മാനുഷിക മൂല്യങ്ങളെ ജീവനോടെ കുഴിച്ചുമൂടുന്ന കാലം

കേരളം നേടിയെടുത്ത പ്രബുദ്ധമായ മൂല്യങ്ങളൊക്കെയും ബലികഴിക്കപ്പെടുകയാണെന്ന സന്ദേഹമുണര്‍ത്തുന്ന സംഭവമാണ് തൊടുപുഴ കമ്പകക്കാനത്ത് നടന്നത്. കേരളത്തിന്റെ അതിര്‍ത്തിക്കപ്പുറത്തെ മംഗളൂരുവില്‍ മന്ത്രവാദത്തിനു വേണ്ടി കുഞ്ഞുങ്ങളെ ബലി കൊടുക്കുന്ന ക്രൂരതകള്‍ ഇന്നും തുടരുന്നു. തലയറ്റ നിലയില്‍ പിഞ്ചുകുഞ്ഞിന്റെ മൃതദേഹം മംഗളൂരുവിനടുത്ത ഒരു വയലില്‍ വലിച്ചെറിഞ്ഞ കേസില്‍ മന്ത്രവാദിയടക്കമുള്ള സംഘം പിടിയിലായത് അടുത്തിടെയാണ്. മന്ത്രവാദപൂജകളുടെ മറപറ്റി സ്ത്രീകളെയും കുട്ടികളെയും ലൈംഗികചൂഷണത്തിന് വിധേയരാക്കുന്ന പ്രവണതയും സാര്‍വത്രികമാകുന്നു. ദുരാചാരങ്ങളുടെ പേരില്‍ പിഞ്ചുകുഞ്ഞുങ്ങളെ പോലും കുരുതികൊടുക്കുന്ന സംഭവങ്ങള്‍ അയല്‍സംസ്ഥാനങ്ങളില്‍ സാധാരണമാണ്. അത്രത്തോളം ഭീകരമായ സ്ഥിതിവിശേഷം കേരളത്തില്‍ ഇല്ലെങ്കില്‍ കൂടി താമസിയാതെ അങ്ങനെയൊരവസ്ഥ വിദൂരമല്ലെന്ന് ഓര്‍മപ്പെടുത്തുന്നതാണ് കമ്പകക്കാനം സംഭവം.
Posted on: August 8, 2018 10:54 pm | Last updated: August 8, 2018 at 11:02 pm
SHARE

കേരളം ഇതുവരെ നേടിയെടുത്ത പ്രബുദ്ധമായ മൂല്യങ്ങളൊക്കെയും ബലികഴിക്കപ്പെടുകയാണെന്ന സന്ദേഹമുണര്‍ത്തുന്ന സംഭവമാണ് ഇടുക്കി ജില്ലയിലെ തൊടുപുഴ കമ്പകക്കാനത്ത് നടന്നിരിക്കുന്നത്. സാംസ്‌കാരികമായും വിദ്യാഭ്യാസപരമായും സാങ്കേതികമായും നമ്മുടെ നാട് വന്‍ പുരോഗതി കൈവരിച്ചുവെന്ന മലയാളികളുടെ അഭിമാനബോധത്തിലേക്ക് അശനിപാതമായി വന്നുഭവിച്ച ദുരന്തം. കര്‍ണാടകയിലും തമിഴ്‌നാട്ടിലും ഉത്തര്‍പ്രദേശിലും ഹരിയാനയിലും മാത്രമല്ല വിവേകശാലികളും വിദ്യാസമ്പന്നരും ഏറെയുള്ള കേരളത്തിലും ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന ആശങ്ക നല്‍കുന്ന കമ്പകക്കാനം കൂട്ടക്കൊലപാതകം അന്ധവിശ്വാസങ്ങള്‍ക്കകത്ത് മറച്ചുവെക്കപ്പെടുന്ന ഉപജാപങ്ങളുടെ സ്‌ഫോടനാത്മകമായ പരിണിതഫലം മാത്രമാണ്. കമ്പകക്കാനം ഇനിയും ആവര്‍ത്തിച്ചേക്കാമെന്ന നിശബ്ദ മുന്നറിയിപ്പും അതിലടങ്ങിയിട്ടുണ്ട്. കാരണം കേരളം ക്രിമനലുകളായ ദുര്‍മന്ത്രവാദികളെക്കൊണ്ടും കപടസിദ്ധന്‍മാരെക്കൊണ്ടും അത്രമേല്‍ നിറഞ്ഞിരിക്കുന്നു.

