സമൂഹം ഇന്ന് നേരിടുന്ന വന്‍ ഭീഷണിയാണ് വര്‍ദ്ധിച്ചു വരുന്ന വാഹനാപകടങ്ങള്‍. കേരളത്തില്‍ മാത്രം ദിനേന നൂറിലധികം പേര്‍ റോഡുകളില്‍ മരിച്ചുവീഴുകയോ ഗുരുതരമായി പരുക്കേറ്റ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെടുകയോ ചെയ്യുന്നുണ്ട്. ഇതില്‍ ബഹുഭൂരിഭാഗവും വിദ്യാര്‍ഥികളും 30 വയസ്സിന് താഴെയുള്ള യുവാക്കളുമാണ്. രാജ്യത്തിനും സമൂഹത്തിനും മുതല്‍ക്കൂട്ടാകേണ്ട വിലപ്പെട്ട ജീവനുകളാണ് ഇത് മൂലം നമുക്ക് നഷ്ടമാവുന്നത്. സമൂഹവും സര്‍ക്കാറുകളും വേണ്ടവിധം ഗൗനിക്കാത്ത വിഷയമാണിത്. ഗതാഗത നിയമം പാലിക്കുന്നതിലുള്ള ജനങ്ങളുടെ വിമുഖതയും അത് കര്‍ശനമായി നടപ്പിലാക്കുന്നതിലും മറ്റുമുള്ള അധികൃതരുടെ നിരുത്തരവാദപരമായ സമീപനവുമാണ് മിക്ക അപകടങ്ങളുടെയും മുഖ്യകാരണം. കര്‍ശനമായി നടപ്പാക്കിയാല്‍ അതിന്റെ പേരിലാകും പിന്നെ അധികൃതര്‍ക്കെതിരെ അരിശമെന്നത് മറ്റൊരു കാര്യം.
റോഡപകടങ്ങള്‍ പുര്‍ണമായി ഒഴിവാക്കാന്‍ സാധ്യമല്ലെങ്കിലും നമ്മുടെ ഭാഗത്ത് നിന്ന് ക്രിയാത്മകമായ ഇടപെടല്‍ നടത്തിയാല്‍ ഗണ്യമായ തോതില്‍ അത് കുറച്ചുകൊണ്ടുവരാന്‍ സാധിക്കും. റോഡുകളുടെ ശോച്യാവസ്ഥക്ക് പരിഹാരം കാണുകയും ഗതാഗത നിയമലംഘനങ്ങള്‍ക്കെതിരെ കര്‍ശനമായ നടപടി യുണ്ടാവുകയും ചെയ്താല്‍ തന്നെ ഒട്ടുമിക്ക അപകടങ്ങളും ഒഴിവാക്കാന്‍ കഴിയും.

നമ്മുടെ റോഡുകളുടെ അവസ്ഥ വളരെയധികം പരിതാപകരമാണ്. കുണ്ടും കുഴികളും നിറഞ്ഞ റോഡുകളാണ് നാട്ടിന്റെ പല ഭാഗത്തുമുള്ളത്. കേരളത്തിലെ കാലാവസ്ഥയില്‍ റോഡുകള്‍ എളുപ്പത്തില്‍ പൊട്ടിപ്പൊളിയുമെങ്കിലും അശാസ്ത്രീയമായി സംവിധാനിച്ചതാണ് പലയിടങ്ങളിലും കാരണമാവുന്നത്. മഴക്കാലത്ത് വെള്ളമൊഴിഞ്ഞു പോകാനുളള ചാലുകള്‍ നിര്‍മിക്കാതെ ടാറിംഗ് ചെയ്യുന്നത് മൂലം ഒന്നാം മഴയില്‍ തന്നെ റോഡുകളില്‍ വലിയ കുണ്ടുകള്‍ രൂപപ്പെടുകയും താമസിയാതെ അവ വന്‍ഗര്‍ത്തങ്ങളായി മാറി അപകടങ്ങള്‍ക്ക് വഴിവെക്കുകയും ചെയ്യുന്നു. റോഡ് നിര്‍മാണത്തിന് കരാറെടുത്തവരും എഞ്ചിനീയര്‍മാരും തമ്മിലുള്ള ഒത്തുകളിയായി ഇത് വ്യാഖ്യാനിക്കപ്പെടാറുണ്ട്. ചിലപ്പോഴെങ്കിലും അത് തന്നെയാകും യാഥാര്‍ഥ്യവും.
