Connect with us

Gulf

കരിപ്പൂരില്‍ നിന്ന് ഇനി വലിയ വിമാനങ്ങളും; പ്രതിഷേധം ലക്ഷ്യം കണ്ടതില്‍ പ്രവാസികള്‍ക്ക് ആഹ്ലാദം

Published

|

Last Updated

ജിദ്ദ/റിയാദ്: പ്രതിഷേധങ്ങള്‍ക്ക് വിരാമം. ഇനിവലിയ വിമാനങ്ങള്‍ക്ക് കരിപ്പൂരില്‍ നിന്നും നേരിട്ട് പറക്കാം. വലിയ വിമാനങ്ങള്‍ക്ക് നേരിട്ട് സര്‍വീസ് നടത്തുന്നതിന് വിമാനത്താവള അതോറിറ്റി ഡിജിസിഎക്ക് സമര്‍പ്പിച്ച അപേക്ഷ സ്വീകരിച്ച് സഊദി എയര്‍ലൈന്‍സിന് അനുമതി നല്‍കി.

നീണ്ട പോരാട്ടങ്ങള്‍ക്ക് ശേഷമാണ് കോഡ് ഇ വിഭാഗത്തില്‍പ്പെട്ട വിമാനങ്ങള്‍ കരിപ്പൂരില്‍ ഇറങ്ങാന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അനുമതി നല്‍കിയത്. നിരവധി തവണ രാഷ്ട്രീയകക്ഷികളും നേതാക്കളും അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയെങ്കിലും തുടര്‍ നടപടികള്‍ നീണ്ടു പോവുകയായിരുന്നു. ഇതിനിടയില്‍ കോഴിക്കോട് കേന്ദ്രമായി പ്രവാസികളുടെ നേതൃത്വത്തില്‍ മലബാര്‍ ഡവലപ്‌മെന്റ് ഫോറം നിലവില്‍ വരികയും നിരവധി പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തിരുന്നു. തുടര്‍ന്ന് കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ ഇറങ്ങുന്നതിനുള്ള അനുമതി നല്‍കാതെ നീട്ടി കൊണ്ടുപോവുന്നത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സി.ബി.ഐ കേസ് ഫയലില്‍ സ്വീകരിച്ചതോടെയാണ് പുതിയ തീരുമാനം വരുന്നത്. ഇതിനിടെ ജിദ്ദ, റിയാദ്, ദമ്മാം എന്നിവിടങ്ങളില്‍ പ്രവാസികളെ സംഘടിപ്പിച്ച് പ്രധിഷേധ കൂട്ടായ്മകളും നടന്നിരുന്നു. ഉംറ, ഹജ്ജ് തീര്‍ത്ഥാടനത്തിന് ഇന്ത്യയില്‍ നിന്നും ഏറ്റവും കൂടുതല്‍ പേര്‍ യാത്രക്കായി കരിപ്പൂരിനെയാണ് ആശ്രയിക്കുന്നത്, പ്രതിവര്‍ഷം ഒരു ലക്ഷത്തിലധികം ഉംറ തീര്‍ത്ഥാടകരാണ് ഇത് വഴി യാത്ര ചെയ്യുന്നത്. ഇന്ത്യയില്‍ തന്നെ വളരെ ലാഭകരമായി പ്രവര്‍ത്തിക്കുന്ന വിമാനത്താവളങ്ങളില്‍ ആറാം സ്ഥാനത്തായിരുന്നു കരിപ്പൂര്‍.

ഇന്ത്യന്‍ ചരിത്രത്തില്‍ ആദ്യമായിരിക്കും ഒരു അന്താരാഷ്ട്ര വിമാനത്താവളം നീണ്ട മൂന്ന് വര്‍ഷകാലം റണ്‍വേ റീകാര്‍പെറ്റിംഗിനും അറ്റകുറ്റപ്പണികള്‍ക്കുമായി മൂന്ന് വര്‍ഷത്തേക്ക് വലിയ വിമാനങ്ങളുടെ സര്‍വീസ് നിര്‍ത്തിയത്. തുടര്‍ന്ന് വലിയ വിമാന സര്‍വീസുകള്‍ നടത്തിയിരുന്ന സഊദി, എമിറേറ്റ്‌സ് എയര്‍ലൈന്‍സ് തുടങ്ങിയവ പിന്‍വാങ്ങിയതോടെ
പ്രവാസികള്‍ക്ക് വലിയ തിരിച്ചടിയായി. ഇതേ തുടര്‍ന്ന് വര്‍ഷങ്ങളായി നടന്നു വന്നിരുന്ന കരിപ്പൂരിലെ ഹജ്ജ് ക്യാമ്പ് നെടുമ്പാശ്ശേരിയിലേക്ക് മാറ്റിയിരുന്നു. അധികൃതരുടെ അവഗണന മൂലം കരിപ്പൂരിന്റെ പ്രതാപത്തിന്് മങ്ങലേറ്റതോടെ നിരവധി കുടുംബങ്ങളുടെ ഉപജീവന മാര്‍ഗവും മുടങ്ങി . വിദേശ രാജ്യങ്ങളിലേക്കുള്ള കയറ്റുമതിയെയും നാമമാത്രമായി. റണ്‍വേ റീ കാര്‍പെറ്റിംഗ് വര്‍ക്കുകള്‍ പൂര്‍ത്തിയായെങ്കിലും സാങ്കേതിക തടസ്സങ്ങള്‍ നിരത്തിയതാണ് വലിയ വിമാനങ്ങളുടെ സര്‍വീസ് പുനഃസ്ഥാപിക്കാന്‍ വൈകിയത്. ഏതായാലും സഊദിയില്‍ നിന്നുയര്‍ന്ന ശക്തമായ എതിര്‍പ്പും പ്രതിഷേധവും ലക്ഷ്യം കണ്ട സന്തോഷത്തിലാണ് സഊദിയിലെ മലയാളി സമൂഹവും, ഹജ്ജ,് ഉംറ തീര്‍ത്ഥാടകരും.

സിറാജ് പ്രതിനിധി, ദമാം