മന്ത്രവാദത്തിന് അടിമപ്പെട്ടുപോയ ഒരു ഗൃഹനാഥന്റെ ദുര്‍ബലമായ മാനസികാവസ്ഥക്ക് നല്‍കേണ്ടിവരുന്ന വില ഇത്രയും ഭീകരമായിരിക്കുമെന്ന് ആ കുടുംബം കരുതിക്കാണില്ല. കുരുതികൊടുക്കപ്പെട്ടത് ആ ഗൃഹനാഥന്‍ മാത്രമായിരുന്നില്ല. നിസ്സഹായരും നിരപരാധികളുമായ ഭാര്യയും മകനും മകളും കൂടിയായിരുന്നു. മന്ത്രവാദത്തിന്റെ മറവില്‍ സാമ്പത്തികചൂഷണം നടത്തിവരികയായിരുന്ന സംഘം ആ കുടുംബത്തെ ക്രൂരമായി കൊന്ന് കുഴിച്ചുമൂടുകയായിരുന്നു. പാതിജീവനോടെയാണ് അവര്‍ കുഴിച്ചുമൂടപ്പെട്ടതെന്നത് കൊടും ക്രൂരതയുടെ ആഴം വ്യക്തമാക്കുന്നു. പണത്തിനു വേണ്ടിയാണ് ആഭിചാരസംഘം ഈ നീചകൃത്യം ചെയ്തതെന്നാണ് പോലീസ് അന്വേഷണത്തില്‍ വ്യക്തമായത്. കൊല്ലപ്പെട്ട കുടുംബത്തിലെ സ്ത്രീകള്‍ മാനഭംഗത്തിനിരയായെന്ന പുതിയ വിവരവും പുറത്തുവന്നിട്ടുണ്ട്.

ഈ കൂട്ടക്കൊലപാതകത്തോടെയാണ് നാളിതുവരെ പുറംലോകം അറിയാതിരുന്ന ദുര്‍മന്ത്രവാദത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ഓരോന്നായി പുറത്തുവന്നത്. അതേ സമയം നിയമത്തിന്റെയും അധികാരകേന്ദ്രങ്ങളുടെയും ശ്രദ്ധയില്‍പ്പെടാതെ ഇതുപോലെ എത്രയെത്ര ക്രിമിനല്‍ സംഘങ്ങളും അതോടനുബന്ധിച്ചുള്ള തട്ടിപ്പുകളും അരങ്ങേറുന്നുണ്ടായിരിക്കണം. ഈ തരത്തിലുള്ള ചൂഷണങ്ങള്‍ക്കും പീഡനങ്ങള്‍ക്കും ഇരകളായി നിരവധി പേരാണ് കേരളത്തില്‍ മരണപ്പെട്ടത്. ആത്മഹത്യ ചെയ്തവരും കുറവല്ല. എന്നിട്ടും കൂടോത്രക്കാരും വ്യാജസിദ്ധന്‍മാരും സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും സൈ്വരവിഹാരം നടത്തുന്നു. വാടകവീടുകളിലും ക്വാര്‍ട്ടേഴ്‌സുകളിലും താമസിച്ച് അനധികൃതചികിത്സകളും മറ്റ് തട്ടിപ്പുകളും നടത്തുന്ന സംഘങ്ങള്‍ക്ക് നിഗൂഡമായ ആത്മീയപരിവേഷങ്ങളുണ്ട്. എന്തിനും ദുര്‍മന്ത്രവാദികളെയും വ്യാജസിദ്ധന്‍മാരെയും കാണുന്ന കുടുംബങ്ങള്‍ ഏറെയുണ്ട്. ഇടുക്കിക്കു പുറമെ കാസര്‍കോട്, കൊല്ലം, പത്തനംതിട്ട, പാലക്കാട്, തിരുവനന്തപുരം ജില്ലകളിലെ അതിര്‍ത്തിപ്രദേശങ്ങളില്‍ ഇത്തരം ആഭിചാരക്രിയകള്‍ ഇപ്പോഴും സജീവമാണ്. ഇതിനുപുറമെ വിശ്വാസികളെ കെണിയില്‍ വീഴ്ത്തി പണം സമ്പാദിക്കുന്ന ആള്‍ദൈവങ്ങളുടെ എണ്ണവും പെരുകിവരികയാണ്. ശത്രുക്കളെ ഇല്ലായ്മ ചെയ്യാനും കുടുംബത്തിന് ഐശ്വര്യം വരാനും ധനം സ്വരൂപിക്കാനുമൊക്കെ പല തരത്തിലുള്ള നിഗൂഢ ക്രിയകള്‍ക്ക് വശംവദരാക്കി അന്ധവിശ്വാസികളില്‍ നിന്ന് വന്‍ തോതില്‍ പണം പിടുങ്ങുന്ന സംഘങ്ങള്‍ നിയമത്തെ ഭയക്കാതെയാണ് തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ തുടരുന്നത്.