റോഡുകളിലെ കേടുപാടുകള്‍ തത്സമയം തന്നെ കണ്ടെത്തി കൂടുതല്‍ ദുഷ്‌കരമാകുന്നതിന് മുമ്പ് റിപ്പയര്‍ ചെയ്ത് പരിഹരിച്ചാല്‍ അത് മുഖേന സര്‍ക്കാറിനുണ്ടാവുന്ന വലിയ സാമ്പത്തിക നഷ്ടം ഒഴിവാക്കാവുന്നതാണല്ലോ. ജനപങ്കാളിത്തത്തോടെ തൊഴിലുറപ്പ് ജോലിക്കാരെ ഇതിനുപയോഗപ്പെടുത്തുന്ന പക്ഷം സര്‍ക്കാറിന് സാമ്പത്തിക ഭാരം കുറക്കുകയും ചെയ്യാം. തകര്‍ന്ന റോഡുകള്‍ തത്സമയം നന്നാക്കുന്നതിനായി മൊബൈല്‍ റിപ്പയര്‍ യൂനിറ്റ് വര്‍ഷങ്ങള്‍ക്ക് മുമ്പ് യു ഡി എഫിലെ ഒരു മന്ത്രി നടപ്പാക്കിയിരുന്നു. നല്ല ഫലം ചെയ്തിരുന്ന പ്രസ്തുത പദ്ധതി ചില കേന്ദ്രങ്ങളില്‍ നിന്ന് വന്ന സമ്മര്‍ദങ്ങളെ തുടര്‍ന്നാണത്രെ പാതി വഴിയില്‍ ഉപേക്ഷിക്കപ്പെടുകയാണുണ്ടായത്. വാഹനങ്ങള്‍ കുണ്ട് കുഴികളില്‍ പതിച്ചുണ്ടാകുന്ന എത്രയോ അപകടങ്ങള്‍ ഇത് മൂലം ഒഴിവാക്കാന്‍ കഴിഞ്ഞിട്ടുണ്ട്.
റോഡുകളിലെ ഡിവൈഡറുകള്‍, സ്പീഡ് ബ്രേക്കറുകള്‍, ഹംബുകള്‍, മറ്റു സിഗ്‌നലുകള്‍ തുടങ്ങിയവ ഡ്രൈവര്‍മാരുടെ ശ്രദ്ധയില്‍ പെടുന്ന രൂപത്തില്‍ മുന്നറിയിപ്പുകളും പ്രത്യേക അടയാളങ്ങളുമില്ലാത്തത് അപകടങ്ങള്‍ വരുത്തിവെക്കാറുണ്ട്. പുതിയ റോഡുകളില്‍ അവ സ്ഥാപിച്ചു ക്രമേണ തേഞ്ഞുമാഞ്ഞു പോകുന്നത് മെയിന്റനന്‍സ് ചെയ്യുന്ന സംവിധാനം നമുക്കില്ല. കഴിഞ്ഞ ദിവസം ശ്രദ്ധയില്‍ പെടാത്ത വിധം സ്ഥാപിച്ച ഡിവൈഡറില്‍ കയറി മറിഞ്ഞാണ് കണ്ണൂര്‍ ജില്ലയിലെ ഒരു മതപണ്ഡിതന്‍ മരണപ്പെടാനിടയായത്.

