അകലെ മൗനംപോല്‍…

ഇനിയുമേറെ പാടാന്‍ ബാക്കിവെച്ചാണ് അനന്ത നിശ്ശബ്ദതയിലേക്ക് പ്രിയ ഗായകന്‍ ഉമ്പായി മടങ്ങിപ്പോയത്. സ്വന്തമായ പാതയില്‍ ഗസലിനെ ജനകീയമാക്കാനുള്ള ആത്മാര്‍ഥമായ ആഗ്രഹം ഒട്ടൊക്കെ സഫലീകരിച്ചുവെന്ന ചാരിതാര്‍ഥ്യത്തോടെയാണ് എന്നേക്കുമായുള്ള വിടവാങ്ങല്‍. ഗാനപ്രിയര്‍ക്കും ആസ്വാദകര്‍ക്കും സൗമ്യസുന്ദരമായ ഗസല്‍മാലകള്‍ കോര്‍ത്തു നല്‍കി തന്റെതായ ഒരു സാമ്രാജ്യം തന്നെ സൃഷ്ടിച്ച ശേഷമാണ് ഉമ്പായി മഹാ നിശ്ശബ്ദതയിലേക്കു പിന്‍വാങ്ങിയത്. ഹാര്‍മോണിയത്തിന്റെ കട്ടകളില്‍ ശ്രുതിയിട്ട് സ്‌നേഹസാന്ദ്രമായി ഉമ്പായി പാടുമ്പോള്‍ സദസ്സ് അതില്‍ ലയിച്ചൊഴുകുമായിരുന്നു. അലിവിന്റെ കുളിരലകളിളകുന്ന തടാകം പോലെ ഉമ്മ എന്നില്‍ കുടികൊള്ളുന്നതു കൊണ്ടാകാം എന്റെ സംഗീതം പലര്‍ക്കും സാന്ത്വനമാകുന്നതെന്ന് ആത്മകഥയായ രാഗം ഭൈരവിയില്‍ ഉമ്പായി പറഞ്ഞുവെക്കുന്നുണ്ട്.  
Posted on: August 9, 2018 1:27 pm | Last updated: August 9, 2018 at 1:27 pm
SHARE

സംഗീതത്തിന് ഒരു ‘ഭാഷയേയുള്ളൂ. സ്‌നേഹത്തിന്റെ ഭാഷ. ജീവിതത്തെ സംഗീതം പോലെ ആസ്വദിക്കാനാകുന്ന ഒരു കാലത്തെയാണ് അമ്മയുടെ രചയിതാവായ മാക്‌സിം ഗോര്‍ക്കി സ്വപ്‌നം കണ്ടത്. ഇത് വ്യക്തമായി തിരിച്ചറിഞ്ഞും ഉള്‍ക്കൊണ്ടും ഗസല്‍ എന്ന ഗാനശാഖയില്‍ തന്റെതായ ഇടം തീര്‍ത്ത ഭാവഗായകനാണ് സംഗീത പ്രേമികളെ വേദനയിലേക്കും വിരഹത്തിലേക്കുമാഴ്ത്തി വേര്‍പിരിഞ്ഞുപോയത്. അതെ….പി എ ഇബ്‌റാഹിം എന്ന ഉമ്പായിയെ പാട്ടിന്റെ ലോകം അത്രമേല്‍ സ്‌നേഹിച്ചിരുന്നു. ഗാനപ്രിയര്‍ക്കും ആസ്വാദകര്‍ക്കും സൗമ്യസുന്ദരമായ ഗസല്‍മാലകള്‍ കോര്‍ത്തു നല്‍കി തന്റെതായ ഒരു സാമ്രാജ്യം തന്നെ സൃഷ്ടിച്ച ശേഷമാണ് അദ്ദേഹം മഹാ നിശ്ശബ്ദതയിലേക്കു പിന്‍വാങ്ങിയത്. ഹാര്‍മോണിയത്തിന്റെ കട്ടകളില്‍ ശ്രുതിയിട്ട് സ്‌നേഹസാന്ദ്രമായി ഉമ്പായി പാടുമ്പോള്‍ സദസ്സ് അതില്‍ ലയിച്ചൊഴുകുമായിരുന്നു. അലിവിന്റെ കുളിരലകളിളകുന്ന തടാകം പോലെ ഉമ്മ എന്നില്‍ കുടികൊള്ളുന്നതു കൊണ്ടാകാം എന്റെ സംഗീതം പലര്‍ക്കും സാന്ത്വനമാകുന്നതെന്ന് ആത്മകഥയായ രാഗം ഭൈരവിയില്‍ ഉമ്പായി പറഞ്ഞുവെക്കുന്നുണ്ട്.