കുടുംബങ്ങളുടെയും വ്യക്തികളുടെയും ജീവിതത്തെ അപകടത്തിലാക്കുന്നതും ജീവഹാനി വരുത്തുന്നതുമായ പ്രവചനങ്ങള്‍ നടത്തി സാമൂഹികദ്രാഹികളായി മാറുന്നവര്‍ ജ്യോതിഷികളുടെ കൂട്ടത്തിലുമുണ്ട്. ആത്മഹത്യക്ക് പ്രേരിപ്പിക്കുന്നവരും കൊലപാതകത്തിന് നിര്‍ദേശിക്കുന്നവരും ഇത്തരക്കാരിലുണ്ട്. പലപ്പോഴും ഈ നിര്‍ദേശങ്ങള്‍ പുറത്തറിയാത്തത് കൊണ്ട് ഇത്തരക്കാര്‍ നിയമനടപടികളില്‍ നിന്ന് രക്ഷപ്പെടുന്നു.

ഓരോ രൂപത്തിലുള്ള തകിടുകളും യന്ത്രങ്ങളും വില്‍പ്പന നടത്തി പണം തട്ടുന്ന സംഘങ്ങള്‍ വേറെയും. ഇതിന്റെയൊക്കെ പ്രചാരണങ്ങള്‍ക്കായി മാധ്യമങ്ങളെയും ഉപയോഗിക്കുന്നു. ദിവ്യശക്തിയുണ്ടെന്ന അവകാശവാദങ്ങളോടെയുള്ള യന്ത്രങ്ങളുടെയും മോതിരങ്ങളുടെയും പരസ്യങ്ങളില്‍ വീഴുന്ന പ്രബുദ്ധമലയാളികളുടെ കണക്ക് എണ്ണിയാല്‍ തീരില്ല. രാഷ്ട്രീയനേതാക്കളും സിനിമാ താരങ്ങളും വ്യവസായികളും ബിസിനസുകാരുമടക്കം സമൂഹത്തില്‍ ഉന്നതര്‍ വരെ അപകടകരമായ അന്ധവിശ്വാസങ്ങളുടെ അകമ്പടിയുള്ള ഉത്പന്നങ്ങളിലും പ്രവചനങ്ങളിലും വിശ്വസിക്കുകയും അടിമകളെ പോലെ തട്ടിപ്പുകാരെ അനുസരിക്കുകയും ചെയ്യുന്നു.

കവര്‍ച്ചക്കാര്‍ക്കും ക്രിമനലുകള്‍ക്കുമെല്ലാം ആഭിചാര ക്രിയകള്‍ നടത്തുന്നവര്‍ വേണ്ടപ്പെട്ടവരാണ്. കേരളത്തിന്റെ അതിര്‍ത്തിക്കപ്പുറത്തെ മംഗളൂരുവില്‍ മന്ത്രവാദത്തിനു വേണ്ടി കുഞ്ഞുങ്ങളെ ബലി കൊടുക്കുന്ന ക്രൂരതകള്‍ ഇന്നും തുടരുന്നു. തലയറ്റ നിലയില്‍ പിഞ്ചുകുഞ്ഞിന്റെ മൃതദേഹം മംഗളൂരുവിനടുത്ത ഒരു വയലില്‍ വലിച്ചെറിഞ്ഞ കേസില്‍ മന്ത്രവാദിയടക്കമുള്ള സംഘം പിടിയിലായത് അടുത്തിടെയാണ്. ദുരാചാരങ്ങളുടെ പേരിലുള്ള പൂജകള്‍ക്കായി കുഞ്ഞുങ്ങളെ തട്ടിക്കൊണ്ടുപോയി കൊന്നുതള്ളുന്നു. പ്രാകൃതകാലത്തെ അനുസ്മരിപ്പിക്കുന്ന ഇത്തരം കുരുതികള്‍ക്ക് ഫലപ്രദമായ നടപടികള്‍ ഉണ്ടാകുന്നേയില്ല. മന്ത്രവാദപൂജകളുടെ മറപറ്റി സ്ത്രീകളെയും കുട്ടികളെയും ലൈംഗികചൂഷണത്തിന് വിധേയരാക്കുന്ന പ്രവണതയും സാര്‍വത്രികമാകുന്നു. സിനിമാ താരങ്ങള്‍ മുതല്‍ സീരിയല്‍ രംഗത്തെ പുതുമുഖങ്ങള്‍ വരെ ഇവിടെ ഇരകളും മാഫിയയിലെ അംഗങ്ങളുമായി തീരുന്നുണ്ട്. നഗ്നപൂജയും സമാനമായ വൈകൃതങ്ങളും കേരളത്തില്‍ തന്നെ അരങ്ങേറുന്നതായി മുമ്പ് വാര്‍ത്തകളുണ്ടായിരുന്നല്ലോ.