നികുതിയിനത്തില്‍ വന്‍ തുകയാണ് സര്‍ക്കാര്‍ വാഹന ഉടമകളില്‍ നിന്ന് വസൂലാക്കുന്നത്. അതേസമയം സുരക്ഷിതമായി വാഹനമോടിക്കാനുള്ള സൗകര്യമേര്‍പ്പെടുത്തിക്കൊടുക്കേണ്ടത് സര്‍ക്കാറിന്റെ ഒഴിച്ചുകൂടാന്‍ പറ്റാത്ത ബാധ്യതയാണല്ലോ.
നിയമം ലംഘിച്ചുകൊണ്ടുളള വാഹനമോടിക്കലാണ് അപകടങ്ങളുടെ മറ്റൊരു സുപ്രധാന കാരണം. ഗതാഗത നിയമങ്ങള്‍ വാഹനമോടിക്കുന്നവരുടെയും പൊതുജനങ്ങളുടെയും സുരക്ഷക്ക് വേണ്ടിയാണെന്ന അവബോധം ജനങ്ങളില്‍ സൃഷ്ടിച്ചെടുക്കുന്നതില്‍ നാം പൂര്‍ണമായും പരാജയപ്പെട്ടിരിക്കുന്നു. ഗള്‍ഫ് രാജ്യങ്ങളിലും മറ്റു വിദേശ രാഷ്ട്രങ്ങളിലും പൂര്‍ണമായും നിയമം പാലിച്ചു വണ്ടിയോടിക്കുന്നവര്‍ കേരളത്തിലെത്തുമ്പോഴേക്കും അത് കൈയൊഴിക്കുകയാണ്. ലൈസന്‍സില്ലാതെയോ, സീറ്റ് ബെല്‍റ്റിടാതെയോ, ഹെല്‍മെറ്റ് ധരിക്കാതെയോ മറ്റോ ഒരിക്കല്‍ പോലും വണ്ടിയോടിക്കാന്‍ ഒരു കേരളീയനും ഗള്‍ഫ് രാഷ്ട്രങ്ങളില്‍ ധൈര്യം വരില്ല. അതേസമയം, കേരളത്തിലെത്തിയാല്‍ ഇവരില്‍ പകുതി പേര്‍ പോലും നിയമം പാലിച്ചു വണ്ടിയോടിക്കാന്‍ കൂട്ടാക്കുന്നുമില്ല.
ഹെല്‍മെറ്റില്ലാതെ ബൈക്കോടിക്കുക, ഇരുചക്രവാഹനങ്ങളില്‍ രണ്ടിലധികം പേര്‍ യാത്ര ചെയ്യുക, മദ്യപിച്ചു വാഹനമോടിക്കുക, ഡ്രൈവിംഗിനിടയില്‍ മൊബൈല്‍ഫോണ്‍ ഉപയോഗിക്കുക, സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കുക, അനുവദനീയമല്ലാത്ത സ്ഥലങ്ങളിലൂടെ ഓവര്‍ടേക്ക് ചെയ്യുക, സ്പീഡ് ലിമിറ്റ് പാലിക്കാതിരിക്കുക, മത്സരപ്പാച്ചാല്‍, കുട്ടികളുടെ പരിസരം മറന്നുള്ള, അശ്രദ്ധ തുടങ്ങിയവയാണ് ഇന്ന് കൂടുതലും അപകടങ്ങള്‍ക്ക് കാരണമാവുന്നത്. ഏത് അപകടങ്ങളുടെയും കാരണം പരിശോധിച്ചാല്‍ മേല്‍ പറഞ്ഞ ഏതെങ്കിലും ഒരിനത്തില്‍ പെട്ടതായിരിക്കും. കഴിഞ്ഞ ദിവസം മുംബൈയില്‍ വിനോദയാത്രക്ക് പുറപ്പെട്ട ബസ് അഞ്ഞൂറടി താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞ് മപ്പത്തിയൊന്ന് പേര്‍ മരിക്കാനിടയായത് ഡ്രൈവര്‍, പിന്നിലുള്ള യാത്രക്കാരുടെ കളിതമാശകളിലേക്ക് തിരിഞ്ഞു നോക്കി, അശ്രദ്ധയോടെ ഡ്രൈവ് ചെയ്തതാണല്ലോ.