ഗസലിനെ വിട്ടുപിരിയാത്ത തോഴനാക്കി കൊണ്ടാണ് കഠിന യാതനകളിലും തെറ്റായ വഴികളിലും വീണുപോകുമായിരുന്നിടത്തു നിന്ന് ജീവിതത്തിന്റെ സൗന്ദര്യത്തിലേക്കും സ്‌നേഹത്തിലേക്കും നിഷ്‌കളങ്കതയിലേക്കും ഉമ്പായി തിരികെയണഞ്ഞത്. നിമിത്തമായതോ, ബോംബെയിലേക്കു വണ്ടി കയറി ഉസ്താദ് മുജാവര്‍ അലി ഖാനിന്റെ അരികെ തബല പഠിക്കാനെത്തിയ വേളയിലൊരു നാള്‍ വെറുതെ പാടിനോക്കിയ ഒരു പാട്ടും. (കണ്ണീരുപ്പു നിറഞ്ഞതാണെന്റെ ജീവിതപ്പാതകള്‍, എന്നെ മറന്നേക്കാന്‍ ആരെങ്കിലുമൊന്നു പറയുമോ അവളോട് -ആംസൂ ഭരി ഹേ യേ ജീവന്‍ കി രാഹേ, കോയി ഉന്‍സേ കഹ്‌ദേ ഹമേ ഭൂല്‍ ജായേ-….മുകേഷ് എന്ന ഗായക പ്രതിഭ വിഷാദസാന്ദ്രമായി ആലപിച്ച ഗാനം). പാട്ടുകാരന്‍ അറിയാതെ അത് കേട്ടുനിന്ന ഗുരു പാട്ട് അവസാനിച്ചയുടന്‍ ഹര്‍ഷബാഷ്പം തൂകിക്കൊണ്ടു മൊഴിഞ്ഞു- ഇതാണ് നിന്റെ വഴി. അവിടെ നിന്നാണ് ജൈത്രയാത്രയുടെ തുടക്കം. മലയാളം ഗസല്‍ ശാഖയുടെ പ്രചുര പ്രചാരത്തിന് വഴിവെട്ടിയ ഉമ്പായി ഒരുപാടുകാലം അതിന്റെ നെടുനായകത്വം വഹിച്ച് സജീവമായി നിലകൊണ്ടു. മലയാളത്തിലെ നിത്യഹരിത സിനിമാ ഗാനങ്ങളെ ഗസല്‍ രൂപത്തിലാക്കി വേറിട്ട ഭാവവും രൂപവും നല്‍കി സ്വതസിദ്ധമായ ശൈലിയില്‍ അവതരിപ്പിച്ചപ്പോള്‍ മലയാളി അതിനെ ഇരു കൈയും നീട്ടി സ്വീകരിച്ചു. പ്രശസ്തമായ ഉറുദു- ഹിന്ദി ഗസലുകളും ഇഴചേര്‍ത്തായിരുന്നു കണ്‍സേര്‍ട്ടുകള്‍. മനസ്സിനെ നിര്‍മലവും സ്‌നേഹനിര്‍ഭരവുമാക്കുന്ന, സാന്ത്വനപ്പെടുത്തുന്ന എന്തോ ഒരുതരം ഔഷധം ചാലിച്ചു ചേര്‍ത്താണ് പ്രണയത്തിന്റെയും വിരഹത്തിന്റെയും ജീവിത യാഥാര്‍ഥ്യങ്ങളുടെയും ഗീതങ്ങള്‍ ഉമ്പായി ആസ്വാദകനിലേക്കു പകര്‍ന്നത്. ഹൃദയം കൊണ്ടായിരുന്നു അദ്ദേഹം പാടിയത്. ജീവിതമായിരുന്നു അതില്‍ നിറഞ്ഞുനിന്നത്. ആത്മാര്‍ഥതയായിരുന്നു അതിലെ സംഗീതം. ഗസല്‍ പ്രേമികള്‍ ഹൃദയത്തിലേക്കത് നേരിട്ട് ഏറ്റുവാങ്ങുകയും ചെയ്തു. മഴനൂലുകള്‍ പോലെ കുളിരായി പെയ്തിറങ്ങിയ നാദധാര ശ്രോതാവിലേക്ക് നിലാവായി പരന്നൊഴുകി.