ഉപരിവര്‍ഗ മലയാളി മനസ്സ് ജാതിമത രാഷ്ട്രീയഅധികാര താത്പര്യങ്ങള്‍ക്കനുസരിച്ചുള്ള വിവാദങ്ങളില്‍ അഭിരമിക്കുന്ന കാലഘട്ടമാണിത്. ഇതിനിടയില്‍ നമ്മുടെ നാടിന്റെ പല ഭാഗങ്ങളിലും ബോധപൂര്‍വമോ അല്ലാതെയോ കണ്ടില്ലെന്ന് നടിക്കുന്ന വിപത്കരമായ ചില ആചാരക്രിയകള്‍ സംഹാരാത്മകമായ പ്രത്യാഘാതങ്ങളും പ്രതിപ്രവര്‍ത്തനങ്ങളും നടത്തിക്കൊണ്ടിരിക്കുന്നു. സമൂഹത്തിന്റെ ഏറ്റവും അടിത്തട്ടില്‍ രൂപപ്പെട്ടുകൊണ്ടിരിക്കുന്ന ഗൂഢസങ്കേതങ്ങളില്‍ പരിഷ്‌കൃതസമൂഹത്തിന് ഒട്ടും അനുയോജ്യമല്ലാത്ത ദുര്‍മന്ത്രവാദങ്ങളും ആഭിചാരക്രിയകളും കൂടോത്രങ്ങളും നടക്കുന്നത് അധികമാരും അറിയാതെ പോകുകയാണ്. മന്ത്രവാദികളും വ്യാജസിദ്ധന്‍മാരും സാത്താന്‍ സേവക്കാരും തങ്ങളുടെ സ്വാധീനം ഉറപ്പിക്കുന്നത് അന്ധവിശ്വാസികള്‍ നിറഞ്ഞ സമൂഹത്തിലാണ്. അജ്ഞരും നിരക്ഷരരുമായ ആളുകളുടെ മാനസികാവസ്ഥയെ എളുപ്പത്തില്‍ ചൂഷണം ചെയ്യാന്‍ ഇവര്‍ക്കു സാധിക്കും. എന്നാല്‍ വിദ്യാസമ്പന്നര്‍ പോലും കടുത്ത അന്ധവിശ്വാസികളായി മാറുന്ന ഇക്കാലത്ത് ആരും മന്ത്രതന്ത്രസിദ്ധികള്‍ അവകാശപ്പെട്ട് രംഗത്തുവരുന്ന തട്ടിപ്പുവേഷധാരികളുടെ കെണിയില്‍ അകപ്പെട്ടുപോകുമെന്നതാണ് യാഥാര്‍ഥ്യം. സാത്താന്‍സേവ നടത്തിയ ഒരു യുവാവ് തന്റെ മാതാപിതാക്കളെയും സഹോദരങ്ങളെയും കൂട്ടക്കൊല ചെയ്തതും സമീപകാലത്താണ്. ഒരു വ്യക്തിയുടെ സാമാന്യബോധത്തെയും മാനസികാരോഗ്യത്തെയും പ്രജ്ഞയെയും തിരിച്ചറിവിനെയും വിവേകത്തെയും നശിപ്പിക്കുന്ന വിനാശകാരികളാണ് ദുര്‍മന്ത്രവാദവും മറ്റ് ആഭിചാരപ്രയോഗങ്ങളും. മനുഷ്യത്വത്തിനു തീര്‍ത്തും വിരുദ്ധമായ ഇത്തരം ദുരാചാരങ്ങളുടെ പേരില്‍ പിഞ്ചുകുഞ്ഞുങ്ങളെ പോലും കുരുതികൊടുക്കുന്ന സംഭവങ്ങള്‍ നമ്മുടെ അയല്‍സംസ്ഥാനങ്ങളില്‍ സാധാരണമാണ്. അത്രത്തോളം ഭീകരമായ സ്ഥിതിവിശേഷം കേരളത്തില്‍ ഇല്ലെങ്കില്‍ കൂടിയും താമസിയാതെ അങ്ങനെയൊരവസ്ഥ വിദൂരമല്ലെന്ന് ഓര്‍മപ്പെടുത്തുന്ന ദുരന്തമാണ് കമ്പകക്കാനം സംഭവം. നവോത്ഥാനത്തിന്റെ വെളിച്ചത്തിലേക്ക് കേരളം പടിപടിയായെങ്കിലും എത്തിപ്പെട്ടുവെന്ന് അഭിമാനിക്കാനാകാത്ത വിധം വീണ്ടും അനാചാരത്തിന്റെ ഇരുണ്ട ലോകത്തേക്ക് നാട് പിറകോട്ടുപോകുകയാണെങ്കില്‍ അധികാരികളും പൊതുസമൂഹം ജാഗ്രത പാലിക്കണം. ബോധവത്കരണത്തിനുപുറമെ നിയമപരമായ കര്‍ശനനടപടികളും ഇക്കാര്യത്തില്‍ അനിവാര്യമായിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here