കൊച്ചിയില്‍ അഞ്ച് വയസ്സുള്ള ഒരു കുട്ടി അച്ഛനെയും അമ്മയെയും മറ്റും പിന്നിലിരുത്തി നഗരമധ്യത്തിലൂടെ സ്‌കൂട്ടറോഡിച്ചത് സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഫയര്‍ എഞ്ചിനെ കവച്ചുവെക്കുന്ന സ്പീഡില്‍ ചീറിപ്പായുന്ന സ്‌കൂള്‍ കുട്ടികളും കോളേജ് വിദ്യാര്‍ഥികളും നഗരങ്ങളിലെ നിത്യകാഴ്ചയാണ്. എത്ര തന്നെ കണ്ടാലും കൊണ്ടാലും പാഠമുള്‍ക്കൊള്ളാത്തവരാണല്ലോ നമ്മുടെ സമൂഹം. മക്കള്‍ നഷ്ടപ്പെട്ട എത്രയോ പിതാക്കള്‍, പിതാക്കള്‍ അപകടത്തില്‍ പെട്ട് മരിച്ചതിന്റെ പേരില്‍ അനാഥരായ എത്രയോ പിഞ്ചുകുട്ടികള്‍, ഭര്‍ത്താവ് വാഹനാപകടത്തില്‍ മരിച്ചുപോയ എത്രയോ വിധവകള്‍ തുടങ്ങിയുള്ള എത്രയെത്ര സംഭവങ്ങളാണ് നമ്മുടെ അയല്‍ വീടുകളിലും നാട്ടിലുമുള്ളത്. ഇതൊന്നും നമ്മുടെ കണ്ണ് തുറപ്പിക്കുന്നില്ല.

ഇത്തരം നിയമലംഘനങ്ങളെ അതിശക്തമായ നടപടികളിലൂടെ നിയന്ത്രിക്കുന്ന പക്ഷം ഒട്ടേറെ വിലപ്പെട്ട ജീവന്‍ നമുക്ക് രക്ഷപ്പെടുത്തിയെടുക്കാന്‍ കഴിയും. നിയമത്തെ വെല്ലുവിളിച്ചു കൊണ്ട് നഗരമധ്യത്തില്‍ കൂടി വിലസുന്നവരെ വല്ലപ്പോഴും മാത്രമെ നിയമപാലകര്‍ പിടികൂടുന്നുള്ളൂ. നിയമലംഘകര്‍ക്ക് ഇത് ആശ്വാസമായി മാറുകയാണ്. ശക്തമായ ബോധവത്കരണം നടത്തിയ ശേഷം മാത്രം ലൈസന്‍സ് നല്‍കുക, ലംഘിക്കുന്നവരെ നിര്‍ദാക്ഷിണ്യം പിടികൂടി പിഴ ചുമത്തുക, അത് കഴിഞ്ഞും ആവര്‍ത്തിക്കുന്നവരുടെ ലൈസന്‍സ് റദ്ദാക്കുക, മറ്റു നിയമ നടപടികള്‍ സ്വീകരിക്കുക ഇത് മാത്രമേ ഇതിനു പരിഹാരമുള്ളൂ. സദാ സമയവും ഇത് നിരീക്ഷിക്കാനും നടപടിയെടുക്കാനുമുള്ള സംവിധാനം അധികൃതര്‍ ഏര്‍പ്പെടുത്തുന്ന പക്ഷം പിഴയിനത്തില്‍ സര്‍ക്കാറിലേക്ക് നല്ലതുക സംഭരിക്കാനും നിയമം പാലിക്കുന്നതില്‍ ഡ്രൈവര്‍മാരെ ഉത്ബുദ്ധരാക്കാനും, അപകടങ്ങള്‍ കുറച്ചു കൊണ്ടുവരാനും നമുക്ക് സാധിക്കുക തന്നെ ചെയ്യും.

---- facebook comment plugin here -----

Latest