അഗാധ തലങ്ങളില്‍ നിന്ന് രാഗവിന്യാസങ്ങളുടെ ഉച്ചസ്ഥായിയിലേക്കു പ്രവേശിക്കുമ്പോള്‍ പോലും മുഖത്ത് അതിന്റെ യാതൊരു സങ്കോചവും പ്രതിഫലിച്ചിരുന്നില്ലെന്നതാണ് ഉമ്പായിയുടെ ഏറ്റവും വലിയ പ്രത്യേകതകളിലൊന്ന്. പി ജയചന്ദ്രനും എസ് ജാനകിയും മലയാള സംഗീതത്തിന് സമ്മാനിച്ച ഭാവഗരിമയിലേക്ക് ഉമ്പായിയെ ചേര്‍ത്തുവെക്കുന്നതും ഈയൊരു സവിശേഷതയാണ്. ഒ എന്‍ വി, സച്ചിദാനന്ദന്‍, യൂസഫലി കേച്ചേരി, പ്രദീപ് അഷ്ടമിച്ചിറ, വേണു വി ദേശം തുടങ്ങിയവരുടെ വരികള്‍ അര്‍ഥമൊട്ടും ചോര്‍ന്നു പോകാതെ ഗസലുകളാക്കുകയും തനതായ ശൈലിയിലും സ്വരശുദ്ധിയിലും ആലപിക്കുകയും ചെയ്തത് പാട്ടിന് മാത്രമല്ല കവിതക്കും പുതിയൊരു ജനകീയ മാനം നല്‍കി. ജീവിതത്തിന്റെ കയ്‌പ്പേറിയ യാഥാര്‍ഥ്യങ്ങള്‍ വെളിപ്പെടുത്തുന്ന സച്ചിദാനന്ദന്റെ കവിതാ ശകലങ്ങള്‍ക്ക് ഉമ്പായി മാധുര്യമൂറുന്ന ഗസലീണം നല്‍കി പാടിയത് വിസ്മയാവഹമാണ്. ഹാര്‍മോണിയത്തില്‍ വിരലോടിച്ചും ഓര്‍ക്കസ്ട്രയെ പ്രചോദിപ്പിച്ചും സ്വയം ആസ്വദിച്ചുമുള്ള അദ്ദേഹത്തിന്റെ ഭാവഹാദികള്‍ ഗാനപ്രിയരെ തെല്ലൊന്നുമല്ല, രസിപ്പിച്ചതും കോള്‍മയിര്‍ കൊള്ളിച്ചതും. ഗാനാവതരണത്തിന്റെ വ്യത്യസ്തവും സുന്ദരവുമായ ഒരു തലം കൂടി ഉമ്പായി ഇതിലൂടെ പ്രദാനം ചെയ്തു.

ഇനിയുമേറെ പാടാന്‍ ബാക്കിവെച്ചാണ് അനന്ത നിശ്ശബ്ദതയിലേക്ക് പ്രിയ ഗായകന്‍ മടങ്ങിപ്പോയത്. സ്വന്തമായ പാതയില്‍ ഗസലിനെ ജനകീയമാക്കാനുള്ള ആത്മാര്‍ഥമായ ആഗ്രഹം ഒട്ടൊക്കെ സഫലീകരിച്ചുവെന്ന ചാരിതാര്‍ഥ്യത്തോടെയാണ് എന്നേക്കുമായുള്ള വിടവാങ്ങല്‍. ഹസ്രത് ജയ്പുരി ചിട്ടപ്പെടുത്തിയ ഉറുദു ഗസലുകളുടെ ‘ആദാബ് ല്‍ തുടങ്ങി ഒ എന്‍ വി രചന നിര്‍വഹിച്ച പാടുക സൈഗാള്‍ പാടൂ, സച്ചിതാനന്ദന്റെ അകലെ മൗനം പോല്‍, ഗസല്‍മാല (യൂസഫലി കേച്ചേരി), പ്രണാമം (വേണു വി ദേശം), ഓര്‍മകളില്‍ മെഹബൂബ്, ഫിര്‍ വഹി ശ്യാം, മധുരമീ ഗാനം, ഒരു മുഖം മാത്രം, ഹൃദയരാഗം എന്നിങ്ങനെ നിരവധി ആല്‍ബങ്ങള്‍ ഇതിനിടയില്‍ പിറന്നു. വീണ്ടും പാടാം സഖീ, കാണുക നമ്മളീ ഭൂമിയെ, ഗാനപ്രിയരേ ആസ്വാദകരേ, ഒരു ഞരമ്പിപ്പോഴും പച്ചയായുണ്ടെന്നൊരില തന്റെ ചില്ലയോടോതി, എന്തിനോ കൊട്ടിയടക്കുന്നു, നിലാവേ കണ്ടുവോ നീ, ഞാനറിയാതെന്‍ കരള്‍ കവര്‍ന്നോടിയ, ഹൃദയമുരുകി നീ കരയില്ലെങ്കില്‍, പറയൂ ഞാനെങ്ങനെ പറയേണ്ടൂ, അര്‍ധനിശയില്‍ സൂര്യനെ പോലെ, കല്ലല്ല മരമല്ല കാരിരുമ്പല്ല, ഒരു നിളാ തീരത്ത് ഒരുങ്ങിവന്നെത്തുന്ന, പിരിയുവാന്‍ നേരത്ത് കാണുവാനാശിച്ച…..ഹാ! എത്രയെത്ര തേനൂറും ഗീതങ്ങള്‍. അര്‍ബുദത്തിന്റെ കരാളത ആ ആര്‍ദ്രഗായകനെ വിഴുങ്ങിയെങ്കിലും അദ്ദേഹം സംഭാവന ചെയ്ത അനുഭൂതിദായകങ്ങളായ ഈണങ്ങളും ശുദ്ധ സംഗീതവും ആലാപനത്തിലെ വ്യതിരിക്തതയും ആസ്വാദകരെ നിര്‍വൃതിയിലാഴ്ത്തി ഒഴുകിക്കൊണ്ടേയിരിക്കും. അകലെ നിത്യശാന്തതയില്‍ മൗനമായിരിക്കുമ്പോഴും പാടുക, ഉമ്പായി പാടൂ…..സ്‌നേഹഗീതങ്ങള്‍ പാടിപ്പാടി ഒരു ജനതയെ ഇനിയുമിനിയുമുണര്‍ത്തൂ…..
.

LEAVE A REPLY

Please enter your comment!
Please enter your name here